അമിത് ഷായെ ജയിലില്‍ അടച്ച ജസ്റ്റിസ് ഖുറേഷിയുടെ സ്ഥാനക്കയറ്റം തടഞ്ഞ് കേന്ദ്രം

ഖുറേഷിയെ മധ്യപ്രദേശ് ഹൈക്കോടതി ചീഫ് ജസ്റ്റിസായി നിയമിക്കാനുള്ള സുപ്രിം കോടതി കൊളീജിയത്തിന്റെ ശുപാര്‍ശയാണ് നടപടികളൊന്നും സ്വീകരിക്കാതെ കേന്ദ്രം പിടിച്ചുവച്ചിരിക്കുന്നത്.

Update: 2019-06-21 11:32 GMT

ന്യൂഡല്‍ഹി: ബോംബെ ഹൈക്കോടതി ജഡ്ജി ജസ്റ്റിസ് അകീല്‍ അബ്ദുല്‍ഹാമിദ് ഖുറേഷിയുടെ സ്ഥാനക്കയറ്റത്തിന് ഉടക്ക് വച്ച് കേന്ദ്ര സര്‍ക്കാര്‍.ഖുറേഷിയെ മധ്യപ്രദേശ് ഹൈക്കോടതി ചീഫ് ജസ്റ്റിസായി നിയമിക്കാനുള്ള സുപ്രിം കോടതി കൊളീജിയത്തിന്റെ ശുപാര്‍ശയാണ് നടപടികളൊന്നും സ്വീകരിക്കാതെ കേന്ദ്രം പിടിച്ചുവച്ചിരിക്കുന്നത്.
 

സുഹ്‌റബുദ്ദീന്‍ വ്യാജ ഏറ്റുമുട്ടല്‍ കേസില്‍ ഇപ്പോഴത്തെ കേന്ദ്ര ആഭ്യന്തര മന്ത്രിയായ അമിത് ഷായെ രണ്ട് ദിവസം പോലിസ് കസ്റ്റഡിയില്‍ വിടുന്നതിന് അനുകൂല നിലാപടെടുത്തയാളായിരുന്നു ഖുറേഷി.

മെയ് 10നാണ് ചീഫ് ജസ്റ്റിസ് രഞ്ജന്‍ ഗൊഗോയി, ജസ്റ്റിസുമാരായ എസ് എ ബോബ്‌ഡെ, എന്‍ വി രമണ എന്നിവരുള്‍പ്പെട്ട കൊളീജിയം ഗുജറാത്ത് ഹൈക്കോടതിയിലെ മുതിര്‍ന്ന ജഡ്ജി ഖുറേഷിയെ മധ്യപ്രദേശ് ഹൈക്കോടതി ചീഫ് ജസ്റ്റിസാക്കാന്‍ ശുപാര്‍ശ ചെയ്തത്. നിലവിലുള്ള ചീഫ് ജസ്റ്റിസ് എസ് കെ സേത് ജൂണ്‍ 9ന് വിരമിക്കുന്ന സാഹചര്യത്തിലാണ് തീരുമാനം. ജസ്റ്റിസ് ഖുറേഷിക്കു പുറമേ ജസ്റ്റിസ് വി രാമസുബ്രഹ്മണ്യനെ ഹിമാചല്‍ പ്രദേശ് ഹൈക്കോടതി ചീഫ് ജസ്റ്റിസായും ജസ്റ്റിസ് ആര്‍ എസ് ചൗഹാനെ തെലങ്കാന ഹൈക്കോടതി ചീഫ് ജസ്റ്റിസായും കൊളീജിയം ശുപാര്‍ശ ചെയ്തിരുന്നു.

എന്നാല്‍, ഇതില്‍ ഖുറേഷിയുടെ കാര്യത്തിലുള്ള കൊളീജിയം ശുപാര്‍ശ പരിഗണിക്കാതെ ജസ്റ്റിസ് രവിശങ്കര്‍ ഝായെ ജൂണ്‍ 10 മുതല്‍ മധ്യപ്രദേശ് ഹൈക്കോടതി ആക്ടിങ് ചീഫ് ജസ്റ്റിസായി നിമയിക്കുകയാണ് കേന്ദ്രം ചെയ്തത്. 2022 മാര്‍ച്ച് 6ന് വിരമിക്കുന്ന ജസ്റ്റിസ് ഖുറേഷിയെ സംബന്ധിച്ചിടത്തോളം കേന്ദ്രത്തിന്റെ ഈ നടപടി നീതികരിക്കാനാവാത്തതാണ്.

നടപടിക്രമങ്ങള്‍ പ്രകാരം കേന്ദ്രം തള്ളിയ ഒരു ശുപാര്‍ശ കൊളീജിയം വീണ്ടും സമര്‍പ്പിച്ചാല്‍ അംഗീകരിക്കാന്‍ കേന്ദ്ര സര്‍ക്കാര്‍ നിര്‍ബന്ധിതമാണ്. എന്നാല്‍, ശുപാര്‍ശയില്‍ നടപടിയൊന്നും സ്വീകരിക്കാതെ വൈകിപ്പിക്കാന്‍ കേന്ദ്രത്തിന് സാധിക്കും.

ഹൈക്കോടതി ചീഫ് ജസ്റ്റിസിന്റെ പദവി ഒഴിവ് വന്നാലോ ചീഫ് ജസ്റ്റിസിന്റെ അസാന്നിധ്യത്തിലോ അദ്ദേഹത്തിന് തന്റെ ചുമതല നിര്‍വഹിക്കാന്‍ സാധിക്കാതെ വന്നാലോ ആണ് ആക്ടിങ് ചീഫ് ജസ്റ്റിസിനെ നിയമിക്കുന്നത്. ഈ നിയമനം ഒരു മാസത്തിലധികം പാടില്ലെന്നും വകുപ്പുണ്ട്. എന്നാല്‍, മധ്യപ്രദേശ് ഹൈക്കോടതി ചീഫ് ജസ്റ്റിസ് സ്ഥാനത്തേക്ക് ഒരു മാസം മുമ്പ് തന്നെ കൊളീജിയം ശുപാര്‍ശ നല്‍കിയിട്ടുണ്ടെന്നിരിക്കേ അതില്‍ നടപടി സ്വീകരിക്കാതെ ആക്ടിങ് ചീഫ് ജസ്റ്റിസിനെ നിയമിക്കുന്നത് നീതീകരിക്കാനാവില്ലെന്ന് വിദഗ്ധര്‍ ചൂണ്ടിക്കാട്ടുന്നു.



മധ്യപ്രദേശ് ഹൈക്കോടതിയില്‍ ആക്ടിങ് ചീഫ് ജസ്റ്റിസിനെ നിയമിച്ച നടപടി എക്‌സിക്യൂട്ടീവിന്റെ അനാവശ്യ ഇടപടെലാണെന്ന് ഗുജറാത്ത് ഹൈക്കോടതി അഡ്വക്കറ്റ്‌സ് അസോസിയേഷന്‍(ജിഎച്ച്‌സിഎഎ) വിശേഷിപ്പിച്ചു. നേരത്തേ ഗുജറാത്ത് ഹൈക്കോടതിയിലെ ആക്ടിങ് ചീഫ് ജസ്റ്റിസാവാന്‍ ഖുറേഷിക്ക് അവസരം ലഭിച്ചപ്പോള്‍ അദ്ദേഹത്തെ ബോംബെ ഹൈക്കോടതിയിലേക്ക് മാറ്റി കേന്ദ്രം ആ അവസരം തടഞ്ഞിരുന്നു. ഇതില്‍ സുപ്രിം കോടതി ചീഫ് ജസ്റ്റിസ് അസന്തുഷ്ടി പ്രകടിപ്പിച്ചതിനെ തുടര്‍ന്ന് ബോംബെ ഹൈക്കോടതിയില്‍ ചുമതലയേല്‍ക്കുന്നതു വരെയുള്ള രണ്ടാഴ്ച്ചത്തേക്ക് മാത്രം ഖുറേഷിക്ക് ആക്ടിങ് ചീഫ് ജസ്റ്റിസിന്റെ ചുമതല നല്‍കി കേന്ദ്രം തലയൂരുകയായിരുന്നു.

സുഹ്‌റബുദ്ദീന്‍ കേസില്‍ ജസ്റ്റിസ് ഖുറേഷി അമിത് ഷായെ രണ്ട് ദിവസം പോലിസ് കസ്റ്റിഡിയില്‍ വിട്ട കാര്യം (ജിഎച്ച്‌സിഎഎ പ്രസിഡന്റ്) യതിന്‍ ഓസ ചൂണ്ടിക്കാട്ടി. ആ നടപടിയില്‍ തെറ്റൊന്നുമില്ലെന്നും 2010ല്‍ ഷായുടെ അഭിഭാഷകനായിരുന്നു ഓസ പറഞ്ഞു. 2011ല്‍ ജസ്റ്റിസ് ആര്‍ എ മേത്തയെ ലോകായുക്തയാക്കാനുള്ള ഗവര്‍ണറുടെ തീരുമാനം ജസ്റ്റിസ് ഖുറേഷി അംഗീകരിച്ചതും മോദി-ഷാ കൂട്ടുകെട്ടിന്റെ അസന്തുഷ്ടിക്ക് കാരണമായിട്ടുണ്ടെന്നാണ് കരുതുന്നത്. അന്ന് സംസ്ഥാനം ഭരിച്ചിരുന്ന നരേന്ദ്ര മോദി സര്‍ക്കാര്‍ ഇതിനെ ശക്തമായി എതിര്‍ത്തിരുന്നു.  

Tags:    

Similar News