ഒളിപ്പിച്ചുവച്ച ഹൈന്ദവ വിഗ്രഹങ്ങള്‍ കണ്ടെത്താന്‍ താജ്മഹലിലെ പൂട്ടിയിട്ട 20 മുറികള്‍ തുറക്കണം; ഹരജിയുമായി ബിജെപി നേതാവ് ഹൈക്കോടതിയില്‍

ഈ മുറികള്‍ പരിശോധിക്കുന്നതിനും അവിടെയുള്ള ഹൈന്ദവ വിഗ്രഹങ്ങളുമായോ ഗ്രന്ഥങ്ങളുമായോ ബന്ധപ്പെട്ട തെളിവുകള്‍ കണ്ടെത്തുന്നതിനും സംസ്ഥാന സര്‍ക്കാര്‍ ഒരു കമ്മിറ്റി രൂപീകരിക്കണമെന്നും ഹരജിയില്‍ ആവശ്യപ്പെട്ടു.

Update: 2022-05-08 11:03 GMT

ലഖ്‌നൗ: ലോകാത്ഭുതങ്ങളിലൊന്നായ ആഗ്രയിലെ താജ്മഹലില്‍ ഹൈന്ദവ വിഗ്രഹങ്ങളും ലിഖിതങ്ങളും ഒളിപ്പിച്ചിട്ടുണ്ടോയെന്ന് കണ്ടെത്തുന്നതിന് അടച്ചിട്ട 20 മുറികള്‍ തുറക്കാന്‍ ആര്‍ക്കിയോളജിക്കല്‍ സര്‍വേ ഓഫ് ഇന്ത്യയ്ക്ക് (എഎസ്‌ഐ) നിര്‍ദ്ദേശം നല്‍കണമെന്ന് ആവശ്യപ്പെട്ട്

ബിജെപി നേതാവ് ഹൈക്കോടതിയെ സമീപിച്ചു. അലഹബാദ് ഹൈക്കോടതിയിലെ ലഖ്‌നൗ ബെഞ്ചിന് മുമ്പാകെയാണ് ഹരജി സമര്‍പ്പിച്ചത്.

അയോധ്യ ജില്ലയിലെ ബിജെപി മീഡിയ ഇന്‍ചാര്‍ജ് ഡോ. രജനീഷാണ് ഹര്‍ജി സമര്‍പ്പിച്ചത്. കേസ് കോടതിയില്‍ വാദം കേള്‍ക്കുന്നതിനായി ലിസ്റ്റുചെയ്തുകഴിഞ്ഞാല്‍ അഭിഭാഷകനായ രുദ്ര വിക്രം സിംഗ് കോടതിയില്‍ ഹാജരാകുമെന്ന് ഹിന്ദുസ്ഥാന്‍ ടൈംസ് റിപ്പോര്‍ട്ട് ചെയ്തു. ഈ മുറികള്‍ പരിശോധിക്കുന്നതിനും അവിടെയുള്ള ഹൈന്ദവ വിഗ്രഹങ്ങളുമായോ ഗ്രന്ഥങ്ങളുമായോ ബന്ധപ്പെട്ട തെളിവുകള്‍ കണ്ടെത്തുന്നതിനും സംസ്ഥാന സര്‍ക്കാര്‍ ഒരു കമ്മിറ്റി രൂപീകരിക്കണമെന്നും ഹരജിയില്‍ ആവശ്യപ്പെട്ടു.

'താജ്മഹലുമായി ബന്ധപ്പെട്ട് പഴയൊരു വിവാദമുണ്ട്. താജ്മഹലിലെ 20 ഓളം മുറികള്‍ പൂട്ടിയിരിക്കുകയാണ്, ആര്‍ക്കും പ്രവേശിക്കാന്‍ അനുവാദമില്ല. ഈ മുറികളില്‍ ഹൈന്ദവ ദൈവങ്ങളുടെയും ഗ്രന്ഥങ്ങളുടെയും വിഗ്രഹങ്ങള്‍ ഉണ്ടെന്ന് വിശ്വസിക്കപ്പെടുന്നു. വസ്തുതകള്‍ അറിയാന്‍ ഈ മുറികള്‍ തുറക്കാന്‍ എഎസ്‌ഐയോട് നിര്‍ദേശിക്കണമെന്ന് ആവശ്യപ്പെട്ട് താന്‍ ഹൈക്കോടതിയില്‍ ഹര്‍ജി നല്‍കിയിട്ടുണ്ട്. ഈ മുറികള്‍ തുറന്ന് എല്ലാ വിവാദങ്ങള്‍ക്കും വിരാമമിടുന്നതില്‍ തെറ്റില്ല'-ബിജെപി നേതാവ് പറഞ്ഞു.

2015ല്‍ ആറ് അഭിഭാഷകര്‍ താജ്മഹല്‍ ശിവക്ഷേത്രമായിരുന്നെന്ന് അവകാശപ്പെട്ട് കേസ് ഫയല്‍ ചെയ്തിരുന്നു.2017ല്‍ ബിജെപി നേതാവ് വിനയ് കത്യാര്‍ അവകാശവാദം ആവര്‍ത്തിക്കുകയും യുപി മുഖ്യമന്ത്രി യോഗി ആദിത്യനാഥിനോട് താജ്മഹല്‍ സന്ദര്‍ശിച്ച് പരിശോധന നടത്തണമെന്ന് ആവശ്യപ്പെടുകയും ചെയ്തിരുന്നു.

2019 ജനുവരിയില്‍ ബിജെപി നേതാവ് അനന്ത് കുമാര്‍ ഹെഗ്‌ഡെയും താജ്മഹല്‍ നിര്‍മ്മിച്ചത് ഷാജഹാന്‍ അല്ലെന്നും മറിച്ച് താന്‍ ജയസിംഹ രാജാവില്‍ നിന്ന് വാങ്ങിയതാണെന്നും അവകാശപ്പെട്ടിരുന്നു. അത്തരം അവകാശവാദങ്ങള്‍ ചരിത്രകാരന്മാര്‍ തള്ളിക്കളഞ്ഞതാണ്. കൂടാതെ, താജ്മഹലിന്റെ ചരിത്രത്തെക്കുറിച്ചുള്ള അത്തരം വ്യാഖ്യാനങ്ങളെ ആര്‍ക്കിയോളജിക്കല്‍ സര്‍വ്വേ ഓഫ് ഇന്ത്യ തുടര്‍ച്ചയായി നിരാകരിക്കുകയും ഉടമസ്ഥാവകാശത്തിനുള്ള അവകാശവാദങ്ങള്‍ തള്ളിക്കളയുകയും ചെയ്തിട്ടുണ്ട്. 'താജ്മഹല്‍ യഥാര്‍ത്ഥത്തില്‍ മുഗള്‍ ചക്രവര്‍ത്തിയായ ഷാജഹാന്‍ ഒരു ശവകുടീരമായാണ് നിര്‍മ്മിച്ചത്, അത് അദ്ദേഹത്തിന്റെ പത്‌നി മുംതാസ് മഹലിന്റെ ഒരു ശവകുടീരവും ആരാധനാലയവുമാക്കാന്‍ ഉദ്ദേശിച്ചാണ് അദ്ദേഹം നിര്‍മ്മിച്ചത്' 2018 ഫെബ്രുവരിയില്‍ ആര്‍ക്കിയോളജിക്കല്‍ സര്‍വെ ഓഫ് ഇന്ത്യ ആഗ്ര കോടതിയില്‍ സമര്‍പ്പിച്ച സത്യവാങ് മൂലത്തില്‍ വ്യക്തമാക്കിയിരുന്നു. ബാബരി മസ്ജിദിനു പിന്നാലെ തീവ്ര ഹിന്ദുത്വര്‍ മുസ്‌ലിം സ്വത്വം പേറുന്ന ചരിത്ര സ്മാരകങ്ങള്‍ക്കു മേല്‍ തുടര്‍ച്ചയായി അവകാശവാദമുന്നയിച്ച് വരികയാണ്.

Tags:    

Similar News