'തമിഴ് തായ് വാഴ്ത്' തമിഴ്‌നാടിന്റെ സംസ്ഥാന ഗാനമായി സ്റ്റാലിന്‍ പ്രഖ്യാപിച്ചു
ചെന്നൈ: 'തമിഴ് തായ് വാഴ്ത്' എന്ന തമിഴ് ഗാനം സംസ്ഥാന ഗാനമായി പ്രഖ്യാപിച്ച് തമിഴ്‌നാട് മുഖ്യമന്ത്രി എംകെ സ്റ്റാലിന്‍. എല്ലാ വിദ്യാഭ്യാസ സ്ഥാപനങ്ങളിലും സര്‍ക്കാര്‍ സ്ഥാപനങ്ങളിലും ചടങ്ങുകള്‍ക്ക് മുമ്പ് ഗാനം ആലപിക്കണം എന്നും നിര്‍ബന്ധമാക്കി. പാട്ട് കേള്‍ക്കുമ്പോള്‍ ആദര സൂചകമായി എഴുന്നേറ്റ് നില്‍ക്കണമെന്നും നിര്‍ബന്ധമാക്കിയിട്ടുണ്ട്.
അടുത്തിടെ, മദ്രാസ് ഹൈക്കോടതിയുടെ മധുര ബെഞ്ച്, 2018ല്‍ കാഞ്ചി കാമകോടി പീഠത്തിന്റെ മഠാധിപതി ശ്രീ വിജയേന്ദ്ര സരസ്വതി സ്വാമികള്‍ 'തമിഴ് തായ് വാഴ്ത്ത്' ആലപിക്കുമ്പോള്‍ എഴുന്നേല്‍ക്കാതിരുന്ന സംഭവവുമായി ബന്ധപ്പെട്ട ഒരു കേസ് കേട്ടിരുന്നു. 'തമിഴ് തായ് വാഴ്ത്ത്' ഒരു പ്രാര്‍ത്ഥനാ ഗാനമാണെന്നും സാധാരണ ഗാനമല്ലെന്നുമാണ് കേസ് പരിഗണിക്കുന്നതിനിടെ ജസ്റ്റിസ് ജി.ആര്‍. സ്വാമിനാഥന്‍ പറഞ്ഞത്. എന്നാല്‍,
'തമിഴ് തായ് വാഴ്ത്ത്' ആലപിക്കുമ്പോള്‍ എഴുന്നേറ്റ് നില്‍ക്കണമെന്ന് നിയമപരമോ എക്‌സിക്യൂട്ടീവ് ഉത്തരവോ ഇല്ലെന്നും കോടതി നിരീക്ഷിച്ചു. 'തമിഴ് തായ് വാഴ്'ത്തിനോട് ആദരവ് കാണിക്കണമെന്നും കോടതി കൂട്ടിച്ചേര്‍ത്തു.
അഞ്ച് പതിറ്റാണ്ടിലേറെയായി സര്‍ക്കാര്‍ പരിപാടികളുടെ ഭാഗമായ ഗാനം ആലപിക്കരുതെന്നും എല്ലാ പരിപാടികള്‍ക്ക് മുമ്പും ശേഷവും ദേശീയ ഗാനം പാടണമെന്നും കാണിച്ച് ഒരാഴ്ച മുമ്പ് സര്‍ക്കാര്‍ വകുപ്പുകള്‍ക്ക് നോട്ടിസ് നല്‍കിയിരുന്നു. ഇതിനിടേയാണ് ഇന്ന് സംസ്ഥാന സര്‍ക്കാര്‍ 'തമിഴ് തായ് വാഴ്ത്' തമിഴ്‌നാടിന്റെ ഔദ്യോഗിക ഗാനമായി പ്രഖ്യാപിച്ചത്.