മലപ്പുറം: ജില്ലയില്‍ തിരിച്ചെത്തിയ ഒരു പ്രവാസിക്കുകൂടി കൊവിഡ് 19 സ്ഥിരീകരിച്ചു. മെയ് ഒമ്പതിന് കുവൈത്തില്‍ നിന്ന് കൊച്ചി വഴി ജില്ലയിലെത്തിയ നിലമ്പൂര്‍ കരുളായി പാലേങ്കര സ്വദേശിയായ 40 കാരനാണ് രോഗബാധയെന്ന് ജില്ലാ കലക്ടര്‍ ജാഫര്‍ മലിക് അറിയിച്ചു. പക്ഷാഘാതത്തിനും പ്രമേഹത്തിനും ചികില്‍സയിലുള്ളയാള്‍ക്കാണ് വൈറസ് ബാധ സ്ഥിരീകരിച്ചത്. ഇയാള്‍ ഇപ്പോള്‍ മഞ്ചേരി ഗവ. മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ ചികില്‍സയിലാണ്. ഇതോടെ സംസ്ഥാനത്ത് തിരിച്ചെത്തി കൊവിഡ് സ്ഥിരീകരിച്ച മലപ്പുറം സ്വദേശികളുടെ എണ്ണം നാലായി. കഴിഞ്ഞ ദിവസം വൈറസ് ബാധ സ്ഥിരീകരിച്ച അബുദബിയില്‍ നിന്നെത്തിയ അങ്ങാടിപ്പുറം സ്വദേശിയും മഞ്ചേരി ഗവ. മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ ഐസൊലേഷനിലുണ്ട്. ദുബയില്‍ നിന്നെത്തിയ കോട്ടക്കല്‍ ചാപ്പനങ്ങാടി സ്വദേശി കോഴിക്കോട് മെഡിക്കല്‍ കോളജ് ആശുപത്രിയിലും അബൂദബിയില്‍ നിന്നെത്തിയ എടപ്പാള്‍ നടുവട്ടം സ്വദേശി കളമശ്ശേരി ഗവ. മെഡിക്കല്‍ കോളജ് ആശുപത്രിയിലും ചികില്‍സയില്‍ തുടരുകയാണ്.
കുവൈത്തിലെ അല്‍ ജലീബില്‍ പച്ചക്കറി വില്‍പ്പന കേന്ദ്രത്തില്‍ കാഷ്യറാണ് ഇപ്പോള്‍ രോഗം സ്ഥിരീകരിച്ച കരുളായി പാലേങ്കര സ്വദേശി. കഴിഞ്ഞ മൂന്നുവര്‍ഷമായി പ്രമേഹത്തിന് ചികില്‍സയിലായിരുന്ന ഇയാള്‍ക്ക് ഏപ്രില്‍ 15ന് പക്ഷാഘാതമുണ്ടാവുകയും തുടര്‍ന്ന് ഫര്‍വാനിയ ആശുപത്രിയില്‍ ചികില്‍സയിലുമായിരുന്നു. കൊവിഡ് ആശങ്കകള്‍ക്കിടെ മെയ് ഒമ്പതിന് രാത്രി കുവൈത്തില്‍ നിന്ന് ഐഎക്‌സ് 396 എയര്‍ ഇന്ത്യ എക്‌സ്പ്രസ് വിമാനത്തില്‍ നെടുമ്പാശ്ശേരി വിമാനത്താവളത്തിലെത്തി. പരിശോധനകള്‍ പൂര്‍ത്തിയാക്കി രാത്രി 12നു 108 ആംബുലന്‍സില്‍ യാത്ര തിരിച്ച് മെയ് 10ന് പുലര്‍ച്ചെ നാലിനു മഞ്ചേരി ഗവ. മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. കൊവിഡിനു പുറമെ പക്ഷാഘാതത്തിനും പ്രമേഹത്തിനുമുള്ള ചികില്‍സയും ആരംഭിച്ചതായി ജില്ലാ മെഡിക്കല്‍ ഓഫിസര്‍ ഡോ. കെ സക്കീന അറിയിച്ചു.
ഇയാള്‍ക്കൊപ്പം കുവൈത്തില്‍ നിന്ന് ഐഎക്‌സ് 396 എയര്‍ ഇന്ത്യ എക്‌സ്പ്രസ് വിമാനത്തില്‍ നെടുമ്പാശ്ശേരിയിലെത്തിയവരെല്ലാംആരോഗ്യ വകുപ്പിന്റെ പ്രത്യേക നിര്‍ദേശപ്രകാരം കര്‍ശന നിരീക്ഷണത്തിലാണ്. എങ്കിലും പൊതു സമ്പര്‍ക്കമില്ലാതെ ആരോഗ്യ ജാഗ്രത കര്‍ശനമായി പാലിക്കണമെന്ന് ജില്ലാ കലക്ടര്‍ ജാഫര്‍ മലിക് അറിയിച്ചു. ഗര്‍ഭിണികള്‍ ഉള്‍പ്പെടെയുള്ളവര്‍ എന്തെങ്കിലും ആരോഗ്യ പ്രശ്‌നങ്ങള്‍ അനുഭവപ്പെട്ടാല്‍ ഒരു കാരണവശാലും നേരിട്ട് ആശുപത്രികളില്‍ പോവരുത്. ജില്ലാതല കണ്‍ട്രോള്‍ സെല്ലില്‍ വിളിച്ച് ലഭിക്കുന്ന നിര്‍ദേശങ്ങള്‍ പൂര്‍ണ്ണമായും പാലിക്കണം. ജില്ലാതല കണ്‍ട്രോള്‍ സെല്‍ 0483 273 7858, 273 7857, 273 3251, 273 3252, 273 3253.
ഇതോടെ മലപ്പുറം ജില്ലയില്‍ കൊവിഡ് 19 സ്ഥിരീകരിച്ചവരുടെ എണ്ണം 24 ആയി. മെയ് ഒമ്പതിന് രോഗം സ്ഥിരീകരിച്ച മലപ്പുറം സ്വദേശികളായ പ്രവാസികള്‍ കോഴിക്കോട്, കളമശ്ശേരി മെഡിക്കല്‍ കോളജ് ആശുപത്രികളില്‍ ചികില്‍സയിലായതിനാല്‍ ഇവര്‍ മലപ്പുറം ജില്ലയിലെ കൊവിഡ് ബാധിതരുടെ പട്ടികയില്‍ ഉള്‍പ്പെടില്ലെന്ന് ജില്ലാ മെഡിക്കല്‍ ഓഫിസര്‍ നേരത്തെ അറിയിച്ചിട്ടുണ്ട്. രണ്ട് പേരാണ് ജില്ലയില്‍ രോഗബാധിതരായി ചികില്‍സയില്‍ കഴിയുന്നത്. ജില്ലയില്‍ ഇതുവരെ 21 പേര്‍ക്ക് രോഗം ഭേദമായി. ഇതില്‍ കീഴാറ്റൂര്‍ പൂന്താനം സ്വദേശി തുടര്‍ ചികില്‍സയിലിരിക്കെ മരിച്ചു. 20 പേര്‍ രോഗം ഭേദമായി വീടുകളിലേക്ക് മടങ്ങി. നാലുമാസം പ്രായമുള്ള കുട്ടിയാണ് രോഗബാധിതയായി ചികില്‍സയിലിരിക്കെ മരിച്ചത്.