ഹിന്ദു പെണ്‍കുട്ടിക്കൊപ്പം ബൈക്കില്‍ സഞ്ചരിച്ച മുസ്‌ലിം യുവാവിന് പോക്‌സോ കേസില്‍ മുന്‍കൂര്‍ ജാമ്യം; പരാതിയില്ലെന്ന വീട്ടുകാരുടെ വാദം തള്ളി പോലിസ്
എന്നാല്‍, ഹിന്ദുത്വര്‍ ഈ വിഷയം കുത്തിപ്പൊക്കുകയും ചില സംഘടനയുടെ ആളുകള്‍ അടക്കം വന്ന് യുവാവിനെതിരെ പരാതി നല്‍കാന്‍ പെണ്‍കുട്ടിയിലും അമ്മയിലും ആശുപത്രി ഉടമയിലും സമ്മര്‍ദ്ദം ചെലുത്തുകയുമായിരുന്നു.
കാസര്‍കോട്: പതിനേഴുകാരിയെ തട്ടിക്കൊണ്ടുപോയെന്ന കേസില്‍ ലക്ഷദ്വീപ് സ്വദേശിയായ 23കാരന് മുന്‍കൂര്‍ ജാമ്യം. കാസര്‍കോട്ടെ ഒരു പ്രമുഖ ആശുപത്രിയില്‍ സര്‍ജറി വിഭാഗത്തില്‍ ജോലി ചെയ്യുന്ന യുവാവും നഴ്‌സിങ് ട്രെയിനിയായ പതിനേഴുകാരിയും സെപ്റ്റംബര്‍ 13ന് ബൈക്കില്‍ കറങ്ങിയതിന് കാസര്‍കോട് വനിതാ പോലിസ് രജിസ്റ്റര്‍ ചെയ്ത കേസിലാണ് ജാമ്യം.
സംഭവദിവസം ആശുപത്രിയില്‍ ഓണാഘോഷം നടന്നിരുന്നു. തുടര്‍ന്ന് കാസര്‍കോട് നഗരം കാണിച്ചുതരണമെന്ന് യുവാവിനോട് പെണ്‍കുട്ടി ആവശ്യപ്പെട്ടു. ഇതിന്റെ അടിസ്ഥാനത്തില്‍ രാത്രി 12.45 മണിയോടെ ആശുപത്രിയില്‍ നിന്നും യുവാവും പെണ്‍കുട്ടിയും ബൈക്കില്‍ നഗരം കാണാന്‍ പുറപ്പെട്ടു. ഇടക്ക് മഴ പെയ്തതിനാല്‍ പുലര്‍ച്ചെ 2.45ഓടെ ഇരുവരും ആശുപത്രിയില്‍ തിരിച്ചെത്തി. വൈകി വന്നതിന്റെ പേരില്‍ ഇരുവരെയും ബന്ധപ്പെട്ടവര്‍ ശാസിച്ചിരുന്നു. എന്നാല്‍ കാര്യങ്ങള്‍ മനസിലായതോടെ അച്ചടക്ക നടപടിയുണ്ടായില്ല.
എന്നാല്‍, ഹിന്ദുത്വര്‍ ഈ വിഷയം കുത്തിപ്പൊക്കുകയും ചില സംഘടനയുടെ ആളുകള്‍ അടക്കം വന്ന് യുവാവിനെതിരെ പരാതി നല്‍കാന്‍ പെണ്‍കുട്ടിയിലും അമ്മയിലും ആശുപത്രി ഉടമയിലും സമ്മര്‍ദ്ദം ചെലുത്തുകയുമായിരുന്നു. എന്നാല്‍, പരാതി നല്‍കാന്‍ പെണ്‍കുട്ടിയോ അമ്മയോ വഴങ്ങിയില്ല. സമ്മര്‍ദം ശക്തമായതിനെ തുടര്‍ന്ന് ആശുപത്രി ഉടമ പോലിസിനെ ബന്ധപ്പെട്ടു. രഹസ്യമായി അന്വേഷിച്ച് സത്യം അറിയണമെന്നും ഇരുവരും വ്യത്യസ്ത മതത്തില്‍ പെട്ടവരായതിനാല്‍ വര്‍ഗീയ പ്രശ്‌നങ്ങളുണ്ടാവാന്‍ സാധ്യതയുണ്ടെന്നും മുന്നറിയിപ്പ് നല്‍കി.
ഇതോടെ പ്രായപൂര്‍ത്തിയാവാത്ത പെണ്‍കുട്ടിയെ തട്ടിക്കൊണ്ടു പോയെന്ന് പോലിസ് കേസ് രജിസ്റ്റര്‍ ചെയ്യുകയായിരുന്നു. അമ്മയും മകളും പരാതിയില്ലെന്ന നിലപാടില്‍ ഉറച്ചുനിന്നെങ്കിലും സമ്മതമില്ലാതെ പെണ്‍കുട്ടിയുടെ ശരീരത്തില്‍ വൈദ്യപരിശോധനയും നടത്തി. അസ്വാഭാവികമായ ഒന്നും ഈ പരിശോധനയില്‍ കണ്ടെത്താനും കഴിഞ്ഞില്ല. പെണ്‍കുട്ടിയുടെ മാതാവില്‍ നിന്നും പലതവണ പൊലീസ് മൊഴിയെടുത്തുവെങ്കിലും അവര്‍ നിലപാടില്‍ ഉറച്ചുനില്‍ക്കുകയായിരുന്നു. പെണ്‍കുട്ടിക്ക് 18 വയസ് പൂര്‍ത്തിയാകാന്‍ ഒരു മാസം ബാക്കിയിരിക്കെയാണ് കേസുണ്ടായത്.
കേസെടുത്ത വിവരം അറിഞ്ഞതോടെ യുവാവ് അഡ്വ. സാജിദ് കമ്മാടം വഴി കാസര്‍കോട് സെഷന്‍സ് കോടതിയില്‍ മുന്‍കൂര്‍ ജാമ്യാപേക്ഷ നല്‍കി. നവംബര്‍ 27ന് കേസ് പരിഗണിച്ചപ്പോള്‍ യുവാവിന് മുന്‍കൂര്‍ ജാമ്യം നല്‍കിയാല്‍ ജില്ലയില്‍ സാമുദായിക സംഘര്‍ഷം ഉണ്ടാകുമെന്ന് പ്രോസിക്യൂഷന്‍ നിലപാട് എടുത്തു. എന്നാല്‍, കേസിലൊരു വ്യക്തതയില്ലെന്ന സൂചനകള്‍ കോടതി നല്‍കി. വിശദമായ വാദം കേള്‍ക്കുന്നതിനായി ഡിസംബര്‍ മൂന്നിന് കേസ് മാറ്റിവെച്ചു.
ചൊവ്വാഴ്ച കേസ് വീണ്ടും പരിഗണിച്ചപ്പോള്‍ സാമുദായിക സംഘര്‍ഷം ഉണ്ടാകാന്‍ സാധ്യതയുണ്ടെന്ന വാദം പ്രോസിക്യൂഷന്‍ ആവര്‍ത്തിച്ചെങ്കിലും അമ്മയും മകളും പരാതിയില്ലെന്നു പറഞ്ഞതിനാല്‍ ജാമ്യത്തെ എതിര്‍ത്തില്ല. ഇതിനിടയില്‍ പ്രതിഭാഗം അഭിഭാഷകന്‍ സംഭവത്തില്‍ നിജസ്ഥിതി വ്യക്തമാക്കുന്നതിനായി പെണ്‍കുട്ടിയെയും മാതാവിനെയും അന്ന് ആശുപത്രിയില്‍ ഡ്യൂട്ടിയില്‍ ഉണ്ടായിരുന്ന നഴ്‌സിനെയും കോടതിയില്‍ എത്തിച്ചിരുന്നു.
എന്നാല്‍ അവരുടെ ഭാഗങ്ങള്‍ കേള്‍ക്കേണ്ട ആവശ്യമില്ലെന്ന് വ്യക്തമാക്കി കോടതി യുവാവിന് മുന്‍കൂര്‍ ജാമ്യം അനുവദിക്കുകയായിരുന്നു. 'ഒരു വ്യക്തിയെ എവിടേക്കെങ്കിലും കൊണ്ടുപോകുന്നത് ഒരു കുറ്റകൃത്യമല്ല. അത് ഒരു കുറ്റകൃത്യം ചെയ്യാനുള്ള ഉദ്ദേശ്യത്തോടെയാണ് ചെയ്തതെങ്കില്‍ മാത്രമേ അത് കുറ്റകരമാകൂ. ഈ കേസില്‍, ഇരുവരും പുറത്തുപോയപ്പോള്‍ മറ്റൊരു കുറ്റവും ചെയ്തിട്ടില്ല', യുവാവിന് മുന്‍കൂര്‍ ജാമ്യം അനുവദിച്ചുകൊണ്ട് ജഡ്ജ് വാക്കാല്‍ നിരീക്ഷിച്ചു.
അന്വേഷണത്തിന്റെ ഭാഗമായി യുവാവിനെ രണ്ട് ദിവസങ്ങളിലായി ഓരോ മണിക്കൂര്‍ മാത്രം ചോദ്യം ചെയ്താല്‍ മതിയെന്നും അത് വൈകീട്ട് അഞ്ച് മണിക്കും ആറ് മണിക്കും ഇടയിലായിരിക്കണമെന്നും കോടതി നിര്‍ദേശിച്ചു.