പെരിയ ഇരട്ടക്കൊല ഹീനമെന്ന് മുഖ്യമന്ത്രി; സിബിഐ തന്നെ അന്വേഷിക്കണമെന്ന് ചെന്നിത്തല

യൂത്ത് കോണ്‍ഗ്രസ് പ്രവര്‍ത്തകരെ വെട്ടിക്കൊലപ്പെടുത്താന്‍ ഉപയോഗിച്ച ആയുധങ്ങള്‍ പോലിസ് കണ്ടെത്തി. മൂന്ന് വാളുകളാണ് കൊലപാതകം നടന്ന സ്ഥലത്തിന് അടുത്തുള്ള കെട്ടിടത്തില്‍ നിന്ന് കണ്ടെത്തിയത്

Update: 2019-02-22 10:24 GMT

കാസര്‍കോഡ്: പെരിയയിലെ യൂത്ത് കോണ്‍ഗ്രസ് പ്രവര്‍ത്തകരുടെ കൊലപാതകം ഹീനമാണെന്നും വീണ്ടുവിചാരമില്ലാതെ നടത്തിയ പ്രവര്‍ത്തനമാണെന്നും മുഖ്യമന്ത്രി പിണറായി വിജയന്‍. നല്ലനിലയില്‍ പ്രവര്‍ത്തിച്ചുപോരുന്ന ഇടതുപക്ഷത്തെ അപകീര്‍ത്തിപ്പെടുത്താനാണ് ഇത് അവസരം ഒരുക്കിയത്. ഒരുരീതിയിലും ന്യായീകരിക്കാന്‍ കഴിയില്ല. തെറ്റായ ഒന്നിനെയും ഏറ്റെടുക്കേണ്ട കാര്യം പാര്‍ട്ടിക്കില്ല. അതിനെ പാര്‍ട്ടി സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണന്‍ ആ ദിവസംതന്നെ എതിര്‍ത്തിട്ടുണ്ട്. അത് സിപി എം ഇത്തരം കാര്യങ്ങളെ എങ്ങനെ കാണുന്നുവെന്നതിന് തെളിവാണ്. ഹീനമായ കുറ്റം ചെയ്തവര്‍ക്കെതിരേ കൃത്യമായ ശിക്ഷാ നടപടിയുണ്ടാവും. അതിന് ഉന്നത പോലിസ് ഉദ്യോഗസ്ഥര്‍ക്ക് അപ്പോള്‍തന്നെ നിര്‍ദേശം നല്‍കിയതായും മുഖ്യമന്ത്രി പറഞ്ഞു. അതിനിടെ, പൊയ്‌നാച്ചിയില്‍ മുഖ്യമന്ത്രിയുടെ വാഹനത്തിനു നേരെ ഒരുസംഘം യൂത്ത് കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ കരിങ്കൊടി കാട്ടി പ്രതിഷേധിച്ചു.

    എന്നാല്‍, ഇരട്ടക്കൊലക്കേസ് ക്രൈംബ്രാഞ്ചിനു കൈമാറിയത് അന്വേഷണം അട്ടിമറിക്കാനാണെന്നും കേസ് സിബിഐ തന്നെ അന്വേഷിക്കണമെന്നും പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല ആവശ്യപ്പെട്ടു. ഇതിനിടെ, യൂത്ത് കോണ്‍ഗ്രസ് പ്രവര്‍ത്തകരെ വെട്ടിക്കൊലപ്പെടുത്താന്‍ ഉപയോഗിച്ച ആയുധങ്ങള്‍ പോലിസ് കണ്ടെത്തി. മൂന്ന് വാളുകളാണ് കൊലപാതകം നടന്ന സ്ഥലത്തിന് അടുത്തുള്ള കെട്ടിടത്തില്‍ നിന്ന് കണ്ടെത്തിയത്. അഞ്ചാം പ്രതി അനില്‍ കുമാറിനെയും ഏഴാം പ്രതി ഗിജിനെയുമാണ് പോലിസ് തെളിവെടുപ്പിന് കൊണ്ടുവന്നത്. കഴിഞ്ഞ ദിവസം സംഭവസ്ഥലത്തിന് അടുത്തുള്ള പൊട്ടക്കിണറ്റില്‍ നിന്നും ഒരു വാളും മൂന്ന് ദണ്ഡുകളും കണ്ടെത്തിയിരുന്നു. ഇതിന് സമീപമുള്ള കെട്ടിടത്തില്‍ നിന്നാണ് മൂന്ന് വാളുകള്‍ പോലീസ് കണ്ടെടുത്തത്. ഇതില്‍ രണ്ട് വാളുകള്‍ കൃത്യം നടത്താന്‍ ഉപയോഗിച്ചതാണെന്നാണ് പോലിസ് നിഗമനം. മൂന്നാമത്തെ വാള്‍ കൊലക്ക് ഉപയോഗിച്ചിട്ടില്ലെന്നാണ് പ്രതികള്‍ പോലിസിനോട് പറഞ്ഞത്.




Tags:    

Similar News