ട്രെയ്‌നില്‍ നിന്നു കുട്ടിയെ തട്ടിക്കൊണ്ടുപോവാന്‍ ശ്രമം; രക്ഷിച്ച് ഓട്ടോ ഡ്രൈവര്‍മാര്‍

പാലക്കാട്: മാതാപിതാക്കള്‍ക്കൊപ്പം ട്രെയ്‌നില്‍ ഉറങ്ങിക്കിടന്ന ഒരുവയസുകാരിയെ തട്ടിക്കൊണ്ടുപോകാന്‍ നടത്തിയ ശ്രമം പരാജയപ്പെടുത്തി ഓട്ടോ തൊഴിലാളികള്‍. പ്രതി തമിഴ്‌നാട് ദിണ്ടിഗല്‍ പെരുമാള്‍പ്പെട്ടി വെട്രിവേല്‍ (32) അറസ്റ്റിലായി. ഭിക്ഷാടനത്തിനായാണ് ഇയാള്‍ കുഞ്ഞിനെ കടത്തിക്കൊണ്ടുപോയതെന്ന് പോലിസ് പറഞ്ഞു.

വെട്രിവേല്‍
ആലുവയിലെ സ്റ്റീല്‍ ഫാക്ടറിയില്‍ ജോലി ചെയ്യുന്ന ഒഡീഷ സ്വദേശി മാനസും ഭാര്യ ഹമീസയും നാട്ടില്‍നിന്ന് എത്തുമ്പോള്‍ ടാറ്റാനഗര്‍ എക്‌സ്പ്രസില്‍നിന്ന് ഇന്നലെ പുലര്‍ച്ചെയാണു കുഞ്ഞിനെ തട്ടിക്കൊണ്ടുപോയത്. സ്‌റ്റേഷന് മുന്നിലെത്തിയ വെട്രിവേലിന്റെ കൈയിലുണ്ടായിരുന്ന കുട്ടി ഉച്ചത്തില്‍ കരഞ്ഞു. സംശയം തോന്നിയ ഓട്ടോറിക്ഷാ തൊഴിലാളികളും നാട്ടുകാരും ചേര്‍ന്ന് വെട്രിവേലിനെ തടഞ്ഞുനിര്‍ത്തി വിവരം തിരക്കി. ഇതോടെയാണ് സംഭവം പുറത്താവുന്നത്. അവര്‍ ഉടന്‍ ടൗണ്‍ നോര്‍ത്ത് പോലിസിനെ വിവരമറിയിച്ചു. പോലിസെത്തി വെട്രിവേലിനെയും കുട്ടിയെയും പോലീസ് സ്‌റ്റേഷനിലെത്തിച്ചു.
വണ്ടി തൃശൂരെത്തിയപ്പോഴാണ് ദമ്പതിമാര്‍ കുട്ടിയെ നഷ്ടപ്പെട്ടവിവരം അറിയുന്നത്. ഉടന്‍ ആര്‍പിഎഫ് ഉദ്യോഗസ്ഥരെ വിവരമറിയിച്ചു. തുടര്‍ന്നുനടത്തിയ അന്വേഷണത്തിലാണ് കുട്ടിയെ പാലക്കാട്ട് കണ്ടെത്തിയ വിവരം അറിഞ്ഞത്. ഇരുവരും പിന്നീട് പാലക്കാട് ടൗണ്‍ നോര്‍ത്ത് പോലീസ് സ്‌റ്റേഷനിലെത്തി കുട്ടിയെ ഏറ്റുവാങ്ങി.

ഓട്ടോെ്രെഡവര്‍മാരായ റിനീഷുദ്ദീന്‍, എച്ച് അനീഷ്, എം സന്തോഷ്, കെ റിയാസ് എന്നിവരാണ് കുട്ടിയെ രക്ഷിക്കുന്നതിനും പ്രതിയെ പിടിക്കുന്നതിനും നേതൃത്വം നല്‍കിയത്.
