ക്ലിയോപാട്രയായി ഇസ്രായേല്‍ നടി ഗാല്‍ ഗദൊത്; വിമര്‍ശനവുമായി സോഷ്യല്‍ മീഡിയ
അറബ് വംശജയ്‌ക്കോ ഏതെങ്കിലും ഉത്തരാഫ്രിക്കന്‍ നടിക്കോ ക്ലിയോപാട്രയെ അഭ്രപാളിയില്‍ അവതരിപ്പിക്കാന്‍ അവസരം നല്‍കാത്തത് എന്തുകൊണ്ടെന്നാണ് ഒരു വിഭാഗം ചോദിക്കുന്നത്.
ഹോളിവുഡ്: സൗന്ദര്യം കൊണ്ടും ഭരണപാടവം കൊണ്ടും ചരിത്രത്തില്‍ ഇടംപിടിച്ച ഈജിപ്ഷ്യന്‍ രാജ്ഞി ക്ലിയോപാട്രയുടെ ജീവിതകഥ പറയുന്ന സിനിമയില്‍ ക്ലിയോപാട്രയായി ഇസ്രായേലി നടി ഗാല്‍ ഗദൊത്തിനെ കാസ്റ്റിങ് നടത്തിയതിനെചൊല്ലി വിവാദം.
ഈജിപ്ഷ്യന്‍ രാജ്ഞി ക്ലിയോപാട്രയെ താന്‍ അഭ്രപാളിയില്‍ എത്തിക്കുമെന്നും 'വണ്ടര്‍ വിമണ്‍' സംവിധായക പാറ്റി ജെന്‍കിസിനും തിരക്കഥാകൃത്ത് ലെത കലൊഗ്രിദിസിനുമൊപ്പം വീണ്ടും ഒന്നിക്കുമെന്നും ട്വിറ്ററിലൂടെ ഗാല്‍ ഗദൊത്ത് സ്ഥിരീകരിച്ചതിനു പിന്നാലെയാണ് സാമൂഹിക മാധ്യമങ്ങളില്‍ കടുത്ത വിമര്‍ശനമുയര്‍ന്നത്.
ഇസ്രായേലിയായ ഗാല്‍ ഗദൊത്ത് ക്ലിയോപാട്രയാകുന്നതിനെ ആരാധകര്‍ സ്വഗതം ചെയ്തപ്പോള്‍ മറു വിഭാഗം കടുത്ത എതിര്‍പ്പുമായി മുന്നോട്ട് വരികയായിരുന്നു.
അറബ് വംശജയ്‌ക്കോ ഏതെങ്കിലും ഉത്തരാഫ്രിക്കന്‍ നടിക്കോ ക്ലിയോപാട്രയെ അഭ്രപാളിയില്‍ അവതരിപ്പിക്കാന്‍ അവസരം നല്‍കാത്തത് എന്തുകൊണ്ടെന്നാണ് ഒരു വിഭാഗം ചോദിക്കുന്നത്. ലെബനന്‍ - തുണീസ്യന്‍ നടി നാദിന്‍ നജീം ഇസ്രയേല്‍ നടിയെ അപേക്ഷിച്ച് മികച്ച തിരഞ്ഞെടുപ്പാകുമായിരുന്നുവെന്ന് മാധ്യമപ്രവര്‍ത്തക സമീറ ഖാന്‍ അഭിപ്രായപ്പെടുന്നു.
നാദിന്‍ നജീമിനെപോലെയുള്ള ഞെട്ടിപ്പിക്കുന്ന അറബ് നടിക്കു പകരം ഒരു ഇസ്രായേലി നടിയെ ക്ലിയോപാട്രയായി അവതരിപ്പിക്കുന്ന നല്ലതാണെന്ന് ഏത് ഹോളിവുഡ് മഠയനാണ് കരുതുന്നതെന്നായിരുന്നു അവരുടെ പ്രതികരണം.
'അറബികളുടെ ഭൂമി തട്ടിയെടുത്തവരാണ് നിങ്ങള്‍. ഇപ്പോള്‍ അവരുടെ കഥാപാത്രങ്ങളെയും തട്ടിയെടുക്കുന്നു. ഗാല്‍ ഗദൊത്ത്, നിങ്ങളെ ഓര്‍ത്ത് ലജ്ജിക്കുന്നു'വെന്നും സമീറ ഖാന്‍ കുറിച്ചു.
ക്ലിയോപാട്രയുടെ വേഷത്തോട് ചരിത്രപരമായി നീതി പുലര്‍ത്തണമെങ്കില്‍ അല്‍പ്പം ഇരുണ്ട നിറത്തിലുള്ള നടി ആ വേഷം ചെയ്യണമെന്നാണ് ചിലരുടെ അഭിപ്രായം. ടോളമി രാജവംശ പരമ്പയില്‍ ടോളമി പന്ത്രണ്ടാമന്റെ മകളായി ബിസി 69ലാണ് ക്ലിയോപാട്ര ജനിച്ചത്. ടോളമിയുടെ മരണശേഷം 18ാം വയസില്‍ ക്ലിയോപാട്ര അധികാരത്തിലേറി.
ഗാലയുടെ പ്രത്യേക താത്പര്യ പ്രകാരമാണ് ക്ലിയോപാട്ര സിനിമയാകുന്നത് എന്നാണ് റിപ്പോര്‍ട്ടുകള്‍. ഏറെ കാലമായുള്ള തന്റെ ആഗ്രഹമാണ് ക്ലിയോപാട്രയുടെ കഥ സിനിമയാക്കുക എന്ന് ഗാല്‍ ഗദൊത് വ്യക്തമാക്കിയിട്ടുണ്ട്.
1963ലെ ക്ലാസിക് ചിത്രമായ 'ക്വീന്‍ ഓഫ് നൈല്‍' എന്ന സിനിമയിലൂടെ ക്ലിയോപാട്രയെ എലിസബത്ത് ടെയ്‌ലര്‍ അഭ്രപാളിയിലെത്തിച്ചിരുന്നു.