കെഎസ്‌യു മാര്‍ച്ചില്‍ സംഘര്‍ഷം; പോലിസിനു നേരെ മുളകുപൊടി പ്രയോഗം, അറസ്റ്റ്
തിരുവനന്തപുരം: നവകേരള സദസ്സിനെതിരേ പ്രതിഷേധിച്ച കോണ്‍ഗ്രസ്, യൂത്ത് കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ക്കുനേരെയുള്ള പോലിസ് അതിക്രമങ്ങളില്‍ പ്രതിഷേധിച്ച് കെഎസ്‌യു പോലിസ് ആസ്ഥാനത്തേക്കു നടത്തിയ മാര്‍ച്ചില്‍ സംഘര്‍ഷം. പ്രതിഷേധക്കാര്‍ക്കു നേരെ പോലിസ് ജലപീരങ്കിയും ലാത്തിചാര്‍ജും നടത്തി. വെള്ളയമ്പലം ജങ്ഷന്‍വരെ പോലിസ് കെഎസ്‌യു പ്രവര്‍ത്തകരെ ഓടിച്ചിട്ട് തല്ലി. പല നേതാക്കളെയും ബലം പ്രയോഗിച്ച് അറസ്റ്റ് ചെയ്ത് നീക്കി. കെപിസിസി ആസ്ഥാനത്തുനിന്ന് ആരംഭിച്ച മാര്‍ച്ചില്‍ കെഎസ്‌യു പ്രവര്‍ത്തകര്‍ പോലിസിനുനേരെ മുളകുപൊടി പ്രയോഗിച്ചു. മുട്ടത്തോടിനുള്ളില്‍ മുളകുപൊടി നിറച്ചാണ് പ്രയോഗിച്ചെന്നാണ് നിഗമനം. ഇതിന്റേതെന്ന് കരുതുന്ന അവശിഷ്ടങ്ങള്‍ റോഡില്‍ നിന്നും കണ്ടെടുത്തു. വലിയ ഗോലികളും പ്രദേശത്ത് നിന്നും കണ്ടെടുത്തതായി പോലിസ് അറിയിച്ചു.
മാത്യൂ കുഴല്‍നാടന്‍ എംഎല്‍എയുടെ ഉദ്ഘാടന പ്രസംഗത്തിന് ശേഷം പോലിസ് ബാരിക്കേഡ് കെഎസ്‌യു പ്രവര്‍ത്തകര്‍ തകര്‍ക്കാന്‍ ശ്രമിച്ചതോടെയാണ് ജലപീരങ്കി പ്രയോഗിച്ചത്. എന്നിട്ടും പ്രവര്‍ത്തകര്‍ പിരിഞ്ഞുപോവാന്‍ തയ്യാറായില്ല. ശക്തമായ ജലപീരങ്കി പ്രയോഗത്തില്‍ വനിതാ പ്രവര്‍ത്തകര്‍ അടക്കം നിലത്തുവീണതിനു പിന്നാലെയാണ് ലാത്തിവീശിയത്. പോലിസില്‍ സംഘപരിവാരവല്‍ക്കരണം നടക്കുകയാണെന്നും മുഖ്യമന്ത്രി മറുപടി പറയണമെന്നും കെഎസ്‌യു സംസ്ഥാന പ്രസിഡന്റ് അലോഷ്യസ് സേവ്യര്‍ പറഞ്ഞു. അലോഷ്യസ് സേവ്യറിനെ റോഡിലേക്ക് വലിച്ചിട്ട് മര്‍ദ്ദിക്കുകയും ചെയ്തു. പ്രവര്‍ത്തകരെ അറസ്റ്റ് ചെയ്തു നീക്കിയെങ്കിലും ബലംപ്രയോഗിച്ച് അവരെ പുറത്തിറക്കി. ലാത്തിച്ചാര്‍ജില്‍ മാത്യു കുഴല്‍നാടന്‍ എംഎല്‍എ ഉള്‍പ്പെടെയുള്ളവര്‍ക്ക് പരിക്കേറ്റു. മാര്‍ച്ച് തുടങ്ങിയ ഉടനെ ജലപീരങ്കി പ്രയോഗിച്ചശേഷം ലാത്തിചാര്‍ജ് നടത്തിയെന്നാണ് കെഎസ്‌യു ആരോപണം.