കര്‍ണാടകയിലെ കോണ്‍ഗ്രസ് എംഎല്‍എ റോഷന്‍ ബേഗിനെ പാര്‍ട്ടിയില്‍ നിന്ന് സസ്‌പെന്റ് ചെയ്തു

കര്‍ണാടകയില്‍ ഏറെ വിവാദമായ ഐഎംഎ ജ്വല്ലറി കേസുമായി ബന്ധമുണ്ടെന്നു കാണിച്ച് കര്‍ണാടക പ്രദേശ് കോണ്‍ഗ്രസ് കമ്മിറ്റി(കെപിസിസി) നല്‍കിയ പരാതിയെ തുടര്‍ന്നാണു നടപടി.

Update: 2019-06-18 17:37 GMT

ബെംഗളൂരു: ലോക്‌സഭാ തിരഞ്ഞെടുപ്പിലെ കനത്ത തിരിച്ചടിക്കു പിന്നാലെ നേതൃത്വത്തിനെതിരേ വിമര്‍ശനമുന്നയിച്ച കര്‍ണാടകയിലെ കോണ്‍ഗ്രസ് എംഎല്‍എ റോഷന്‍ ബേഗിനെ പാര്‍ട്ടി വിരുദ്ധ പ്രവര്‍ത്തനത്തിനു സസ്‌പെന്റ് ചെയ്തു. കര്‍ണാടകയില്‍ ഏറെ വിവാദമായ ഐഎംഎ ജ്വല്ലറി തട്ടിപ്പ് കേസിലെ പ്രധാനപ്രതി മന്‍സൂര്‍ ഖാനുമായി ബന്ധമുണ്ടെന്ന് ആരോപിച്ച് കര്‍ണാടക പ്രദേശ് കോണ്‍ഗ്രസ് കമ്മിറ്റി(കെപിസിസി) നല്‍കിയ പരാതിയെ തുടര്‍ന്നാണു നടപടി. നേരത്തേ, ലോക്‌സഭാ തിരഞ്ഞെടുപ്പില്‍ സംസ്ഥാനത്തുള്‍പ്പെടെ കോണ്‍ഗ്രസ് കനത്ത തോല്‍വി ഏറ്റുവാങ്ങിയപ്പോള്‍, മുസ് ലിംകള്‍ സാഹചര്യത്തിനനുസരിച്ച് വിട്ടുവീഴ്ചയ്ക്കു തയ്യാറാവണമെന്നും ബിജെപിയുമായി കൂട്ടുകൂടണമെന്നും പറഞ്ഞത് ഏറെ വിവാദമായിരുന്നു. മാത്രമല്ല, കര്‍ണാടകയിലെ പാര്‍ട്ടിയുടെ ചുമതലയുണ്ടായിരുന്ന എഐസിസി നേതാവ് കെ സി വേണുഗോപാലിനെ കുരങ്ങെന്നും സിദ്ധരാമയ്യയെ അഹങ്കാരിയെന്നും കെപിസിസ അധ്യക്ഷന്‍ ദിനേശ് ഗുണ്ടു റാവുവിന്റെ പ്രകടനം പൊള്ളയാണെന്നും പരസ്യവിമര്‍ശനം ഉന്നയിച്ചിരുന്നു. കോണ്‍ഗ്രസ്-ജെഡിഎസ് സഖ്യം പരാജയമാണെന്നും ക്രിസ്ത്യാനികളെ അവഗണിച്ചെന്നും മുസ്‌ലിംകള്‍ക്ക് ഒരു സീറ്റ് മാത്രമാണ് നല്‍കിയതെന്നും റോഷന്‍ ബേയ്ഗ് പറഞ്ഞിരുന്നു. ഇത്തരം പരാമര്‍ശത്തോടെ പാര്‍ട്ടിയില്‍ അവഗണന നേരിട്ട റോഷന്‍ ബേയ്ഗ് എംഎല്‍യെ ഇപ്പോള്‍ സസ്‌പെന്റ് ചെയ്യുകയായിരുന്നു. സംഭവത്തില്‍ വിശദീകരണം തേടി കെപിസിസി നോട്ടീസ് നല്‍കിയിരുന്നെങ്കിലും നല്‍കിയിരുന്നില്ല. ഏഴുതവണ എംഎല്‍എയും ഒരു തവണ മന്ത്രിയുമായ റോഷന്‍ ബേയ്ഗ് ശിവജിനഗറില്‍ നിന്നുള്ള ജനപ്രതിനിധിയാണ്.


Tags:    

Similar News