ബൊളീവിയ: കൊവിഡ് ബാധിതരുടേതെന്ന് കരുതുന്ന 400ല്‍ അധികം മൃതദേഹങ്ങള്‍ കണ്ടെടുത്തു

തെരുവുകള്‍, വാഹനങ്ങള്‍, വീടുകള്‍ എന്നിവിടങ്ങളില്‍നിന്നാണ് ഭൂരിപക്ഷവും കൊവിഡ് ബാധിതരുടേതെന്ന് കരുതുന്ന മൃതദേഹങ്ങള്‍ കണ്ടെത്തിയതെന്ന് പോലിസ് വൃത്തങ്ങള്‍ അറിയിച്ചു.

Update: 2020-07-22 12:28 GMT

സുക്രി: രാജ്യത്തെ ചില വന്‍കിട നഗരങ്ങളില്‍നിന്നായി അഞ്ചു ദിവസത്തിനിടെ ഉപേക്ഷിക്കപ്പെട്ട നിലയില്‍ 400ല്‍ അധികം മൃതദേഹങ്ങള്‍ കണ്ടെടുത്തായി ബൊളീവിയന്‍ പോലിസ് അറിയിച്ചു. തെരുവുകള്‍, വാഹനങ്ങള്‍, വീടുകള്‍ എന്നിവിടങ്ങളില്‍നിന്നാണ് ഭൂരിപക്ഷവും കൊവിഡ് ബാധിതരുടേതെന്ന് കരുതുന്ന മൃതദേഹങ്ങള്‍ കണ്ടെത്തിയതെന്ന് പോലിസ് വൃത്തങ്ങള്‍ അറിയിച്ചു.

ജൂലൈ 15 മുതല്‍ 20 വരെ കൊച്ചബാംബ മെട്രോപൊളിറ്റന്‍ പ്രദേശത്ത് നിന്ന് 191 മൃതദേഹങ്ങളും 141 എണ്ണം ഭരണ തലസ്ഥാനമായ ലാ പാസില്‍ നിന്നും രാജ്യത്തെ ഏറ്റവും വലിയ നഗരമായ സാന്താക്രൂസില്‍നിന്ന് 68 മൃതദേഹങ്ങളുമാണ് ലഭിച്ചതെന്ന് ദേശീയ പോലിസ് ഡയറക്ടര്‍ കൊറോണല്‍ ഇവാന്‍ റോജാസ് മാധ്യമങ്ങളോട് പറഞ്ഞു. ഇവയില്‍ 85 ശതമാനവും കൊറോണ വൈറസ് ബാധയേറ്റ് മരിച്ചവരുടേതാണെന്നാണ് കരുതപ്പെടുന്നതെന്നും അദ്ദേഹം പറഞ്ഞു.

ബാക്കിയുള്ളവര്‍ മറ്റു അസുഖങ്ങളാലോ സംഘര്‍ഷങ്ങളിലോ മരിച്ചവരുടേതാകാമെന്നും അദ്ദേഹം വ്യക്തമാക്കി. പടിഞ്ഞാറന്‍ പ്രദേശങ്ങളായ കൊച്ചബാംബ, ലാ പാസ് എന്നിവിടങ്ങളില്‍ ആശങ്കയുളവാക്കുന്ന തരത്തിലാണ് കൊറോണ വൈറസ് വ്യാപനം. ചൊവ്വാഴ്ചത്തെ കണക്കനുസരിച്ച് ബൊളീവിയയില്‍ 60,991 കൊറോണ വൈറസ് പോസിറ്റീവ് കേസുകളും 2,218 മരണങ്ങളും റിപ്പോര്‍ട്ട് ചെയ്തിട്ടുണ്ട്.

Tags:    

Similar News