തിരുവനന്തപുരം: എസ്എസ്എല്‍സി-പ്ലസ് ടു ചോദ്യകടലാസ് ചോര്‍ച്ചയില്‍ ക്രൈംബ്രാഞ്ച് കേസെടുത്തു. തട്ടിപ്പ് ഉള്‍പ്പെടെ ഏഴു വകുപ്പുകള്‍ ചുമത്തിയാണ് എഫ്‌ഐആര്‍. ചോദ്യകടലാസ് പ്രസിദ്ധീകരിച്ച എംഎസ് സൊല്യൂഷന്‍സ് യൂട്യൂബ് ചാനലിന്റെ ഉടമ കൊടുവള്ളി സ്വദേശി ശുഹൈബാണ് പ്രതി. ശുഹൈബ് ചോദ്യകടലാസ് ചോര്‍ത്തിയെന്നും അതിനു വേണ്ടി ഒരു നെറ്റ്‌വര്‍ക്ക് ഉണ്ടാക്കിയെന്നും ഇത് കാലങ്ങളായി ചെയ്യുന്നതാണെന്നും പ്രാഥമിക അന്വേഷണത്തില്‍ കണ്ടെത്തി. ഇതിന്റെ അടിസ്ഥാനത്തിലാണ് എഫ്‌ഐആര്‍ ഇട്ടിരിക്കുന്നത്. ചോദ്യകടലാസ് ചോര്‍ത്താന്‍ ഇയാളെ ആരൊക്കെ സഹായിച്ചു എന്ന കാര്യം ക്രൈംബ്രാഞ്ച് പരിശോധിക്കും.
അതേസമയം, ചെയ്യാത്ത കുറ്റത്തിനാണ് ആരോപണം നേരിടുന്നത് എന്നാണ് എംഎസ് സൊലൂഷന്‍സ് പറയുന്നത്. എസ്എസ്എല്‍സി കെമിസ്ട്രി പരീക്ഷയ്ക്കുള്ള ക്ലാസിനിടെയാണ് ശുഹൈബ് നിലപാട് വ്യക്തമാക്കിയത്.