ഹിന്ദുവിരുദ്ധ പരാമര്‍ശം നടത്തിയെന്നാരോപിച്ച് നടന്‍ ചേതന്‍ കുമാറിനെതിരേ കേസ്
കന്നഡ സിനിമയായ 'കാന്താര' കാണിക്കുന്ന 'ഭൂത കോലം' ഹിന്ദുസംസ്‌കാരത്തിന്റെ ഭാഗമല്ലെന്നും ഹിന്ദുക്കള്‍ ഇന്ത്യയില്‍ വരുന്നതിനുമുമ്പേ ഇവിടത്തെ ആദിവാസികള്‍ക്കിടയിലുണ്ടായിരുന്ന ആചാരമാണെന്നും കഴിഞ്ഞദിവസം ചേതന്‍ അഭിപ്രായപ്പെട്ടിരുന്നു.
ബംഗളൂരു: ഹിന്ദുവിരുദ്ധ പരാമര്‍ശം നടത്തിയെന്ന പരാതിയില്‍ നടന്‍ ചേതന്‍ കുമാറിനെതിരേ ബംഗളൂരു പോലിസ് കേസെടുത്തു. ബജ്‌റംഗ്ദള്‍ ബംഗളൂരു നോര്‍ത്ത് കണ്‍വീനര്‍ ശിവകുമാറാണ് നടനെതിരേ പരാതിയുമായി പോലിസിനെ സമീപിച്ചത്. സമൂഹത്തില്‍ ഭിന്നിപ്പുണ്ടാക്കാനുള്ള ശ്രമം ഉള്‍പ്പെടെയുള്ള വകുപ്പുകള്‍ ചുമത്തിയാണ് ചേതനെതിരേ ശേഷാദ്രിപുരം പോലിസ് കേസെടുത്തത്.
കന്നഡ സിനിമയായ 'കാന്താര' കാണിക്കുന്ന 'ഭൂത കോലം' ഹിന്ദുസംസ്‌കാരത്തിന്റെ ഭാഗമല്ലെന്നും ഹിന്ദുക്കള്‍ ഇന്ത്യയില്‍ വരുന്നതിനുമുമ്പേ ഇവിടത്തെ ആദിവാസികള്‍ക്കിടയിലുണ്ടായിരുന്ന ആചാരമാണെന്നും കഴിഞ്ഞദിവസം ചേതന്‍ അഭിപ്രായപ്പെട്ടിരുന്നു.
ഇതിനെതിരെ ഹിന്ദുത്വസംഘടനകള്‍ പ്രതിഷേധവുമായി രംഗത്തെത്തിയിരുന്നു. ഈ പരാമര്‍ശത്തിന്റെ പേരില്‍ ഹിന്ദു ജാഗരണവേദികെ ഉഡുപ്പിയില്‍ മറ്റൊരു പരാതിയും നടനെതിരെ നല്‍കിയിട്ടുണ്ട്. അതിനിടെ നടന്‍ ചേതനെ പിന്തുണച്ച് ദലിത് സംഘടനകള്‍ രംഗത്തെത്തി.
പ്രാചീന ദ്രാവിഡ സംസ്‌കാരത്തിന്റെ ഭാഗമാണ് ഭൂതകോലമെന്ന് ദലിത് സംഘടനാനേതാക്കള്‍ ചൂണ്ടിക്കാട്ടി. കഴിഞ്ഞ ഫെബ്രുവരിയില്‍ ഹിജാബ് വിധി പുറപ്പെടുവിച്ച ജഡ്ജിക്കെതിരേ ട്വിറ്ററില്‍ പരാമര്‍ശം നടത്തിയതിന് ചേതനെ അറസ്റ്റ് ചെയ്തിരുന്നു. രണ്ടു ദിവസത്തിന് ശേഷം ജാമ്യത്തില്‍ പുറത്തിറങ്ങുകയായിരുന്നു.