ജ്വല്ലറിയുടമയുടെ ഭാര്യയില്‍നിന്ന് 1.75 കോടി രൂപയുടെ സ്വര്‍ണാഭരണങ്ങള്‍ തട്ടിയെടുത്ത സന്യാസി അറസ്റ്റില്‍
ഋഷികേശില്‍ വച്ചാണ് യോഗി പ്രിയാവത് അറസ്റ്റിലായത്. ഞായറാഴ്ച രാത്രിയാണ് ഇയാളെ അറസ്റ്റ് ചെയ്തതെന്ന് ഋഷികേശ് ഡിഎസ്പി ദിനേഷ് ചന്ദ്ര പറഞ്ഞു.
ന്യൂഡല്‍ഹി: ഋഷികേശിലെ പ്രമുഖ ജ്വല്ലറിയുടമയുടെ ഭാര്യയില്‍നിന്ന് പണവും സ്വര്‍ണവും ഉള്‍പ്പടെ 1.75 കോടി രൂപ തട്ടിയെടുത്ത സന്യാസി അറസ്റ്റില്‍. ഋഷികേശില്‍ വച്ചാണ് യോഗി പ്രിയാവത് അറസ്റ്റിലായത്. ഞായറാഴ്ച രാത്രിയാണ് ഇയാളെ അറസ്റ്റ് ചെയ്തതെന്ന് ഋഷികേശ് ഡിഎസ്പി ദിനേഷ് ചന്ദ്ര പറഞ്ഞു.
ഇയാളില്‍ നിന്ന് പത്ത് ലക്ഷം രൂപ വിലവരുന്ന സ്വര്‍ണം, വെള്ളി ആഭരണങ്ങള്‍ കണ്ടെടുത്തിട്ടുണ്ട്. സന്യാസി രചിച്ച മാനസ് മോതി എന്ന പുസ്തകത്തിന്റെ പ്രകാശനം നടത്തിയത് ഉത്തരാഖണ്ഡ് മുഖ്യമന്ത്രിയായിരുന്നെന്നും പോലിസ് പറയുന്നു.
ജ്വല്ലറിയുടമയുടെ പരാതിയിലാണ് അറസ്റ്റ്. സന്യാസി ഭാര്യയില്‍ നിന്ന് സ്വര്‍ണാഭരണങ്ങള്‍ ഉള്‍പ്പടെ 1.75 കോടി രൂപയാണ് കവര്‍ന്നത്. മാനസികാസ്വാസ്ഥ്യമുള്ള ഭാര്യ ഇയാളുടെ കെണിയില്‍ പെടുകയായിരുന്നെന്ന് പരാതിയില്‍ പറയുന്നു.
സമൂഹത്തിലെ ഉന്നതരോടൊപ്പമുള്ള ചിത്രങ്ങള്‍ സമൂഹമാധ്യമങ്ങളില്‍ പങ്കിട്ട് അതുപയോഗിച്ച് മറ്റുള്ളവരെ ചൂഷണം ചെയ്യലാണ് ഇയാളുടെ രീതിയെന്ന് പോലിസ് പറഞ്ഞു. ഹരിയാനയില്‍ ഇയാള്‍ക്കെതിരേ നിരവധി കേസുകള്‍ ഉണ്ട്. രണ്ട് തവണ വ്യത്യസ്ത കേസുകളിലായി ജയിലില്‍ കിടന്നതാണെന്നും പോലിസ് പറഞ്ഞു. കൊള്ളയടിച്ച പണവും ആഭരണങ്ങളും ഇയാളില്‍ നിന്നും കണ്ടെത്താനുള്ള ശ്രമം തുടരുകയാണെന്നും ഡിഎസ്പി പറഞ്ഞു.