ബഫ‍ർസോൺ: ഫീൽഡ് സർവേക്ക് നാളെ തുടക്കം

Update: 2022-12-22 03:08 GMT


ഇടുക്കി: ബഫ‌‍ർസോൺ വിഷയത്തിൽ ഇടുക്കിയിലെ വിവിധ പ‌ഞ്ചായത്തുകളിൽ നാളെ മുതൽ ഫീൽഡ് സ‍ർവേ തുടങ്ങും. ഒഴിവാക്കേണ്ടതും കൂട്ടിച്ചേർക്കേണ്ടതുമായ സ്ഥലങ്ങളും കെട്ടിടങ്ങളും കണ്ടെത്തുന്നതിനാണ് ഫീൽഡ് സർവേ നടത്തുന്നത്.

പെരിയാർ, മതികെട്ടാൻ, ഇടുക്കി തുടങ്ങി ഇടുക്കിയിലെ സംരക്ഷിത മേഖലകൾക്കു ചുറ്റും ബഫർസോണിൽ ഉൾപ്പെടുത്തേണ്ട പല കെട്ടിടങ്ങളും കൃഷിയിടങ്ങളും ഒഴിവാക്കപ്പെട്ടിട്ടുണ്ട്. ഇതു സംബന്ധിച്ച് വിശദ പരിശോധന നടത്താൻ മന്ത്രി റോഷി അഗസ്റ്റിൻറെ നേതൃത്വത്തിൽ ചേർന്ന യോഗം തീരുമാനിച്ചു. ഇതനുസരിച്ച് വിവിധ പഞ്ചായത്തുകളിൽ വനം-റവന്യൂ- പഞ്ചായത്ത് അധികൃതകുടെ നേതൃത്വത്തിൽ യോഗങ്ങൾ തുടങ്ങി. യോഗത്തിലെ തീരുമാന പ്രകാരമാണ് ഫീൽ‍ഡ് സർവേ തുടങ്ങുന്നത്. വിവിധ വകുപ്പ് ഉദ്യോഗസ്ഥർക്കു പുറമെ ജനപ്രതിനിധികളും സംഘടനാ പ്രതിനിധികളും അടങ്ങുന്ന സംഘമാണ് ഓരോ വാർഡിലുമെത്തി നേരിട്ട് പരിശോധന നടത്തുക.

ഒഴിവാക്കപ്പെട്ടവ കൂട്ടിച്ചേർക്കാൻ ജനങ്ങളിൽ നിന്നും അപേക്ഷയും ഇതോടൊപ്പം സ്വീകരിക്കും. ജനവാസം കൂടുതലുള്ള മേഖലയാണ് ബഫർസോണിലുൾപ്പെട്ടിരിക്കുന്നതെന്ന് തെളിയിക്കാനാണിത്. പെരിയാർ കടുവസങ്കേതത്തോടു ചേർന്നുള്ള കുമളി പട്ടണം മുഴുവൻ ബഫർ സോണിലുൾപ്പെട്ടിട്ടുണ്ട്. ഇത് വ്യാപാര വിനോദ സഞ്ചാര മേഖലയിലുള്ളവരെയും ആശങ്കയിലാക്കിയിരിക്കുകയാണ്.

Similar News