കര്‍ണാടകയില്‍ കോളജുകള്‍ വീണ്ടും തുറന്നു; ഒമ്പത് ജില്ലകളില്‍ നിരോധനാജ്ഞ
പ്രതിഷേധങ്ങളും റാലികളും ഉള്‍പ്പെടെ എല്ലാ സമ്മേളനങ്ങള്‍ക്കും വിലക്കുണ്ട്. പ്രകോപനപരമായ മുദ്രാവാക്യങ്ങള്‍, ഗാനങ്ങള്‍, പ്രസംഗം എന്നിവ കര്‍ശനമായി നിരോധിച്ചിട്ടുണ്ട്
ബംഗളൂരു: ഹിജാബ് നിരോധനത്തിന് പിന്നാലെ അടച്ച കര്‍ണാടകയിലെ പ്രീ യൂണിവേഴ്സ്റ്റി, ബിരുദ കോളേജുകള്‍ തുറന്നു. കനത്ത സുരക്ഷയോടെയാണിത്.ഒമ്പത് ജില്ലകളില്‍ നിരോധനാജ്ഞ പ്രഖ്യാപിച്ചിട്ടുണ്ട്.വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്ക് സമീപം അക്രമ സാധ്യതയുണ്ടെന്ന വിലയിരുത്തലിലാണ് തീരുമാനം.
ഹിജാബ് നിരോധനം സംബന്ധിച്ച് അന്തിമ വിധി വരുംവരെ യൂണിഫോം സംബന്ധിച്ച തല്‍സ്ഥിതി തുടരണമെന്നും വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ തുറക്കണമെന്നും കര്‍ണാടക ഹൈക്കോടതി ഇടക്കാല ഉത്തരവിട്ടിരുന്നു. ഇതേത്തുടര്‍ന്നാണ് ഒരാഴ്ചയോളം അടച്ചിട്ടിരുന്ന വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ വീണ്ടും തുറക്കുന്നത്.
ഹിജാബ് വിവാദം തുടക്കമിട്ട, ഉഡുപ്പി ജില്ലയിലെ എല്ലാ സ്‌കൂളുകള്‍ക്കും സെക്ഷന്‍ 144 പ്രകാരം ഫെബ്രുവരി 19 വരെ നിരോധനാജ്ഞ ഏര്‍പ്പെടുത്തിയിരുന്നു. പ്രതിഷേധം വ്യാപിച്ചതോടെ, ബാഗല്‍കോട്ട്, ബെംഗളൂരു, ചിക്കബെല്ലാപുര, ഗദഗ്, ഷിമോഗ, മൈസൂര്‍, ദക്ഷിണ കന്നഡ, തുംകൂര്‍ ജില്ലകളിലും നിരോധനാജ്ഞ പ്രഖ്യാപിക്കുകയായിരുന്നു. എല്ലാ വിദ്യാഭ്യാസ സ്ഥാപനങ്ങളുടെയും 200 മീറ്റര്‍ ചുറ്റളവിലാകും ഉത്തരവ് പ്രാബല്യത്തില്‍ വരുക. പ്രതിഷേധങ്ങളും റാലികളും ഉള്‍പ്പെടെ എല്ലാ സമ്മേളനങ്ങള്‍ക്കും വിലക്കുണ്ട്. പ്രകോപനപരമായ മുദ്രാവാക്യങ്ങള്‍, ഗാനങ്ങള്‍, പ്രസംഗം എന്നിവ കര്‍ശനമായി നിരോധിച്ചിട്ടുണ്ട്.