ഗസയില്‍ യുദ്ധക്കുറ്റം ചെയ്ത് ബ്രസീലില്‍ ടൂര്‍ പോയി; ഇസ്രായേലി സൈനികനെതിരേ കേസെടുത്ത് ബ്രസീല്‍ പോലിസ്
ബ്രസീലിയ: ഗസയില്‍ യുദ്ധക്കുറ്റങ്ങള്‍ ചെയ്ത ഇസ്രായേലി സൈനികനെതിരേ കേസെടുത്ത് ബ്രസീല്‍ പോലിസ്. വിനോദസഞ്ചാരിയായി ബ്രസീലില്‍ എത്തിയ ഇസ്രായേലി സൈനികന്‍ യുദ്ധക്കുറ്റങ്ങള്‍ ചെയ്ത ആളാണെന്ന് ചൂണ്ടിക്കാട്ടി ഹിന്ദ് റജബ് ഫൗണ്ടേഷന്‍ (എച്ച്ആര്‍എഫ്) നല്‍കിയ പരാതിയിലാണ് കേസെടുക്കാന്‍ ഫെഡറല്‍ കോടതി പോലിസിന് നിര്‍ദേശം നല്‍കിയത്. ഇയാള്‍ ഗസയില്‍ കെട്ടിടങ്ങള്‍ തകര്‍ക്കുന്നതിന്റെ ദൃശ്യങ്ങള്‍ സഹിതമാണ് എച്ച്ആര്‍എഫ് കോടതിയെ സമീപിച്ചതെന്ന് അഭിഭാഷകയായ മെയ്‌ര പിനാരിയോ പറഞ്ഞു.
അന്താരാഷ്ട്ര നീതിന്യായ കോടതി രൂപീകരിച്ച 1998ലെ 'റോം നിയമം' അംഗീകരിച്ച രാജ്യമായതിനാല്‍ ഇത്തരം പരാതികളില്‍ കേസെടുക്കാന്‍ ബ്രസീലിലെ പോലിസിന് കഴിയും. ലോകത്തെവിടെയും യുദ്ധക്കുറ്റം ചെയ്തവര്‍ക്കെതിരേ നടപടി സ്വീകരിക്കാന്‍ ബ്രസീലിയന്‍ ശിക്ഷാ നിയമത്തിലെ ഏഴാം വകുപ്പ് പോലിസ് അധികാരം നല്‍കുന്നുണ്ട്. പ്രതി ബ്രസീലില്‍ എത്തിയാല്‍ അറസ്റ്റ് ചെയ്യാമെന്നും അവര്‍ പറഞ്ഞു.
മെയ്‌ര പിനാരിയോ
ഇതൊരു ചരിത്ര നിമിഷമാണെന്ന് എച്ച്ആര്‍എഫ് ചെയര്‍മാന്‍ ദയാബ് അബൂ ജഹ്ജാ പറഞ്ഞു.തൂഫാനുല്‍ അഖ്‌സയുടെ സമയത്ത് നോവ സംഗീതപരിപാടിക്ക് നേരെ ഹമാസ് നടത്തിയ ആക്രമണത്തില്‍ നിന്ന് ഓടിരക്ഷപ്പെട്ട ഈ ഇസ്രായേലി സൈനികന്‍ ഗിവാറ്റി ബ്രിഗേഡിലെ അംഗമായിരുന്നു.
അതേസമയം, ലാറ്റിന്‍ അമേരിക്കന്‍ രാജ്യമായ ചിലിയില്‍ വിനോദസഞ്ചാരത്തിനായി എത്തിയ മറ്റൊരു സൈനികനെതിരെ പോലിസ് കേസെടുത്തു. ഇസ്രായേല്‍ സൈന്യത്തിലെ എഞ്ചിനീയറിങ് വിഭാഗത്തിലെ ഒരു സൈനികനെതിരെയാണ് കേസ്. 620 അഭിഭാഷകര്‍ സംയുക്തമായി നല്‍കിയ പരാതിയിയിലാണ് കേസ്. സൈനികന്റെ ഇന്‍സ്റ്റഗ്രാം അക്കൗണ്ടിലെ ചിത്രങ്ങളും വീഡിയോകളുമാണ് യുദ്ധക്കുറ്റത്തിന്റെ തെളിവായി നല്‍കിയിരിക്കുന്നത്.