രാജ്യദ്രോഹക്കേസില്‍ കനയ്യകുമാറിനെ വിചാരണ ചെയ്യാന്‍ അനുമതി: ഡല്‍ഹി സര്‍ക്കാരിനെതിരേ വിമര്‍ശനവുമായി പി ചിദംബരം
രാജ്യദ്രോഹ നിയമം മനസിലാക്കുന്നതില്‍ ഡല്‍ഹി സര്‍ക്കാര്‍ കേന്ദ്രസര്‍ക്കാരിനേക്കാള്‍ പിന്നിലാണെന്നാണ് ചിദംബരം ട്വീറ്റ് ചെയ്തു.
ന്യൂഡല്‍ഹി: രാജ്യദ്രോഹക്കേസില്‍ ജെഎന്‍യു വിദ്യാര്‍ഥി യൂനിയന്‍ മുന്‍ പ്രസിഡന്റും നിലവില്‍ സിപിഐ നേതാവുമായ കനയ്യ കുമാറിനെ വിചാരണ ചെയ്യാന്‍ അനുമതി നല്‍കിയ ഡല്‍ഹി സര്‍ക്കാരിനെതിരേ രൂക്ഷ വിമര്‍ശനമുയര്‍ത്തി മുതിര്‍ന്ന കോണ്‍ഗ്രസ് നേതാവ് പി ചിദംബരം. രാജ്യദ്രോഹ നിയമം മനസിലാക്കുന്നതില്‍ ഡല്‍ഹി സര്‍ക്കാര്‍ കേന്ദ്രസര്‍ക്കാരിനേക്കാള്‍ പിന്നിലാണെന്നാണ് ചിദംബരം ട്വീറ്റ് ചെയ്തു. ഇന്ത്യന്‍ ശിക്ഷാ നിയമത്തിലെ 124എ, 120 ബി എന്നീ വകുപ്പുകള്‍ പ്രകാരം കനയ്യ കുമാറിനെയും മറ്റുള്ളവരെയും വിചാരണ ചെയ്യാന്‍ അനുമതി നല്‍കിയതിനെ ശക്തമായി എതിര്‍ക്കുന്നതായും അദ്ദേഹം വ്യക്തമാക്കി. 2016 ഫെബ്രുവരി ഒമ്പതിനാണ് കനയ്യ കുമാര്‍ ഉള്‍പ്പടെ 9 പേര്‍ക്കെതിരേ രാജ്യദ്രോഹത്തിന് പോലിസ് കേസെടുത്തത്.
ജെഎന്‍യു കാംപസില്‍ സംഘടിപ്പിച്ച അഫ്‌സല്‍ ഗുരു അനുസ്മരണ യോഗത്തിനിടെ രാജ്യദ്രോഹ മുദ്രാവാക്യം വിളിച്ചെന്നാരോപിച്ചായിരുന്നു കനയ്യ കുമാര്‍ ഉള്‍പ്പടെയുള്ളവര്‍ക്കെതിരേ പോലിസ് കേസെടുത്തത്. നാലുവര്‍ഷം മുമ്പ് രജിസ്റ്റര്‍ ചെയ്ത രാജ്യദ്രോഹക്കേസുമായി ബന്ധപ്പെട്ട് കഴിഞ്ഞ ദിവസമായിരുന്നു കനയ്യ കുമാറിനെ വിചാരണ ചെയ്യാന്‍ ഡല്‍ഹിയിലെ എഎപി സര്‍ക്കാര്‍
അനുമതി നല്‍കിയത്.കനയ്യ കുമാര്‍, ഉമര്‍ ഖാലിദ്, അനിര്‍ബന്‍ ഭട്ടാചാര്യ, ആക്കിബ് ഹുസൈന്‍, ഉമര്‍ ഗുല്‍, മുജീബ് എന്നിവരാണ് കേസിലെ പ്രതികള്‍. ദില്ലി ചീഫ് മെട്രോപൊളീറ്റന്‍ മജിസ്‌ട്രേറ്റ് കോടതിയിലാണ് ഇവര്‍ക്കെതിരായ കേസുള്ളത്. ഇവരെ വിചാരണ ചെയ്യാനുള്ള അനുമതി ഡല്‍ഹി സര്‍ക്കാര്‍ വൈകിപ്പിച്ചതിനെ തുടര്‍ന്ന് കേസിന്റെ നടപടിക്രമങ്ങള്‍ നിലച്ചിരിക്കുകയായിരുന്നു. ഇക്കഴിഞ്ഞ ജനുവരി 14നാണ് ഇവര്‍ക്കെതിരായ കുറ്റപത്രം ഡല്‍ഹി പോലിസ് കോടതിയില്‍ സമര്‍പ്പിച്ചത്.
അതിനിടെ, രാജ്യദ്രോഹക്കേസില്‍ വിചാരണ ചെയ്യാന്‍ ഡല്‍ഹി സര്‍ക്കാര്‍ അനുമതി നല്‍കിയതില്‍ പ്രതികരിച്ച് കനയ്യ കുമാര്‍ രംഗത്തെത്തി. ഡല്‍ഹി സര്‍ക്കാരിന് നന്ദി എന്നാണ് കനയ്യ ട്വീറ്റ് ചെയ്തത്. കേസിന്റെ വിചാരണ വേഗത്തില്‍ പൂര്‍ത്തിയാക്കണമെന്നും കനയ്യ ആവശ്യപ്പെട്ടു. കേസില്‍ അതിവേഗ വിചാരണ നടത്തണമെന്നും പലരും രാഷ്ട്രീയ ലാഭത്തിനായാണ് കേസ് ഉപയോഗിച്ചത്. രാജ്യദ്രോഹക്കേസ് എങ്ങനെ ദുരുപയോഗം ചെയ്യുന്നുവെന്ന് ജനങ്ങള്‍ മനസിലാക്കണമെന്നും കനയ്യ കുമാര്‍ പറഞ്ഞു.