നഗോര്‍ണോ-കാരബാക് സംഘര്‍ഷം മൂര്‍ച്ഛിക്കുന്നു; ഗഞ്ചയില്‍ അര്‍മീനിയ നടത്തിയ മിസൈല്‍ ആക്രമണത്തില്‍ കുട്ടികള്‍ ഉള്‍പ്പെടെ 13 സിവിലിയന്‍മാര്‍ കൊല്ലപ്പെട്ടു
വീടുകളില്‍ ഉറങ്ങിക്കിടന്നവരാണ് കൊല്ലപ്പെട്ടത്. സിവിലിയന്‍മാര്‍ കൊല്ലപ്പെട്ടതോടെ നഗോര്‍ണോ-കാരബാക് സംഘര്‍ഷം മൂര്‍ച്ഛിച്ചു.
ബാകു: അസര്‍ബൈജാനിലെ രണ്ടാമത്തെ നഗരമായ ഗഞ്ചയ്ക്കു നേരെ അര്‍മീനിയ നടത്തിയ മിസൈല്‍ ആക്രമണത്തില്‍ രണ്ട് കുട്ടികളടക്കം 13 സിവിലിയന്മാര്‍ കൊല്ലപ്പെട്ടു. 40 ലധികം പേര്‍ക്ക് പരിക്കേല്‍ക്കുകയും ചെയ്തു. മിസൈല്‍ ആക്രമണത്തില്‍ നിരവധി വീടുകള്‍ തകര്‍ന്നു. വീടുകളില്‍ ഉറങ്ങിക്കിടന്നവരാണ് കൊല്ലപ്പെട്ടത്. സിവിലിയന്‍മാര്‍ കൊല്ലപ്പെട്ടതോടെ നഗോര്‍ണോ-കാരബാക് സംഘര്‍ഷം മൂര്‍ച്ഛിച്ചു.
അതേസമയം, ആക്രമണത്തിന് പിന്നില്‍ തങ്ങളാണെന്ന ആരോപണം നിഷേധിച്ച അര്‍മേനിയ തര്‍ക്കത്തിലുള്ള നഗോര്‍ണോ-കാരബാക് മേഖലയിലെ പ്രധാന നഗരമായ സ്‌റ്റെപാനകെര്‍ട്ടിന് നേരെ അസര്‍ബൈജാന്‍ ഷെല്ലാക്രമണം നടത്തിയെന്നും ആരോപിച്ചു.
ഗഞ്ചയ്‌ക്കെതിരായ ആക്രമണത്തിനു പ്രതികാരം ചെയ്യുമെന്ന് അസരി പ്രസിഡന്റ് ഇല്‍ഹാം അലിയേവ് വ്യക്തമാക്കി. ആക്രമണത്തില്‍ 20 ലധികം വീടുകള്‍ നശിപ്പിക്കപ്പെട്ടതായും അസരി പ്രസിഡന്റിന്റെ സഹായി ഹിക്മത് ഹാജിയേവ് പറഞ്ഞു. കൊല്ലപ്പെട്ടവരില്‍ രണ്ട് കുട്ടികളും ഉള്‍പ്പെട്ടിട്ടുണ്ടെന്ന് ഗഞ്ചയില്‍ നിന്നുള്ള പാര്‍ലമെന്റ് അംഗം മുഷ്ഫിക് ജഫറോവ് അല്‍ ജസീറയോട് പറഞ്ഞു.
3 ലക്ഷത്തിലധികം ജനസംഖ്യയുള്ള ഗഞ്ച നഗരത്തിലെ മറ്റൊരിടത്തുണ്ടായ മിസൈല്‍ ആക്രമണത്തില്‍ പത്തു പേര്‍ കൊല്ലപ്പെട്ട് ആറു ദിവസം പിന്നിടുമ്പോഴാണ് വീണ്ടും ആക്രമണം ഉണ്ടായത്.