സാമൂഹിക മാധ്യമങ്ങളിലൂടെ വര്‍ഗീയ പ്രചാരണം; ബിജെപി നേതാവ് അറസ്റ്റില്‍

മുന്‍ മുഖ്യമന്ത്രി കരുണാനിധി ഉള്‍പ്പെടെയുള്ളര്‍ക്കെതിരേ സാമൂഹികമാധ്യമങ്ങളിലൂടെ ഇയാള്‍ അധിക്ഷേപകരമായ പരാമര്‍ശങ്ങള്‍ നടത്തിയിരുന്നു. മുസ്‌ലിം വിരുദ്ധ പരാമര്‍ശങ്ങളടങ്ങിയ പോസ്റ്റുകളും ഇയാള്‍ പങ്കുവച്ചു.

Update: 2021-10-18 11:18 GMT

ചെന്നൈ: സാമൂഹമാധ്യമങ്ങളിലൂടെ വര്‍ഗീയപ്രചാരണം നടത്തിയതിന് തമിഴ്‌നാട്ടില്‍ ബിജെപി നേതാവ് അറസ്റ്റിലായി. ബിജെപി സംസ്ഥാന പ്രവര്‍ത്തക സമിതിയംഗം ആര്‍ കല്യാണരാമനെ (55) യാണ് ചെന്നൈ പോലിസിന്റെ സൈബര്‍ ക്രൈം വിഭാഗം അറസ്റ്റ് ചെയ്തത്. മുന്‍ മുഖ്യമന്ത്രി കരുണാനിധി ഉള്‍പ്പെടെയുള്ളര്‍ക്കെതിരേ സാമൂഹികമാധ്യമങ്ങളിലൂടെ ഇയാള്‍ അധിക്ഷേപകരമായ പരാമര്‍ശങ്ങള്‍ നടത്തിയിരുന്നു. നടിയും ഡോക്ടറുമായ ശര്‍മിളയ്‌ക്കെതിരേയും അധിക്ഷേപകരമായ പരാമര്‍ശങ്ങള്‍ നടത്തിയിരുന്നു.

മുസ്‌ലിം വിരുദ്ധ പരാമര്‍ശങ്ങളടങ്ങിയ പോസ്റ്റുകളും ഇയാള്‍ പങ്കുവച്ചു. തുടര്‍ന്ന് ഡിഎംകെ എംപി ഡോ. സെന്തില്‍ കുമാര്‍, തണ്ടയാര്‍പ്പേട്ട സ്വദേശിയായ അഭിഭാഷകന്‍ തുടങ്ങി നിരവധി വ്യക്തികളും സംഘടനകളും ഇയാള്‍ക്കെതിരേ പരാതിയുമായി രംഗത്തെത്തി. മതാടിസ്ഥാനത്തില്‍ ആളുകള്‍ക്കിടയില്‍ വിദ്വേഷം ജനിപ്പിക്കുന്ന തരത്തിലുള്ളതാണ് കല്യാണരാമന്റെ പോസ്റ്റുകളെന്നായിരുന്നു പരാതി.

രണ്ടുമാസത്തിനിടെയുള്ള 18 ട്വീറ്റുകള്‍ വര്‍ഗീയസ്വഭാവമുള്ളതാണെന്ന് പ്രാഥമികാന്വേഷണത്തില്‍ കണ്ടെത്തിയെന്ന് പോലിസ് പറഞ്ഞു. തുടര്‍ന്നാണ് കഴിഞ്ഞദിവസം രാത്രി പോലിസ് കല്യാണരാമനെ വീട്ടില്‍ക്കയറി കസ്റ്റഡിയിലെടുത്തത്. കോടതിയില്‍ ഹാജരാക്കിയ ഇയാളെ റിമാന്‍ഡ് ചെയ്തിട്ടുണ്ട്. ഇന്ത്യന്‍ ശിക്ഷാനിയമത്തിലെ സെക്ഷന്‍ 153 (എ) (മതം, വംശം, ജനനസ്ഥലം എന്നിവയുടെ അടിസ്ഥാനത്തില്‍ വിവിധ ഗ്രൂപ്പുകള്‍ തമ്മിലുള്ള ശത്രുത വളര്‍ത്ത), 505 (2) (ശത്രുത അല്ലെങ്കില്‍ ദുരുദ്ദേശം വളര്‍ത്തല്‍) എന്നീ വകുപ്പുകളാണ് അദ്ദേഹത്തിനെതിരേ ചുമത്തിയത്.

ബിജെപി റാലിയില്‍ മുസ്‌ലിം സമുദായത്തിനും പ്രവാചകന്‍ മുഹമ്മദ് നബിക്കുമെകിരേ നടത്തിയ വര്‍ഗീയപരാമര്‍ശങ്ങളില്‍ കഴിഞ്ഞ ഫെബ്രുവരിയിലും കല്യാണരാമന്‍ അറസ്റ്റിലായിരുന്നു. 2016 ലും സമാനമായ വിദ്വേഷപ്രംസംഗത്തിന് ഇയാളെ അറസ്റ്റ് ചെയ്തിട്ടുണ്ട്.

Tags:    

Similar News