തീരദേശ മേഖലയിലെ പ്രതിസന്ധി: അടിയന്തര പാക്കേജ് പ്രഖ്യാപിക്കണം:എസ് ഡി പി ഐ

സാമ്പത്തിക സഹായം ഇടനിലക്കാരെ ഒഴിവാക്കി തീരദേശ ജനതയ്ക്ക് നേരിട്ട് വിതരണം ചെയ്യാന്‍ സംവിധാനമൊരുക്കണമെന്ന് എസ്ഡിപിഐ സംസ്ഥാന സെക്രട്ടറി പി ആര്‍ സിയാദ്.ദുരന്തങ്ങള്‍ വേട്ടയാടുന്ന തീരദേശ ജനതയുടെ കണ്ണീരൊപ്പാന്‍ സര്‍ക്കാര്‍ അടിയന്തര സാമ്പത്തിക പാക്കേജ് പ്രഖ്യാപിക്കണമെന്നും അല്ലാത്തപക്ഷം ശക്തമായ പ്രക്ഷോഭങ്ങള്‍ക്ക് പാര്‍ട്ടി നേതൃത്വം നല്‍കുമെന്നും പി ആര്‍ സിയാദ് മുന്നറിയിപ്പു നല്‍കി

Update: 2021-06-12 08:10 GMT

കൊച്ചി: കടല്‍ക്ഷോഭവും കൊവിഡ് മഹാമാരിയും തീരദേശ ജനതയെ തീരാദു:ഖത്തിലാക്കിയിരിക്കുകയാണെന്നും അവരുടെ പ്രതിസന്ധി പരിഹരിക്കുന്നതിന് അടിയന്തര സാമ്പത്തിക പാക്കേജ് പ്രഖ്യാപിക്കാന്‍ സംസ്ഥാന സര്‍ക്കാര്‍ തയ്യാറാവണമെന്നും എസ്ഡിപിഐ സംസ്ഥാന സെക്രട്ടറി പി ആര്‍ സിയാദ്.

സാമ്പത്തിക സഹായം ഇടനിലക്കാരെ ഒഴിവാക്കി തീരദേശ ജനതയ്ക്ക് നേരിട്ട് വിതരണം ചെയ്യാന്‍ സംവിധാനമൊരുക്കണം. സുനാമിയുടെ കെടുതികള്‍ അടങ്ങും മുമ്പേ ഓഖിയെത്തി. പിന്നീടിങ്ങോട്ട് ടൗട്ടേ ചുഴലിക്കാറ്റ് വരെ തീരദേശ ജനത എണ്ണിയാലൊടുങ്ങാത്ത യാതനകളാണ് അനുഭവിക്കുന്നത്. ഇതിനോടൊപ്പമെത്തിയ കൊവിഡ് മഹാമാരിയും അതേതുടര്‍ന്നുണ്ടായ ലോക് ഡൗണും ജനതയെ ദാരിദ്ര്യത്തിന്റെ പടുകുഴിയിലാക്കിയിരിക്കുകയാണെന്നും പി ആര്‍ സിയാദ് വ്യക്തമാക്കി.

അന്തിയുറങ്ങാനുള്ള കൂരകള്‍ ആര്‍ത്തലച്ചെത്തുന്ന തിരമാലകള്‍ കവര്‍ന്നെടുക്കുമ്പോള്‍ മഹാമാരി അവരുടെ അന്നവും മുട്ടിച്ചിരിക്കുന്നു. പ്രതികൂല കാലാവസ്ഥ വന്നാല്‍ ആദ്യം വിലക്ക് വരുന്നത് തീരദേശവാസികളുടെ ഉപജീവനമാര്‍ഗ്ഗങ്ങള്‍ക്കാണ്. ഇതിനിടെ അനിയന്ത്രിതമായ ഇന്ധനവില വര്‍ധന പ്രതിസന്ധി കൂടുതല്‍ വര്‍ധിപ്പിച്ചിരിക്കുകയാണ്. കൂടാതെ ഇനി ഒന്നര മാസത്തിലധികം ട്രോളിങ് നിരോധനം ഏര്‍പ്പെടുത്തിയിരിക്കുകയാണ്.

കടല്‍ക്ഷോഭം നേരിടുന്നതിന് ശാസ്ത്രീയവും സമഗ്രവുമായ പദ്ധതികള്‍ നടപ്പിലാക്കണം. രണ്ടാം ഇടതു സര്‍ക്കാര്‍ ബജറ്റില്‍ വകയിരുത്തിയിരിക്കുന്ന തുക പ്രതിസന്ധി പരിഹരിക്കുന്നതിന് അപര്യാപ്തമാണ്. സര്‍ക്കാര്‍ നൂറു ദിന കര്‍മപദ്ധതിയുടെ ഭാഗമായി തീരദേശ മേഖലയ്ക്ക് ആശ്വാസപദ്ധതി പ്രഖ്യാപിക്കാത്തത് പ്രതിഷേധാര്‍ഹമാണ്. കൂനിന്മേല്‍ കുരു എന്നതു പോലെ ദുരന്തങ്ങള്‍ വേട്ടയാടുന്ന തീരദേശ ജനതയുടെ കണ്ണീരൊപ്പാന്‍ സര്‍ക്കാര്‍ അടിയന്തര സാമ്പത്തിക പാക്കേജ് പ്രഖ്യാപിക്കണമെന്നും അല്ലാത്തപക്ഷം ശക്തമായ പ്രക്ഷോഭങ്ങള്‍ക്ക് പാര്‍ട്ടി നേതൃത്വം നല്‍കുമെന്നും പി ആര്‍ സിയാദ് മുന്നറിയിപ്പു നല്‍കി.

Tags:    

Similar News