വായ്പകള്‍ക്ക് ഒരു വര്‍ഷത്തെ മോറട്ടോറിയം പ്രഖ്യാപിക്കണം: മുഖ്യമന്ത്രി
നമ്മുടെ നഷ്ടം ചെറുതല്ല. കഴിഞ്ഞ മാര്‍ച്ച് 19ഏപ്രില്‍ 19 മാസവുമായി താരതമ്യം ചെയ്താല്‍ ഇത്തവണ സംസ്ഥാനത്തിന്റെ സ്വന്തം റവന്യു വരുമാനത്തില്‍ 6451 കോടി രൂപയുടെ നഷ്ടമാണ് ഉണ്ടായതെന്നും മുഖ്യമന്ത്രി ചൂണ്ടിക്കാട്ടി.
തിരുവനന്തപുരം: ചെറുകിട വ്യവസായ സംരംഭകരുടെ നിലവിലുള്ള വായ്പയ്ക്ക് ഒരു വര്‍ഷത്തെ മോറട്ടോറിയം നല്‍കണമെന്നും ഈ കാലയളവില്‍ പലിശ ഒഴിവാക്കണമെന്നും മുഖ്യമന്ത്രി പിണറായി വിജയന്‍ കേന്ദ്ര സര്‍ക്കാരിനോട് ആവശ്യപ്പെട്ടു. ഇന്നലെ പ്രഖ്യാപിച്ച കേന്ദ്ര പാക്കേജില്‍ പുതിയ വായ്പകള്‍ അനുവദിക്കുന്ന കാര്യം മാത്രമേ പരിഗണിച്ചിട്ടുള്ളൂ. അതുതന്നെ ബാങ്കുകള്‍ കനിഞ്ഞാല്‍ മാത്രമേ യാഥാര്‍ത്ഥ്യമാവുകയുള്ളൂ. എന്നാല്‍, മോറട്ടോറിയം കാലത്ത് പലിശ ഒഴിവാക്കുന്ന കാര്യം പരിഗണിക്കാന്‍ തയ്യാറായിട്ടില്ല. അങ്ങനെ ചെയ്തിരുന്നുവെങ്കില്‍ കേന്ദ്രസര്‍ക്കാരിന്റെ കൈയില്‍ നിന്ന് പണം നല്‍കേണ്ടി വരുമായിരുന്നു. ഇപ്പോള്‍ പ്രഖ്യാപിച്ച പാക്കേജില്‍ കേന്ദ്രസര്‍ക്കാരിന്റെ ബജറ്റില്‍ നിന്ന് ചെലവാകുന്നത് നാമമാത്രമായ തുകയാണ്. ഈ സ്ഥിതിക്ക് മാറ്റം വരണം.
ബാങ്കുകള്‍ വായ്പ കൊടുക്കാന്‍ വിസമ്മതിക്കുന്ന പ്രശ്‌നം ഈ ദുരിതകാലത്തു പോലും വന്നിട്ടുണ്ട്. പുറത്തുവരുന്ന വാര്‍ത്തകള്‍ പ്രകാരം ബാങ്കുകള്‍ ആര്‍ബിഐയില്‍ പണമടച്ച് പലിശ നേടാനാണ് ശ്രമിക്കുന്നത്. എട്ടര ലക്ഷം കോടി രൂപ ഇപ്രകാരം നിക്ഷേപിച്ചിട്ടുണ്ട്. ബാങ്കുകളെയും വ്യവസായങ്ങളെയും മറ്റും ഒരുമിച്ചിരുത്തി ഇക്കാര്യത്തില്‍ സാമ്പത്തിക മേഖലയ്ക്കാകെ പ്രയോജനപ്പെടുന്ന ഇടപെടലുകള്‍ നടത്താന്‍ ശ്രമിക്കും.
വൈദ്യുതിയുടെ ഫിക്‌സ്ഡ് ചാര്‍ജ് ഇപ്പോള്‍ മാറ്റിവെച്ചിരിക്കുകയാണ്. എഴുതിത്തള്ളുന്നതിന് കേന്ദ്രസര്‍ക്കാരിന്റെ സഹായം വേണം. ഇതോടൊപ്പം ചെറുകിട മേഖലയില്‍ പണിയെടുക്കുന്ന തൊഴിലാളികള്‍ക്ക് ധനസഹായം നല്‍കേണ്ടതുണ്ട്. പിഎഫ് അടയ്ക്കുന്നതിനുവേണ്ടിയുള്ള കേന്ദ്രസഹായം ലഭിക്കണമെങ്കില്‍ 15,000 രൂപയില്‍ താഴെയായിരിക്കണം ശമ്പളമെന്ന നിബന്ധന നീക്കം ചെയ്യാന്‍ തയ്യാറാകണം.
വൈദ്യുതി കമ്പനികള്‍ക്ക് അനുവദിച്ചിട്ടുള്ള 90,000 കോടി രൂപയുടെ സഹായത്തിന്റെ ഗ്യാരണ്ടി സംസ്ഥാനങ്ങളാണ് വഹിക്കേണ്ടി വരിക. എന്നാല്‍, സംസ്ഥാന സര്‍ക്കാരുകള്‍ക്ക് ഇതുവരെ ഒരു ധനസഹായവും പ്രഖ്യാപിക്കാന്‍ തയ്യാറായിട്ടില്ല. ഈ സമീപനം ഇനിയുള്ള ദിവസങ്ങളില്‍ തിരുത്തുമെന്നാണ് കേരള സര്‍ക്കാര്‍ പ്രതീക്ഷിക്കുന്നത്.
കേന്ദ്ര ധനമന്ത്രി സംസ്ഥാന ധനമന്ത്രിമാരുമായി ആശയവിനിമയം നടത്തി ആരോഗ്യസാമൂഹ്യ സുരക്ഷാ പ്രവര്‍ത്തനങ്ങളില്‍ വ്യാപൃതരാവുന്ന സംസ്ഥാനങ്ങളെ സാമ്പത്തികമായി സഹായിക്കുന്നതിന് വ്യക്തമായ പദ്ധതിയൊരുക്കണം. വരുമാനം തീരെയില്ലാത്തതും ചെലവ് ഇരട്ടിച്ചതുമായി ഈ ഘട്ടത്തില്‍ ഇത് അത്യാവശ്യമാണ്.
നമ്മുടെ നഷ്ടം ചെറുതല്ല. കഴിഞ്ഞ മാര്‍ച്ച് 19ഏപ്രില്‍ 19 മാസവുമായി താരതമ്യം ചെയ്താല്‍ ഇത്തവണ സംസ്ഥാനത്തിന്റെ സ്വന്തം റവന്യു വരുമാനത്തില്‍ 6451 കോടി രൂപയുടെ നഷ്ടമാണ് ഉണ്ടായതെന്നും മുഖ്യമന്ത്രി ചൂണ്ടിക്കാട്ടി.