കായലില്‍ ചാടിയ യുവാവിനെ രക്ഷിച്ച് ബോട്ട് ജീവനക്കാരന്‍
ലാസ്‌കര്‍ പൂച്ചാക്കല്‍ അരങ്കശേരി പടിപ്പുരയ്ക്കല്‍ റിയാസാണ് യുവാവിന്റെ ജീവന്‍ രക്ഷിച്ചത്.
ആലപ്പുഴ: പൂത്തോട്ട പാലത്തില്‍നിന്ന് കായലിലേക്ക് ചാടിയ യുവാവിനെ ജലഗതാഗതവകുപ്പിന്റെ ബോട്ടിലെ ജീവനക്കാരന്‍ രക്ഷപ്പെടുത്തി. പൂത്തോട്ടപെരുമ്പളംപാണാവള്ളി റൂട്ടില്‍ സര്‍വീസ് നടത്തുന്ന എസ്20ാം നമ്പര്‍ ബോട്ടിലെ ലാസ്‌കര്‍ പൂച്ചാക്കല്‍ അരങ്കശേരി പടിപ്പുരയ്ക്കല്‍ റിയാസാണ് യുവാവിന്റെ ജീവന്‍ രക്ഷിച്ചത്.
ബോട്ട് പൂത്തോട്ടയില്‍ അടുത്തതിനുശേഷം തിരികെ പാണാവള്ളിക്കു പുറപ്പെട്ട ഉടനെ ഒരാള്‍ പാലത്തില്‍നിന്ന് ചാടുന്നത് ജീവനക്കാര്‍ കണ്ടു. ഉടനെ റിയാസ് ലൈഫ് ബോയ ഇട്ടുകൊടുത്തെങ്കിലും കായലില്‍ വീണയാള്‍ക്ക് അതില്‍ പിടിക്കാന്‍ കഴിഞ്ഞില്ല. തുടര്‍ന്ന്, ലൈഫ് ജാക്കറ്റ് ഇടാന്‍പോലും സമയമെടുക്കാതെ റിയാസ് കായലിലേക്കു ചാടി. മുങ്ങിത്താഴുകയായിരുന്നയാളെ പിടിച്ചുകൊണ്ട് നീന്തിയ റിയാസ് മറ്റു ജീവനക്കാരുടെ സഹായത്തോടെ കരയ്ക്കു കയറ്റി. ഉദയംപേരൂര്‍ പോലീസ് സ്ഥലത്തെത്തി കായലില്‍ ചാടിയയാളെ സ്‌റ്റേഷനിലേക്കു കൊണ്ടുപോയി.