ജാമ്യം ലഭിച്ചിട്ടും ജയിലില്‍ നിന്ന് പുറത്തിറങ്ങാതെ ബോബി ചെമ്മണ്ണൂര്‍; ജാമ്യം ലഭിച്ചിട്ടും പുറത്തിറങ്ങാന്‍ സാധിക്കാത്ത മറ്റുള്ളവരെ മോചിപ്പിക്കണമെന്ന് ആവശ്യം
കൊച്ചി: സിനിമാനടി ഹണിറോസിനെതിരേ മോശം പരാമര്‍ശം നടത്തിയെന്ന കേസില്‍ ജാമ്യം ലഭിച്ചിട്ടും ജയിലില്‍ നിന്ന് പുറത്തിറങ്ങാതെ ബോബി ചെമ്മണ്ണൂര്‍. കോടതികള്‍ ജാമ്യം നല്‍കിയിട്ടും ജയിലില്‍ നിന്ന് പുറത്തിറങ്ങാന്‍ സാധിക്കാതെ നിരവധി പേര്‍ ജയിലില്‍ പീഡനം സഹിക്കുകയാണെന്നും അവരൊന്നും പുറത്തിറങ്ങാതെ താന്‍ ഇറങ്ങില്ലെന്നും ബോബി അറിയിച്ചതായി അദ്ദേഹത്തിന്റെ അഭിഭാഷകര്‍ പറഞ്ഞു. ഹൈക്കോടതി ഉത്തരവ് പ്രകാരം ജയിലില്‍ ചെന്നപ്പോള്‍ ജാമ്യ ഉത്തരവ് നടപ്പാക്കേണ്ടെന്നാണ് ബോബി പറഞ്ഞതെന്നും അഭിഭാഷകര്‍ വിശദീകരിച്ചു. ഹൈക്കോടതി ഉത്തരവ് അനുസരിച്ചുള്ള ജാമ്യ വ്യവസ്ഥകള്‍ അംഗീകരിച്ചുകൊണ്ട് ജയിലിനുള്ളിലെ ബുക്കില്‍ ഒപ്പിടാന്‍ ബോബി തയ്യാറായിട്ടില്ല.
കോടതികള്‍ സ്വമേധയാ ജാമ്യം അനുവദിച്ചാലും ജാമ്യ ഉത്തരവ് നടപ്പാക്കാന്‍ വീട്ടുകാരോ കുടുംബക്കാരോ ഇല്ലാത്ത പലരും ജയിലില്‍ തുടരുകയാണ് പതിവ്. ഇതരസംസ്ഥാന തൊഴിലാളികളും ഇതിന് ഇരയാവാറുണ്ട്. കേസില്‍ ശിക്ഷിക്കപ്പെട്ടാല്‍ ലഭിക്കാവുന്നതില്‍ അധികം കാലം വിചാരണത്തടവുകാരായി ഇവര്‍ കഴിയേണ്ടി വരാറുമുണ്ട്. ഒരു മാസം തടവുശിക്ഷ ലഭിക്കേണ്ട കേസുകളിലെ പ്രതികള്‍ പോലും ഒരു വര്‍ഷം വരെ ജയിലില്‍ കിടക്കേണ്ടി വരാറുണ്ട്. ഭൂരേഖകള്‍ ഇല്ലാത്തവരും സമാനമായ പ്രതിസന്ധി അനുഭവിക്കാറുണ്ട്.ആദിവാസി-ദലിത് പിന്നാക്ക വിഭാഗക്കാരാണ് കൂടുതലായും ഈ അനീതിക്ക് ഇരയാവാറ്. ഇത്തരം തടവുകാരെ പുറത്തിറക്കാതെ താന്‍ ഇറങ്ങില്ലെന്നാണ് ബോബി പ്രഖ്യാപിച്ചിരിക്കുന്നത്. നിലവില്‍ കാക്കനാട് ജില്ലാ ജയിലിലാണ് ബോബി ചെമ്മണ്ണൂര്‍ ഉള്ളത്.