ഇലക്ട്രൽ ട്രസ്റ്റ്: 76.17 ശതമാനവും ലഭിച്ചത് ബിജെപിക്ക്
ജെഎസ്ഡബ്ല്യു, അപ്പോളോ ടയേഴ്സ്, ഇന്ത്യ ബുൾസ്, ഡൽഹി അന്താരാഷ്ട്ര വിമാനത്താവളം, ഡിഎൽഎഫ് ഗ്രൂപ്പ് എന്നിവയാണ് പ്രധാനമായും സംഭാവനകൾ നൽകിയത്.
ന്യൂഡൽഹി: ഇലക്ട്രൽ ട്രസ്റ്റിലൂടെ രാഷ്ട്രീയ പാർട്ടികളുടെ തിരഞ്ഞെടുപ്പ് ഫണ്ടിലേക്കു വന്ന സംഭാവനകളിൽ 76.17 ശതമാനവും ലഭിച്ചത് ബിജെപിക്ക്. 2019–20 വർഷത്തിൽ 276 കോടി രൂപയാണ് ബിജെപിക്ക് സംഭാവനയായി ലഭിച്ചതെന്ന് അസോസിയേഷൻ ഓഫ് ഡെമോക്രാറ്റിക് റിഫോംസ് (എഡിആർ) പുറത്തുവിട്ട റിപോർട്ടിൽ പറയുന്നു. തൊട്ടു പിറകിലുള്ള കോൺഗ്രസിന് 58 കോടിയാണ് ലഭിച്ചത്. മുഴുവൻ രാഷ്ട്രീയ പാർട്ടികൾക്കും ലഭിച്ച സംഭാവനയുടെ 15.98 ശതമാനമാണിത്.
ജെഎസ്ഡബ്ല്യു, അപ്പോളോ ടയേഴ്സ്, ഇന്ത്യ ബുൾസ്, ഡൽഹി അന്താരാഷ്ട്ര വിമാനത്താവളം, ഡിഎൽഎഫ് ഗ്രൂപ്പ് എന്നിവയാണ് പ്രധാനമായും സംഭാവനകൾ നൽകിയത്. ഏറ്റവും കൂടുതൽ സംഭാവന നൽകിയത് ജെഎസ്ഡബ്ല്യു സ്റ്റീൽ ലിമിറ്റഡ് ആണ് 39.10 കോടി. അപ്പോളോ ടയേഴ്സ് 30 കോടി, ഇന്ത്യബുൾസ് ഇൻഫ്രഎസ്റ്റേറ്റ് ലിമിറ്റഡ് 25 കോടി എന്നിങ്ങനെയാണ് വിവിധ പാർട്ടികൾക്കായി നൽകിയ സംഭാവനയുടെ കണക്ക്. 18 വ്യക്തികളാണ് ഇലക്ട്രൽ ട്രസ്റ്റിലേക്ക് സംഭാവന നൽകിയത്. പത്ത് വ്യക്തികൾ പ്രുഡന്റ് ഇലക്ട്രൽ ട്രസ്റ്റിന് 2.87 കോടി രൂപയുടെ സംഭാവന നൽകി. അഞ്ച് പേർ സ്മോൾ ഡൊനേഷൻ ഇലക്ട്രൽ ട്രസ്റ്റിലേക്കും (5.50 ലക്ഷം) നാലുപേർ സ്വദേശി ഇലക്ട്രൽ ട്രസ്റ്റി (ഒരു ലക്ഷം)ലേക്കും സംഭാവന നൽകി.
ആംആദ്മി, ശിവസേന, യുവജൻ ജാഗ്രിതി പാർട്ടി, ജെജെപി, ജെഡിയു, ജെഎംഎം, എൽജെപി, എസ്എഡി, ഐഎൻഎൽഡി, ജെകെഎൻസി, ആർഎൽഡി എന്നിവയ്ക്ക് 25.46 കോടിയാണ് സംഭാവനയായി ലഭിച്ചത്. കമ്പനി നിയമത്തിലെ 25-ാം വകുപ്പനുസരിച്ചു രൂപംകൊണ്ട ലാഭരഹിത കമ്പനികളാണ് ഇലക്ട്രൽ ട്രസ്റ്റുകൾ. ഇന്ത്യയിലാകെ ഇത്തരത്തിൽ 21 ട്രസ്റ്റുകളുണ്ട്. വ്യക്തികളിൽ നിന്നും കമ്പനികളിൽ നിന്നും പണം സ്വീകരിച്ച് നികുതിയില്ലാതെ പാർട്ടികൾക്കു കൈമാറുന്നതാണു രീതി.