'യോഗിയുടേത് വിദ്വേഷ അജണ്ട'; നീതിക്കുവേണ്ടിയുള്ള പോരാട്ടത്തില്‍ ഡോ. കഫീല്‍ ഖാനൊപ്പമെന്ന് പ്രിയങ്കാ ഗാന്ധി
ന്യൂഡല്‍ഹി: ഡോ. കഫീല്‍ ഖാനെ സര്‍വീസില്‍ നിന്ന് പിരിച്ചുവിട്ട നടപടിയില്‍ യോഗി സര്‍ക്കാരിനെതിരേ രൂക്ഷ വിമര്‍ശനവുമായി കോണ്‍ഗ്രസ് നേതാവ് പ്രിയങ്കാ ഗാന്ധി. ഡോ. കഫീല്‍ ഖാനെ പിരിച്ചുവിട്ട നടപടി വിദ്വേഷ അജണ്ടയുടെ ഭാഗമാണെന്ന് പ്രിയങ്കാ ഗാന്ധി തുറന്നടിച്ചു. ഡോ. കഫീല്‍ ഖാനെതിരായ യുപി സര്‍ക്കാറിന്റെ നടപടി ദുരുദ്ദേശ്യപരമാണ്. പ്രതികാര നടപടിയുടെ ഭാഗമായാണ് യുപി സര്‍ക്കാര്‍ കഫീല്‍ ഖാനെ നിരന്തരം ഉപദ്രവിച്ചുകൊണ്ടിരിക്കുന്നത്. എന്നാല്‍, ഇതൊന്നും ഭരണഘടനയ്ക്ക് മുകളിലല്ലെന്ന് സര്‍ക്കാര്‍ ഓര്‍ക്കണമെന്ന് പ്രിയങ്കാ ഗാന്ധി പറഞ്ഞു. നീതിക്കുവേണ്ടിയുള്ള പോരാട്ടത്തില്‍ ഡോ. കഫീല്‍ ഖാനൊപ്പമാണ് കോണ്‍ഗ്രസ് പാര്‍ട്ടിയെന്നും അവര്‍ ട്വിറ്ററില്‍ വ്യക്തമാക്കി.
उप्र सरकार द्वारा डॉ. कफील खान की बर्खास्तगी दुर्भावना से प्रेरित है। नफरती एजेंडा से प्रेरित सरकार उनको प्रताड़ित करने के लिए ये सब कर रही है।
— Priyanka Gandhi Vadra (@priyankagandhi) November 11, 2021
लेकिन सरकार को ध्यान रखना चाहिए कि वो संविधान से ऊपर नहीं है। कांग्रेस पार्टी डॉ कफील की न्याय की लड़ाई में उनके साथ है और हमेशा रहेगी। pic.twitter.com/xidIyzv3sI
ഉത്തര്‍പ്രദേശിലെ ബിആര്‍ഡി മെഡിക്കല്‍ കോളജില്‍ ഓക്‌സിജനില്ലാത്തതിനെ തുടര്‍ന്ന് കുട്ടികള്‍ മരിച്ച സംഭവത്തിലാണ് ഡോ. കഫീല്‍ ഖാനെ സര്‍വീസില്‍ നിന്ന് യുപി സര്‍ക്കാര്‍ പിരിച്ചു വിട്ടത്. ബിആര്‍ഡി മെഡിക്കല്‍ കോളജിലെ ശിശുമരണവുമായി ബന്ധപ്പെട്ടാണ് നടപടി.
2017 മുതല്‍ സസ്‌പെന്‍ഷനിലാണ് കഫീല്‍ ഖാന്‍ സസ്‌പെന്‍ഷനെതിരായ നിയമ പോരാട്ടം കോടതിയില്‍ തുടരവേയാണ് സര്‍ക്കാര്‍ നടപടി. നീതിക്ക് വേണ്ടിയുള്ള പോരാട്ടം തുടരുമെന്ന് കഫീല്‍ ഖാന്‍ അറിയിച്ചു.
2017ലാണ് ഗൊരഖ്പുര്‍ ബിആര്‍ഡി മെഡിക്കല്‍ കോളജില്‍ ഓക്‌സിജന്‍ ലഭിക്കാതെ 63 കുഞ്ഞുങ്ങള്‍ മരിച്ചത്. ആശുപത്രിയിലെ ശിശുരോഗ വിദഗ്ധനായ ഡോ. കഫീല്‍ ഖാനെ ഇതിന് പിന്നാലെ സസ്‌പെന്‍ഡ് ചെയ്യുകയും അഴിമതിയും അനാസ്ഥയും ആരോപിച്ച് ഒമ്പത് മാസം ജയിലില്‍ അടക്കുകയും ചെയ്തിരുന്നു. ഓക്‌സിജന്‍ കിട്ടാതെയാണ് കുഞ്ഞുങ്ങള്‍ മരിച്ചതെന്ന് വിവരം പുറത്തുവന്നതാണ് സര്‍ക്കാരിനെ പ്രകോപിച്ചത്. ആശുപത്രിയി അധികൃതരുടേയും സര്‍ക്കാരിന്റേയും അനാസ്ഥ മൂലം കുട്ടികള്‍ മരിക്കാനിടയായ സംഭവത്തില്‍ ശിശു രോഗ വിദഗ്ധനെ സസ്‌പെന്റ് ചെയ്ത നടപടി ഏറെ വിവാദമായിരുന്നു. 2019 സപ്തംബറില്‍ കഫീല്‍ ഖാനെ കുറ്റമുക്തനാക്കി പ്രിന്‍സിപ്പല്‍ സെക്രട്ടറി അന്വേഷണ റിപ്പോര്‍ട്ടും സമര്‍പ്പിച്ചു. സംഭവം നടക്കുമ്പോള്‍ ഡോ. ഖാന്‍ അല്ലായിരുന്നു ആശുപത്രിയിലെ എന്‍സഫലൈറ്റിസ് വാര്‍ഡിന്റെ നോഡല്‍ ഓഫീസര്‍ എന്നും, യാതൊരു ചുമതലകളും ഇല്ലാതിരുന്നിട്ടുകൂടി ഡോ. ഖാന്‍ കുട്ടികള്‍ മരിക്കാതിരിക്കാന്‍ വേണ്ടി സ്വന്തം ചെലവില്‍ ഓക്‌സിജന്‍ സിലിണ്ടറുകള്‍ എത്തിച്ചിരുന്നു എന്നും പിന്നീട് വന്ന അന്വേഷണ റിപ്പോര്‍ട്ടില്‍ വെളിപ്പെടുത്തപ്പെട്ടിരുന്നു.
എന്നാല്‍, 2019 ഒക്ടോബറില്‍ കഫീല്‍ ഖാനെതിരെ യുപി സര്‍ക്കാര്‍ വീണ്ടും അന്വേഷണം പ്രഖ്യാപിക്കുകയായിരുന്നു. അന്വേഷണ കമീഷന് തെറ്റായ വിവരങ്ങളാണ് നല്‍കിയതെന്നും സര്‍ക്കാര്‍ വിരുദ്ധ പ്രസ്താവനകള്‍ നടത്തിയെന്നുമായിരുന്നു ആരോപണം.
ഇതിനെ എതിര്‍ത്ത് കഫീല്‍ ഖാന്‍ സമര്‍പ്പിച്ച ഹരജിയില്‍ അലഹബാദ് ഹൈകോടതിയിലെ ജസ്റ്റിസ് യശ്വന്ത് വര്‍മ ജൂലൈ 29ന് വാദം കേട്ടിരുന്നു. 2020 ഫെബ്രുവരി 24നാണ് കഫീല്‍ ഖാനെതിരെ പുനരന്വേഷണം ആരംഭിച്ചത്. 2019 ഏപ്രില്‍ 15ന് സമര്‍പ്പിച്ച അന്വേഷണ റിപ്പോര്‍ട്ടില്‍ 11 മാസം വൈകിയാണ് പുനരന്വേഷണമെന്ന് കഫീല്‍ ഖാന്‍ കോടതിയെ ധരിപ്പിച്ചു. താന്‍ ഒഴികെ, അന്ന് സസ്‌പെന്‍ഡ് ചെയ്ത മുഴുവന്‍ പേരെയും സര്‍വിസില്‍ തിരിച്ചെടുത്തതായും അദ്ദേഹം അറിയിച്ചു.
തുടരന്വേഷണം പ്രഖ്യാപിക്കുന്നതിലെ കാലതാമസം അച്ചടക്ക സമിതി വിശദീകരിച്ചിട്ടില്ലെന്ന് കോടതി നിരീക്ഷിച്ചിരുന്നു. നാല് വര്‍ഷത്തിലേറെയായി സസ്‌പെന്‍ഷനില്‍ തുടരുന്നത് വിശദീകരിക്കാനും കോടതി നിര്‍ദേശിച്ചിരുന്നു. കഫീല്‍ ഖാനെതിരായ തുടരന്വേഷണം പിന്‍വലിച്ചതായി സര്‍ക്കാര്‍ കോടതിയില്‍ വ്യക്തമാക്കിയിരുന്നു.
കഴിഞ്ഞവര്‍ഷം അലിഗഢ് സര്‍വകലാശാലയില്‍ പൗരത്വ നിയമഭേദഗതിക്കെതിരേ പ്രസംഗിച്ചതിന് ദേശീയ സുരക്ഷാനിയമം പ്രകാരം കുറ്റം ചുമത്തി കഫീല്‍ ഖാനെ യുപി സര്‍ക്കാര്‍ തടവിലാക്കിയിരുന്നു. ഈ കേസില്‍ കോടതിയുടെ ഇടപെടലിലൂടെയാണ് ജാമ്യം ലഭിച്ചത്. കഫീല്‍ ഖാനെ നിരന്തരം വേട്ടയാടി കൊണ്ടിരിക്കുമ്പോഴും അദ്ദേഹം സാമൂഹിക പ്രവര്‍ത്തനങ്ങളില്‍ പ്രക്ഷോഭങ്ങളിലും സജീവ പങ്കാളിയായിരുന്നു.