ആഭ്യന്തര വിമാനസര്‍വീസുകള്‍ക്ക് കൂടുതല്‍ ഇളവുകള്‍; ഇനി മുതല്‍ 65 ശതമാനം യാത്രക്കാരെ അനുവദിക്കും

കൊവിഡ് വ്യാപനത്തിന്റെ പശ്ചാത്തലത്തില്‍ 50 ശതമാനം യാത്രക്കാര്‍ക്ക് മാത്രമാണ് ഒരു സര്‍വീസില്‍ യാത്രചെയ്യാന്‍ വിമാനക്കമ്പനികള്‍ക്ക് അനുമതിയുണ്ടായിരുന്നത്. ജൂലൈ 31 വരെയോ അല്ലെങ്കില്‍ ഇനിയൊരു ഉത്തരവുണ്ടാവുന്നതുവരെയോ ആഭ്യന്തര വിമാന സര്‍വീസുകളില്‍ യാത്രക്കാരുടെ എണ്ണം മൊത്തം ശേഷിയുള്ള 65 ശതമാനമായിരിക്കുമെന്ന് കേന്ദ്ര വ്യോമയാനമന്ത്രാലയത്തിന്റെ പ്രസ്താവനയില്‍ വ്യക്തമാക്കുന്നു.

Update: 2021-07-05 15:57 GMT

ന്യൂഡല്‍ഹി: രാജ്യത്ത് ആഭ്യന്തര വിമാന സര്‍വീസുകള്‍ക്ക് കൂടുതല്‍ ഇളവുകള്‍ പ്രഖ്യാപിച്ച് കേന്ദ്ര വ്യോമയാനമന്ത്രാലയം. ഒരേ സമയം യാത്ര ചെയ്യാവുന്ന യാത്രക്കാരുടെ എണ്ണം 50 ശതമാനത്തില്‍നിന്ന് 65 ശതമാനമാക്കി ഉയര്‍ത്തി. കൊവിഡ് വ്യാപനത്തിന്റെ പശ്ചാത്തലത്തില്‍ 50 ശതമാനം യാത്രക്കാര്‍ക്ക് മാത്രമാണ് ഒരു സര്‍വീസില്‍ യാത്രചെയ്യാന്‍ വിമാനക്കമ്പനികള്‍ക്ക് അനുമതിയുണ്ടായിരുന്നത്. ജൂലൈ 31 വരെയോ അല്ലെങ്കില്‍ ഇനിയൊരു ഉത്തരവുണ്ടാവുന്നതുവരെയോ ആഭ്യന്തര വിമാന സര്‍വീസുകളില്‍ യാത്രക്കാരുടെ എണ്ണം മൊത്തം ശേഷിയുള്ള 65 ശതമാനമായിരിക്കുമെന്ന് കേന്ദ്ര വ്യോമയാനമന്ത്രാലയത്തിന്റെ പ്രസ്താവനയില്‍ വ്യക്തമാക്കുന്നു.

കൊവിഡ് കേസുകള്‍ ഉയര്‍ന്നുകൊണ്ടിരിക്കുന്ന സാഹചര്യത്തിലാണ് ആഭ്യന്തര വിമാനയാത്രയ്ക്ക് നേരത്തെ വിലക്കേര്‍പ്പെടുത്തിയിരുന്നത്. പിന്നീട് സര്‍വീസ് തുറന്നെങ്കിലും യാത്രക്കാരുടെ എണ്ണം കുറയുകയും ചെറുകിട വിമാനക്കമ്പനികള്‍ സാമ്പത്തികമായി പ്രതിസന്ധിയിലാവുകയും ചെയ്തിരുന്നു. കൊവിഡ് കേസുകള്‍ കുറയുന്ന സാഹചര്യത്തില്‍ നിരവധി സംസ്ഥാനങ്ങള്‍ നിയന്ത്രണങ്ങളില്‍ ഇളവ് വരുത്തിയിട്ടുണ്ട്. അതിനിലാണ് യാത്രക്കാരുടെ എണ്ണം വര്‍ധിപ്പിച്ചത്.

നിലവില്‍ പ്രതിദിനം ഒന്നരലക്ഷം യാത്രക്കാരാണ് ആഭ്യന്തര വിമാനസര്‍വീസുകളെ ആശ്രയിക്കുന്നത്. ഇളവുകള്‍ പ്രാബല്യത്തില്‍ വരുന്നതോടെ ഇത് 1.7 മുതല്‍ 1.8 ലക്ഷം വരെയാവുമെന്നാണ് കണക്കുകൂട്ടല്‍. രണ്ടാം തരംഗത്തിനുശേഷം ആഭ്യന്തര വിമാനയാത്രക്കാരുടെ എണ്ണം ഒരുലക്ഷമായി കുറഞ്ഞതിനെത്തുടര്‍ന്നാണ് 2021 ജൂണ്‍ 1 മുതല്‍ വിമാനക്കമ്പനികള്‍ക്ക് അനുവദിച്ച യാത്രക്കാരുടെ എണ്ണം 80 ല്‍നിന്ന് 50 ശതമാനമായി കേന്ദ്രസര്‍ക്കാര്‍ വെട്ടിക്കുറച്ചത്.

Tags:    

Similar News