അമേരിക്കയില്‍ ട്രംപ് പ്രസിഡന്റാവും; അഭയാര്‍ത്ഥി പ്രവാഹം ഭയന്ന് കാനഡ, അതിര്‍ത്തിയില്‍ പരിശോധന ശക്തമാക്കി
ട്രംപ് കഴിഞ്ഞ തവണ അമേരിക്കന്‍ പ്രസിഡന്റായപ്പോള്‍ പതിനായിരക്കണക്കിന് പേരെ നിയമവിരുദ്ധരായി പ്രഖ്യാപിച്ചു. ഇവരെല്ലാം കാനഡയിലേക്കാണ് പോയത്.
ഒട്ടാവ: അമേരിക്കയില്‍ റിപ്പബ്ലിക്കന്‍ പാര്‍ട്ടി നേതാവ് ഡോണള്‍ഡ് ട്രംപ് പ്രസിഡന്റാവുമെന്ന് ഉറപ്പായതോടെ അതിര്‍ത്തിയില്‍ പരിശോധന ശക്തമാക്കി കാനഡ. നിയമവിരുദ്ധ കുടിയേറ്റക്കാര്‍ എത്ര പേരായാലും അവരെയെല്ലാം അമേരിക്കയില്‍ നിന്നു പുറത്താക്കുമെന്ന ട്രംപിന്റെ പ്രസ്താവനയെ തുടര്‍ന്നാണ് നടപടി. ട്രംപ് പ്രസിഡന്റാവുമെന്ന് ഉറപ്പായതോടെ ദരിദ്രരാജ്യങ്ങളില്‍ നിന്നുള്ള അഭയാര്‍ത്ഥികള്‍ മറ്റു രാജ്യങ്ങളിലേക്ക് കടക്കാന്‍ ശ്രമം തുടങ്ങിയെന്നാണ് റിപോര്‍ട്ടുകള്‍ പറയുന്നത്.
'' ഞങ്ങള്‍ ജാഗ്രതയിലാണ്. അതിര്‍ത്തിയില്‍ എന്താണ് സംഭവിക്കുക എന്നാണ് നോക്കുക. ട്രംപിന്റെ നിലപാട് എല്ലാവര്‍ക്കും അറിയാവുന്നതാണ്.'' -കനേഡിയന്‍ പോലിസായ ആര്‍സിഎംപിയുടെ വക്താവായ സര്‍ജന്റ് ചാള്‍സ് പോയ്‌രിയര്‍ വാര്‍ത്താ ഏജന്‍സിയായ എഎഫ്പിയോട് പറഞ്ഞു.
ആയിരക്കണക്കിന് പേര്‍ ഒരുമിച്ച് അതിര്‍ത്തികടന്നു വരുമോയെന്നാണ് കാനഡയുടെ ഭയം. നൂറു പേര്‍ ഒരുമിച്ച് വരുന്നതു പോലും വലിയ വെല്ലുവിളിയാണെന്നാണ് സര്‍ജന്റ് ചാള്‍സ് പറയുന്നത്. ഇക്കാര്യം പരിശോധിക്കാന്‍ ഡെപ്യൂട്ടി പ്രധാനമന്ത്രി ക്രിസ്റ്റ്യ ഫ്രീലാന്‍ഡ് ഉദ്യോഗസ്ഥരുമായി കൂടിക്കാഴ്ച്ച നടത്തി.
ട്രംപ് കഴിഞ്ഞ തവണ അമേരിക്കന്‍ പ്രസിഡന്റായപ്പോള്‍ പതിനായിരക്കണക്കിന് പേരെ നിയമവിരുദ്ധരായി പ്രഖ്യാപിച്ചു. ഇവരെല്ലാം കാനഡയിലേക്കാണ് പോയത്. 2024 ജൂലൈയില്‍ മാത്രം 20000 പേരാണ് രാജ്യത്ത് കടക്കാന്‍ അപേക്ഷ നല്‍കിയിരിക്കുന്നത്. രണ്ടര ലക്ഷം അപേക്ഷകള്‍ കനേഡിയന്‍ സര്‍ക്കാരിന്റെ പരിഗണനയിലാണ്.