കര്‍ണാടകയില്‍ കൂടുതല്‍ ലോക്ക് ഡൗണ്‍ ഇളവുകള്‍; നിയന്ത്രണങ്ങളോടെ സിനിമാ തിയറ്ററുകളും കോളജുകളും തുറക്കാന്‍ അനുമതി

കൊവിഡ് വാക്‌സിന്‍ കുറഞ്ഞത് ഒരു ഡോസ് എങ്കിലും എടുത്തിട്ടുള്ള വിദ്യാര്‍ഥികള്‍, അധ്യാപക, അനധ്യാപകര്‍ / മറ്റ് ജീവനക്കാര്‍ എന്നിവര്‍ക്ക് മാത്രമായിരിക്കും കോളജുകളില്‍/ സ്ഥാപനങ്ങളില്‍ പ്രവേശനമുണ്ടാവുക.

Update: 2021-07-18 12:07 GMT

ബംഗളൂരു: കൊവിഡ് വ്യാപനത്തില്‍ കുറവുണ്ടായ സാഹചര്യത്തില്‍ കര്‍ണാടകയില്‍ ലോക്ക് ഡൗണ്‍ നിയന്ത്രണങ്ങളില്‍ കൂടുതല്‍ ഇളവുകള്‍ പ്രഖ്യാപിച്ചു. കര്‍ണാടകയിലെ സിനിമാ തിയറ്ററുകളും കോളജുകളും നിയന്ത്രണങ്ങളോടെ തുറന്നുപ്രവര്‍ത്താന്‍ സര്‍ക്കാര്‍ അനുമതി നല്‍കി. സിനിമാ ഹാളുകള്‍/ മള്‍ട്ടിപ്ലക്‌സുകള്‍/ തിയറ്ററുകള്‍/ ഓഡിറ്റോറിയങ്ങള്‍ എന്നിവിടങ്ങളില്‍ ആകെ ശേഷിയുടെ 50 ശതമാനം പേര്‍ക്ക് മാത്രം പ്രവേശനം അനുവദിക്കും. ഇവിടങ്ങളില്‍ കൊവിഡ് പ്രോട്ടോക്കോള്‍ കര്‍ശനമായി പാലിക്കുകയും ബന്ധപ്പെട്ട വകുപ്പുകള്‍ നല്‍കുന്ന നിര്‍ദേശങ്ങള്‍ പിന്തുടരുകയും ചെയ്യണം.

ഡല്‍ഹിയില്‍നിന്ന് മടങ്ങിയെത്തിയ കര്‍ണാടക മുഖ്യമന്ത്രി ബി എസ് യെദിയൂരപ്പ മുതിര്‍ന്ന ഉദ്യോഗസ്ഥരെയും മന്ത്രിമാരെയും ബംഗളൂരുവിലെ ഔദ്യോഗിക വസതിയില്‍ വിളിച്ചുവരുത്തി കൊവിഡ് സ്ഥിതിഗതികള്‍ ചര്‍ച്ച ചെയ്തശേഷമാണ് പുതിയ ഇളവുകള്‍ പ്രഖ്യാപിച്ചത്. കൊവിഡ് വാക്‌സിന്‍ കുറഞ്ഞത് ഒരു ഡോസ് എങ്കിലും എടുത്തിട്ടുള്ള വിദ്യാര്‍ഥികള്‍, അധ്യാപക, അനധ്യാപകര്‍ / മറ്റ് ജീവനക്കാര്‍ എന്നിവര്‍ക്ക് മാത്രമായിരിക്കും കോളജുകളില്‍/ സ്ഥാപനങ്ങളില്‍ പ്രവേശനമുണ്ടാവുക. കോളജുകളില്‍ ഹാജരാവണമോയെന്നത് വിദ്യാര്‍ഥികളുടെ താല്‍പര്യം അനുസരിച്ചായിരിക്കും.

ഉന്നത വിദ്യാഭ്യാസ വകുപ്പുമായി ബന്ധപ്പെട്ട കോളജുകള്‍ക്കും സ്ഥാപനങ്ങള്‍ക്കും ജൂലൈ 26 മുതലാണ് വീണ്ടും തുറക്കാന്‍ അനുമതിയുണ്ടാവുക. കൊവിഡിന് ഉചിതമായ പെരുമാറ്റവും നിര്‍ദേശങ്ങളും കര്‍ശനമായി പാലിച്ചിരിക്കണം. ദീര്‍ഘകാല സാങ്കേതിക കോഴ്‌സുകള്‍ ഉള്‍പ്പെടെ എല്ലാ നൈപുണ്യ വികസന പരിശീലനങ്ങളും അനുവദനീയമാണ്. സംസ്ഥാനത്ത് രാത്രി 10 മുതല്‍ പുലര്‍ച്ചെ 5 വരെ ഏര്‍പ്പെടുത്തിയ രാത്രി കര്‍ഫ്യൂ ഇനിയും തുടരും. ഇന്‍ഡോര്‍, ഔട്ട്‌ഡോര്‍ ഓഡിറ്റോറിയങ്ങള്‍ തുറക്കാം. ചില ബിസിനസ് പ്രവര്‍ത്തനമേഖലകള്‍ക്കും അനുമതിയുണ്ട്. കാരണം കഴിഞ്ഞ ഒരുവര്‍ഷത്തിലധികമായി ഈ മേഖലയിലുള്ളവര്‍ വളരെയധികം ബുദ്ധിമുട്ട് അനുഭവിച്ചുകൊണ്ടിരിക്കുകയാണെന്ന് യോഗത്തിന് ശേഷം റവന്യൂ മന്ത്രി ആര്‍ അശോക പറഞ്ഞു.

Tags:    

Similar News