2019-20 വര്‍ഷം ബിജെപിക്ക് സംഭാവന ലഭിച്ചത് 785 കോടി; കോണ്‍ഗ്രസിനേക്കാള്‍ അഞ്ചിരട്ടി

Update: 2021-06-09 18:10 GMT

ന്യൂഡല്‍ഹി: 2019-2020ല്‍ കമ്പനികളില്‍ നിന്നും വ്യക്തികളില്‍ നിന്നും 785.77 കോടി രൂപ സംഭാവനയായി ലഭിച്ചെന്ന് ഭാരതീയ ജനതാ പാര്‍ട്ടി(ബിജെപി). ഇന്ത്യന്‍ തിരഞ്ഞെടുപ്പ് കമ്മീഷന്(ഇസിഐ) സമര്‍പ്പിച്ചു പാര്‍ട്ടിയുടെ വാര്‍ഷിക സംഭാവന റിപോര്‍ട്ടിലാണ് ഇക്കാര്യം വ്യക്തമാക്കിയിട്ടുള്ളത്. ഇത് കോണ്‍ഗ്രസിന് ലഭിച്ച സംഭാവനയുടെ അഞ്ചിരട്ടിയിലധികം വരും. ബിജെപിയുടെ സംഭാവന റിപോര്‍ട്ട് ഫെബ്രുവരി 12ന് സമര്‍പ്പിച്ചെങ്കിലും ചൊവ്വാഴ്ച രാത്രിയാണ് തിരഞ്ഞെടുപ്പ് കമ്മീഷന്‍ പ്രസിദ്ധീകരിച്ചത്. ചെക്ക്, ബാങ്ക് ട്രാന്‍സ്ഫര്‍ എന്നിവയിലൂടെ നല്‍കിയ 20,000 അല്ലെങ്കില്‍ അതില്‍ കൂടുതല്‍ സംഭാവനകളെല്ലാം റിപോര്‍ട്ടില്‍ ഉള്‍പ്പെടുന്നുണ്ട്.

    ബിജെപി അവകാശപ്പെട്ട 785.77 കോടിയില്‍ 217.75 കോടി രൂപ പ്രൂഡന്റ് ഇലക്ടറല്‍ ട്രസ്റ്റില്‍ നിന്നാണ് ലഭിച്ചത്. ഇതിനു പുറമെ ഡിഎല്‍എഫ് ലിമിറ്റഡ്, ഭാരതി എയര്‍ടെല്‍ ലിമിറ്റഡ്, ജിഎംആര്‍ എയര്‍പോര്‍ട്ട് ഡവലപ്പര്‍മാര്‍, മറ്റ് പ്രമുഖ കോര്‍പറേറ്റ് സ്ഥാപനങ്ങള്‍ എന്നിവയില്‍ നിന്നും ഫണ്ട് ലഭിച്ചു. ജെഎസ്ഡബ്ല്യു സിമന്റ്, ജെഎസ്ഡബ്ല്യു എനര്‍ജി എന്നിവയുള്‍പ്പെടെ ജെഎസ്ഡബ്ല്യു ഗ്രൂപ്പിന്റെ കമ്പനികളില്‍ നിന്ന് ഫണ്ട് ലഭിച്ച ജങ്കല്യാല്‍ ഇലക്ടറല്‍ ട്രസ്റ്റില്‍ നിന്നു 45.95 കോടി രൂപയും ബിജെപിക്ക് ലഭിച്ചു. ഹിന്‍ഡാല്‍കോ ഇന്‍ഡസ്ട്രീസ് ലിമിറ്റഡിന്റെ ധനസഹായത്തോടെയുള്ള സമാജ് ഇലക്ടറല്‍ ട്രസ്റ്റും എബി ജനറല്‍ ഇലക്ടറല്‍ ട്രസ്റ്റും യഥാക്രമം 3.75 കോടി രൂപയും 9 കോടി രൂപയും നല്‍കി. വലുതും ചെറുതുമായ നിരവധി കമ്പനികള്‍ ബിജെപിക്ക് സംഭാവന നല്‍കി. ഐടിസി ലിമിറ്റഡ് മുതല്‍ ഹല്‍ദിറാം സ്‌നാക്ക്‌സ് വരെ ഇതില്‍പ്പെടുന്നുണ്ട്.

    മറ്റ് അംഗീകൃത ദേശീയ പാര്‍ട്ടികളില്‍ കോണ്‍ഗ്രസിന് 139.01 കോടി രൂപയാണ് ലഭിച്ചതെന്ന് ഫെബ്രുവരിയില്‍ പ്രസിദ്ധീകരിച്ച സംഭാവന റിപോര്‍ട്ടില്‍ പറയുന്നു. അഖിലേന്ത്യാ തൃണമൂല്‍ കോണ്‍ഗ്രസ് 8.08 കോടി രൂപയും കമ്മ്യൂണിസ്റ്റ് പാര്‍ട്ടി ഓഫ് ഇന്ത്യ(സിപിഐ)യ്ക്കു 1.29 കോടി രൂപയും ലഭിച്ചതായാണ് കണക്ക്. കമ്മ്യൂണിസ്റ്റ് പാര്‍ട്ടി ഓഫ് ഇന്ത്യ (മാര്‍ക്‌സിസ്റ്റ്) 19.69 കോടി രൂപയും നാഷണല്‍ കോണ്‍ഗ്രസ് പാര്‍ട്ടി(എന്‍സിപി)ക്ക് 59.94 കോടി രൂപയും ലഭിച്ചു. ബഹുജന്‍ സമാജ് പാര്‍ട്ടിക്ക് സംഭാവനകളൊന്നും ലഭിച്ചില്ലെന്നാണ് റിപോര്‍ട്ടില്‍ പറയുന്നത്.

BJP received ₹785 crore in donations in 2019-20


Tags:    

Similar News