സിഎൻജി വാഹനം വാങ്ങിയവരും പെട്ടു; സിഎന്‍ജി വില ഡീസലിനൊപ്പമെത്തി
സിഎന്‍ജി വില 85.90 രൂപയില്‍ നിന്നും 89 രൂപയായി വില. സിഎന്‍ജിയും ഡീസലും തമ്മിലുള്ള അന്തരം ഇതോടെ 5.53 രൂപയായി കുറഞ്ഞു.
കൊച്ചി: പെട്രോള്‍, ഡീസല്‍ വിലക്കയറ്റത്തില്‍ പിടിച്ചുനില്‍ക്കാനാവാതെ ദ്രവീകൃത പ്രകൃതിവാതകത്തില്‍ (സിഎന്‍ജി) ഓടുന്ന വാഹനങ്ങളിലേക്ക് മാറിയവരുടെ ദൈനംദിന ഇന്ധനച്ചെലവ് വീണ്ടും ഉയരും. രാജ്യത്ത് ഉത്പാദിപ്പിക്കുന്ന പ്രകൃതി വാതകത്തിന് സര്‍ക്കാര്‍ നിര്‍ദേശിച്ച വില പരിഷ്‌കരിച്ചതോടെ ഉപോത്പന്നമായ സിഎന്‍ജിക്കും വില കൂടി. കൊച്ചിയില്‍ സിഎന്‍ജിക്ക് 3.10 രൂപയാണ് കൂടിയത്.
ഇതോടെ സിഎന്‍ജി വില 85.90 രൂപയില്‍ നിന്നും 89 രൂപയായി. സിഎന്‍ജിയും ഡീസലും തമ്മിലുള്ള അന്തരം ഇതോടെ 5.53 രൂപയായി കുറഞ്ഞു. ഒരു ലിറ്റര്‍ ഡീസലിന് കൊച്ചിയില്‍ 94.53 രൂപയാണ്. പ്രകൃതി വാതകത്തിന്റെ വില ഒരു ദശലക്ഷം ബ്രിട്ടീഷ് തെര്‍മല്‍ യൂനിറ്റിന് നേരത്തെയുണ്ടായിരുന്ന 6.10 ഡോളറില്‍ നിന്നും 8.57 ഡോളറായാണ് വര്‍ധിച്ചത്.
ഇതാണ് സിഎന്‍ജി വിലയില്‍ പ്രതിഫലിച്ചത്. ഈ വര്‍ഷം ഏപ്രിലില്‍ പ്രകൃതിവാതക വില പരിഷ്‌കരിച്ചപ്പോള്‍ സിഎന്‍ജി വില കിലോഗ്രാമിന് ഒമ്പത് രൂപയോളം കൂടിയിരുന്നു. ആഗസ്തോടെ വില 91 രൂപയിലേക്ക് എത്തിയെങ്കിലും ഇതേ മാസം പകുതിയോടെ വില കുറയുകയായിരുന്നു.