ചടയന്‍ ഗോവിന്ദന്റെ നാട്ടില്‍ ജ്യേഷ്ഠന്‍ സിപിഎം സ്ഥാനാര്‍ഥി; അനുജന്‍ ബിജെപി സ്ഥാനാര്‍ഥി

ആദ്യകാലം മുതലേ സിപിഎം പ്രവര്‍ത്തകനായിരുന്ന സഹജന്‍ പ്രാദേശിക നേതൃത്വവുമായുള്ള ഭിന്നതയെ തുടര്‍ന്നാണ് പാര്‍ട്ടി വിട്ടത്. 2010ലെ തദ്ദേശ തിരഞ്ഞെടുപ്പില്‍ സഹജന്‍ ഇതേ വാര്‍ഡില്‍ എല്‍ഡിഎഫ് സ്വതന്ത്ര സ്ഥാനാര്‍ഥിയായി മല്‍സരിച്ചിരുന്നു.

Update: 2020-11-13 14:56 GMT
കണ്ണൂര്‍: സിപിഎം സംസ്ഥാന സെക്രട്ടറിയായിരുന്ന ചടയന്‍ ഗോവിന്ദന്റെ ജന്‍മനാട്ടില്‍ ജ്യേഷ്ഠന്‍ സിപിഎമ്മിനും അനുജന്‍ ബിജെപിക്കും വേണ്ടി സ്ഥാനാര്‍ഥികളാവുന്നു. കണ്ണൂര്‍ ജില്ലയിലെ കൊളച്ചേരി ഗ്രാമപ്പഞ്ചായത്തിലെ രണ്ടാം വാര്‍ഡ് കമ്പിലില്‍ നിന്നാണ്, പരസ്പരം കൊമ്പുകോര്‍ക്കുന്ന രണ്ടു പാര്‍ട്ടികള്‍ക്കു വേണ്ടി സഹോദരങ്ങള്‍ ജനവിധി തേടുന്നത്. സിപിഎം സ്ഥാനാര്‍ഥിയായി ലോക്കല്‍ കമ്മിറ്റിയംഗം എ കുമാരനും ബിജെപി സ്ഥാനാര്‍ഥിയായി അനുജന്‍ എ സഹജനുമാണ് മല്‍സരിക്കുന്നത്. ആദ്യകാലം മുതലേ സിപിഎം പ്രവര്‍ത്തകനായിരുന്ന സഹജന്‍ പ്രാദേശിക നേതൃത്വവുമായുള്ള ഭിന്നതയെ തുടര്‍ന്നാണ് പാര്‍ട്ടി വിട്ടത്.

    കമ്പില്‍ ചെറുക്കുന്ന് അരിങ്ങേത്തിലെ പള്ളേല്‍ കുഞ്ഞമ്പു-ചേയി ദമ്പതികളുടെ ഒമ്പത് മക്കളില്‍ മൂന്നാമനായ എ കുമാരനും എട്ടാമനായ സഹജനും ആദ്യകാലം മുതലേ സിപിഎം പ്രവര്‍ത്തകരായിരുന്നു. പൗര പൗരപ്രമുഖനും ചെറുക്കുന്ന് എല്‍പി സ്‌കൂള്‍ വികസന സമിതി ചെയര്‍മാന്‍ എന്നീ നിലകളില്‍ പ്രവര്‍ത്തിച്ചിരുന്ന എ കുമാരന്‍ വാര്‍ഡിലുള്ളവര്‍ക്ക് സുപരിചിതനാണ്. 2010ലെ തദ്ദേശ തിരഞ്ഞെടുപ്പില്‍ സഹജന്‍ ഇതേ വാര്‍ഡില്‍ എല്‍ഡിഎഫ് സ്വതന്ത്ര സ്ഥാനാര്‍ഥിയായി മല്‍സരിച്ചിരുന്നു. മുസ് ലിം ലീഗിന്റെ സിറ്റിങ് സീറ്റില്‍ അന്ന് കെ കെ മുസ്തഫയാണ് ജയിച്ചത്. സഹജന്‍ പിന്നീട് പാര്‍ട്ടി വിടുകയും എസ്എന്‍ഡിപി, ബിഡിജെഎസ് വഴി ബിജെപിയിലേക്ക് ചേക്കേറുകയും ചെയ്തു. 2015ലെ തിരഞ്ഞെടുപ്പില്‍ സഹജന്റെ ഭാര്യ കെ രാജിനി ഇതേ വാര്‍ഡില്‍ എന്‍ഡിഎ സ്ഥാനാര്‍ഥിയായെങ്കിലും പരാജയം തന്നെയായിരുന്നു. യുഡിഎഫിന്റെ ഉറച്ച സീറ്റായ ഇവിടെ ലീഗിന്റെ സ്ഥാനാര്‍ഥിയെ ഇതുവരെ നിശ്ചയിച്ചിട്ടില്ല.

    അപൂര്‍വം സ്ഥലങ്ങളിലെങ്കിലും വ്യത്യസ്ത രാഷ്ട്രീയപ്പാര്‍ട്ടികള്‍ക്കു വേണ്ടി ഒരു കുടുംബത്തില്‍ നിന്നുള്ളവര്‍ തന്നെ മല്‍സരിക്കാറുണ്ടെങ്കിലും സിപിഎമ്മിന്റെ ജനകീയ മുഖമായിരുന്ന സമുന്നത നേതാവിന്റെ നാട്ടില്‍ തന്നെ മുന്‍ സിപിഎമ്മുകാരന്‍ ബിജെപിക്കു വേണ്ടി മല്‍സരിക്കുന്നത് ചര്‍ച്ചയാവുമെന്നുറപ്പ്. സിപിഎം പലപ്പോഴും ഉയര്‍ത്തിക്കാട്ടുന്ന മുഖങ്ങളിലൊന്നാണ് ചടയന്‍ ഗോവിന്ദന്‍. പാര്‍ട്ടിയുടെ ഉന്നത സ്ഥാനത്തിരിക്കുമ്പോള്‍ പോലും സ്വന്തം മകനു വേണ്ടി പോലും ആരുടെയെങ്കിലും ശുപാര്‍ശയില്‍ എന്തെങ്കിലും നേടാന്‍ ശ്രമിക്കാത്ത നേതാവായാണു ചടയന്‍ ഗോവിന്ദന്‍ അറിയപ്പെട്ടിരുന്നത്. മാത്രമല്ല, സിപിഎം സംസ്ഥാന സെക്രട്ടറി ആയിരിക്കെ വീടിനടുത്ത് ഒരു പൊതുയോഗത്തില്‍ പ്രസംഗിച്ച ശേഷം ചടയന്‍ വീട്ടിലേക്കു കാറില്‍ പോവാനൊരുങ്ങിയപ്പോള്‍ മകന്‍ സുരേന്ദ്രന്‍ കാറില്‍ കൂടെ കയറിയപ്പോള്‍ 'നീ വീട്ടിലേക്കു നടന്നു വന്നാല്‍ മതി, കാറില്‍ കയറേണ്ട ' എന്നു പറഞ്ഞ് മടക്കിയത് പാര്‍ട്ടി കൊടുത്ത കാര്‍ പാര്‍ട്ടി സെക്രട്ടറിയായ ചടയന് ഉപയോഗിക്കാന്‍ വേണ്ടി മാത്രമാണെന്നും അല്ലാതെ ചടയന്റെ മകനും കുടുംബത്തിനും ഉപയോഗിക്കാനുള്ളതല്ലെന്ന് പറഞ്ഞായിരുന്നു. സിപിഎം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണന്‍ മക്കളുടെ ചെയ്തികള്‍ കാരണം സ്ഥാനമൊഴിയേണ്ടി വരുമ്പോള്‍ ചടയന്റെയും അദ്ദേഹത്തിന്റെ നാട്ടിലെയും തിരഞ്ഞെടുപ്പ് അപൂര്‍വതയും രാഷ്ട്രീയകൗതുകം വര്‍ധിപ്പിക്കുന്നതാണ്.

Brothers are CPM-BJP candidates in Chadayan Govindan's home ward

Tags:    

Similar News