കാനഡയില്‍ വിദ്വേഷക്കൊല; മുസ്‌ലിം കുടുംബത്തിലെ നാലുപേരെ ട്രക്കിടിച്ച് കൊന്നു

ഇത് ആസൂത്രിതവും മുന്‍കൂട്ടി തീരുമാനിച്ചതുമായ ഒരു കൊലപാതകമാണെന്നതിന് തെളിവുകളുണ്ട്. വിദ്വേഷമാണ് ആക്രമണത്തിന് പ്രചോദനമായിരിക്കുന്നത്. ഇരകള്‍ മുസ്‌ലിംകള്‍ ആയതുകൊണ്ടാണ് അവരെ ലക്ഷ്യമിട്ടതെന്ന് കരുതുന്നു- ഡിറ്റക്ടീവ് സൂപ്രണ്ട് പറഞ്ഞു.

Update: 2021-06-08 04:01 GMT

ഒട്ടാവ: കാനഡയില്‍ മുസ്‌ലിം കുടുംബത്തിലെ നാലുപേരെ ട്രക്കിടിച്ച് കൊലപ്പെടുത്തി. ഞായറാഴ്ച കാനഡയിലെ ഒന്റാറിയോ പ്രവിശ്യയുടെ തെക്കുഭാഗത്താണ് ഞെട്ടിക്കുന്ന സംഭവമുണ്ടായത്. മുന്‍കൂട്ടി ആസൂത്രണം ചെയ്ത വിദ്വേഷക്കൊലയാണിതെന്ന് പോലിസ് ഡിറ്റക്ടീവ് സൂപ്രണ്ട് പോള്‍ വെയ്റ്റ് തിങ്കളാഴ്ച വാര്‍ത്താസമ്മേളനത്തില്‍ വ്യക്തമാക്കി. സംഭവത്തെത്തുടര്‍ന്ന് പിക്ക് അപ്പ് ട്രക്ക് ഓടിച്ച 20കാരനായ നഥാനിയേല്‍ വെല്‍റ്റ്മാന്‍ എന്നയാളെ പോലിസ് അറസ്റ്റുചെയ്തു.

ഞായറാഴ്ച രാത്രി 8:40 ഓടെ അഞ്ചംഗ കുടുംബം നടപ്പാതയിലൂടെ ഒരുമിച്ച് നടക്കുകയായിരുന്നു. ഇതിനിടയിലാണ് ജങ്ഷനില്‍ നിലയുറപ്പിച്ച കറുത്ത പിക്ക് അപ്പ് ട്രക്ക് കുടുംബത്തെ ഇടിച്ചിട്ടത്. നാലുപേര്‍ മരണപ്പെടുകയും ഒപ്പമുണ്ടായിരുന്ന 9 വയസുകാരന്‍ ആശുപത്രിയില്‍ ചികില്‍സയിലുമാണ്. മരണപ്പെട്ടവരുടെ പേരുകള്‍ പോലിസ് പുറത്തുവിട്ടിട്ടില്ല. എന്നാല്‍, 74 ഉം 46 ഉം വയസുള്ള സ്ത്രീകള്‍, 46 വയസുള്ള പുരുഷന്‍, 15 വയസുള്ള പെണ്‍കുട്ടി എന്നിവരാണെന്ന് പോലിസ് പറഞ്ഞു. ഇവര്‍ ഒരു കുടുംബത്തില്‍പ്പെട്ടവരാണെന്ന് ലണ്ടന്‍ മേയര്‍ എഡ് ഹോള്‍ഡര്‍ വ്യക്തമാക്കി.

ട്രക്ക് ഓടിച്ചിരുന്ന അക്രമി കോട്ട് ധരിച്ചിരുന്നു. സംഭവത്തിനുശേഷം ഓടിരക്ഷപ്പെട്ട ഇയാളെ ലണ്ടനിലെ ഒന്റാറിയോയിലെ കവലയില്‍നിന്ന് ഏഴ് കിലോമീറ്റര്‍ അകലെയുള്ള ഒരു മാളില്‍നിന്നാണ് അറസ്റ്റുചെയ്തതെന്ന് പോലിസ് സൂപ്രണ്ട് അറിയിച്ചു. ഇത് ആസൂത്രിതവും മുന്‍കൂട്ടി തീരുമാനിച്ചതുമായ ഒരു കൊലപാതകമാണെന്നതിന് തെളിവുകളുണ്ട്. വിദ്വേഷമാണ് ആക്രമണത്തിന് പ്രചോദനമായിരിക്കുന്നത്. ഇരകള്‍ മുസ്‌ലിംകള്‍ ആയതുകൊണ്ടാണ് അവരെ ലക്ഷ്യമിട്ടതെന്ന് കരുതുന്നു- ഡിറ്റക്ടീവ് സൂപ്രണ്ട് പറഞ്ഞു.

ഞാന്‍ വ്യക്തമായി പറയട്ടെ, ഇത് മുസ്‌ലിംകള്‍ക്കെതിരെയും ലണ്ടനുകാര്‍ക്കെതിരെയും നടന്ന കൂട്ടക്കൊലയാണ്. ഇതിന് പിന്നില്‍ പറഞ്ഞറിയിക്കാനാവാത്ത വിദ്വേഷത്തിന്റെ വേരുകളാണ്- ഹോള്‍ഡര്‍ പറഞ്ഞു. പ്രതിക്കെതിരേ കൊലപാതകത്തിനും കൊലപാതകശ്രമത്തിനും കേസെടുത്തിട്ടുണ്ട്. പ്രതിക്കെതിരേ ഭീകരവാദ നിയമങ്ങള്‍ ചുമത്തുന്നതിനെക്കുറിച്ച് പ്രാദേശിക അധികാരികളുമായും ഫെഡറല്‍ പോലിസുമായും അറ്റോര്‍ണി ജനറലുമായും ബന്ധപ്പെട്ടുകൊണ്ടിരിക്കുകയാണെന്ന് വെയ്റ്റ് പറഞ്ഞു. അന്വേഷണത്തിന്റെ കുറച്ച് വിശദാംശങ്ങളാണ് മാത്രമാണ് വെയ്റ്റ് പുറത്തുവിട്ടത്. പ്രതിയുടെ സോഷ്യല്‍ മീഡിയ പോസ്റ്റുകള്‍ പോലിസ് പരിശോധിച്ചുവരികയാണെന്ന് അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

Tags:    

Similar News