സെന്‍സസ് നടപടികള്‍ നിര്‍ത്തിവയ്ക്കണം; നിയമസഭയില്‍ അടിയന്തര പ്രമേയവുമായി പ്രതിപക്ഷം

എന്നാല്‍, സെന്‍സസ് പ്രവര്‍ത്തനങ്ങള്‍ സംസ്ഥാനത്ത് നിര്‍ത്തിവയ്ക്കില്ലെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍ സഭയെ അറിയിച്ചു

Update: 2020-02-06 06:11 GMT

തിരുവനന്തപുരം: സെന്‍സസ് പ്രവര്‍ത്തനങ്ങളുമായി ബന്ധപ്പെട്ട ആശങ്കകള്‍ ചര്‍ച്ച ചെയ്യണമെന്ന് ആവശ്യപ്പെട്ട് പ്രതിപക്ഷം നിയമസഭയില്‍ അടിയന്തര പ്രമേയം അവതരിപ്പിച്ചു. മുസ് ലിം ലീഗിലെ കെ എം ഷാജിയാണ് അടിയന്തര പ്രമേയം അവതരിപ്പിക്കാന്‍ അനുമതി തേടിയത്. അതേസമയം, കെ എം ഷാജിക്ക് എംഎല്‍എ എന്ന നിലയില്‍ അടിയന്തര പ്രമേയം അവതരിപ്പിക്കാന്‍ നോട്ടീസ് നല്‍കാനാവില്ലെന്ന് ഭരണപക്ഷാംഗങ്ങളുടെ വാദം വാക്കുതര്‍ക്കത്തിനിടയാക്കി. വോട്ടവകാശമില്ലാത്ത അംഗത്തിന് അടിയന്തര പ്രമേയത്തിന് നോട്ടീസ് നല്‍കാനാവില്ലെന്ന് പാര്‍ലമെന്ററികാര്യ മന്ത്രി എ കെ ബാലന്‍ പറഞ്ഞു. വോട്ടെടുപ്പിലേക്ക് പോവാന്‍ സാധ്യതയുള്ള പ്രമേയം എങ്ങനെ അവതരിപ്പിക്കാന്‍ സാധിക്കുമെന്നും ഇത് നിയമ വിരുദ്ധവും ചട്ടവിരുദ്ധവുമാണെന്നും അദ്ദേഹം പറഞ്ഞു. എന്നാല്‍, വിഷയത്തില്‍ ഇടപെട്ട സ്പീക്കര്‍ പി ശ്രീരാമകൃഷ്ണന്‍, കെ എം ഷാജിയുടെ വോട്ടവകാശം മാത്രമാണ് സുപ്രിംകോടതി തടഞ്ഞതെന്നും കെ എം ഷാജിക്ക് അടിയന്തര പ്രമേയം സഭയില്‍ അവതരിപ്പിക്കാമെന്നും സ്പീക്കര്‍ വ്യക്തമാക്കി.

    ദേശീയ ജനസംഖ്യ രജിസ്റ്ററിലേക്ക്(എന്‍പിആര്‍) കടക്കുന്ന തരത്തിലാണ് സെന്‍സസിലെ കണക്കെടുപ്പ് നടക്കുന്നതെന്ന് കെ എം ഷാജി പറഞ്ഞു. ഇത് വലിയ രീതിയുള്ള ആശങ്കയാണ് സൃഷ്ടിക്കുന്നത്. സെന്‍സസ് പ്രവര്‍ത്തനം ഒരിക്കല്‍ തുടങ്ങിക്കഴിഞ്ഞാല്‍ പിന്നീട് യാതൊരു വിധത്തിലുള്ള നിയന്ത്രണവും സര്‍ക്കാറിനുണ്ടാവില്ല. ജനങ്ങളിലെ ആശങ്ക പരിഹരിക്കണമെന്നും സെന്‍സസ് നടപടികള്‍ നിര്‍ത്തിവയ്ക്കണമെന്നും ഷാജി ആവശ്യപ്പെട്ടു. എന്നാല്‍, സെന്‍സസ് പ്രവര്‍ത്തനങ്ങള്‍ സംസ്ഥാനത്ത് നിര്‍ത്തിവയ്ക്കില്ലെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍ സഭയെ അറിയിച്ചു. സംസ്ഥാനത്ത് സെന്‍സസില്‍ നിന്ന് എന്‍പിആര്‍ ബന്ധമുള്ള എല്ലാ ചോദ്യങ്ങളും ഒഴിവാക്കും. സെന്‍സസും എന്‍പിആറും രണ്ടാണ്. അതില്‍ ആശക്കുഴപ്പം വേണ്ട. ദേശീയ ജനസംഖ്യാ രജിസ്റ്ററുമായി(എന്‍പിആര്‍) സര്‍ക്കാര്‍ മുന്നോട്ടുപോവില്ല. സര്‍ക്കാര്‍ ചെയ്യുന്നത് എന്തെന്ന് ജനങ്ങള്‍ക്കറിയാം. പ്രതിപക്ഷം സമൂഹത്തെ തെറ്റിദ്ധരിപ്പിക്കരുതെന്നും അനാവശ്യ ഭയപ്പാട് സൃഷ്ടിക്കരുതെന്നും മുഖ്യമന്ത്രി പറഞ്ഞു.



Tags:    

Similar News