പ്രതിരോധമരുന്നായ കൊവാക്സിന്‍ മനുഷ്യനില്‍ പരീക്ഷിച്ചു; ആദ്യ ഡോസ് നല്‍കിയത് 30കാരന്

ഇതുവരെ 3500 ഓളം പേര്‍ വാക്സിന്‍ പരീക്ഷണത്തിന് സന്നദ്ധത അറിയിച്ച് രംഗത്തെത്തിയിട്ടുള്ളതായി എയിംസ് അധികൃതര്‍ അറിയിച്ചു.

Update: 2020-07-24 13:38 GMT

ന്യൂഡല്‍ഹി: കൊവിഡ് പ്രതിരോധ മരുന്നായ കൊവാക്സിന്‍ ആദ്യ പരീക്ഷണം നടത്തി. ഡല്‍ഹി എയിംസിലെ കൊവിഡ് രോഗിയിലാണ് മരുന്ന് പരീക്ഷിച്ചത്.

മുപ്പതുകാരനായ രോഗിക്കാണ് കൊവാക്‌സിന്റെ ആദ്യഡോസ് നല്‍കിയത്. രണ്ടാഴ്ചത്തെ നിരീക്ഷണത്തിനുശേഷം രണ്ടാമത്തെ ഡോസ് നല്‍കും. ആദ്യ രണ്ടു മണിക്കൂര്‍ ഡോക്ടര്‍മാരുടെ പൂര്‍ണ നിരീക്ഷണത്തിലായിരിക്കും. പിന്നീട് വീട്ടിലേക്ക് അയയ്ക്കുമെങ്കിലും നിരീക്ഷണത്തില്‍ തുടരും.

ഇതുവരെ 3500 ഓളം പേര്‍ വാക്സിന്‍ പരീക്ഷണത്തിന് സന്നദ്ധത അറിയിച്ച് രംഗത്തെത്തിയിട്ടുള്ളതായി എയിംസ് അധികൃതര്‍ അറിയിച്ചു. ഇതില്‍ 22 പേരെങ്കിലും പരിശോധന നടത്തുന്നുണ്ടെന്ന് എയിംസിലെ സെന്റര്‍ ഫോര്‍ കമ്മ്യൂണിറ്റി മെഡിസിന്‍ പ്രൊഫസറായ ഡോ. സഞ്ജയ് റായ് പറഞ്ഞു. ആദ്യഘട്ട പരീക്ഷണത്തില്‍ 18 നും 55 നും ഇടയില്‍ പ്രായമുള്ള ആരോഗ്യവാന്‍മാരായ 100 പേരിലാണ് പരീക്ഷണം നടക്കുക. വാക്‌സിന്‍ മനുഷ്യശരീരത്തില്‍ പ്രയോഗിക്കുന്നതിനാവശ്യമായ എല്ലാ ടെസ്റ്റുകളും നടത്തിയിട്ടുണ്ടെന്നാണ് അധികൃതര്‍ അവകാശപ്പെടുന്നത്. അഞ്ചു പേരെയാണു വാക്‌സിന്‍ പരീക്ഷണത്തിനായി തിരഞ്ഞെടുത്തത്.

ഐസിഎംആറുമായും നാഷണല്‍ വൈറോളജി ഇന്‍സ്റ്റിറ്റ്യൂട്ടുമായി സഹകരിച്ചു ഹൈദരാബാദ് ആസ്ഥാനമായി പ്രവര്‍ത്തിക്കുന്ന ഭാരത് ബയോടെകാണ് കൊവാക്‌സിന്‍ വികസിപ്പിച്ചത്.  ഇന്ത്യയില്‍ എയിംസ് ഉള്‍പ്പെടെ 12 സ്ഥാപനങ്ങളെയാണ് കൊവാക്സിന്റെ ക്ലിനിക്കല്‍ ട്രയല്‍ നടത്താന്‍ ഐസിഎംആര്‍ നിര്‍ദ്ദേശിച്ചിട്ടുള്ളത്. ആഗസ്ത് 15 ന് വാക്സിന്‍ പുറത്തിറക്കുമെന്നാണ് ഐസിഎംആര്‍ പറഞ്ഞിരുന്നത്.


Tags:    

Similar News