ന്യൂഡൽഹി: വിദേശങ്ങളിൽ പടരുന്ന ഒമിക്രോൺ വകഭേദങ്ങൾ രാജ്യത്ത് സ്ഥിരീകരിച്ച സാഹചര്യത്തിൽ ജാഗ്രതയോടെ കേന്ദ്രം. സംസ്ഥാനങ്ങൾക്ക് കർശന ജാഗ്രത തുടരാൻ കേന്ദ്ര ആരോഗ്യവകുപ്പ് നിർദേശം നൽകി. അതേസമയം കൊവിഡ് മാർഗ്ഗനിർദ്ദേശങ്ങളിൽ തല്ക്കാലം മാറ്റമില്ല. അടുത്തയാഴ്ച ആരോഗ്യമന്ത്രി വീണ്ടും യോഗം വിളിച്ചിട്ടുണ്ട്. ആവശ്യമെങ്കിൽ സംസ്ഥാന ആരോഗ്യമന്ത്രിമാരുടെ യോഗവും ചേരും.
പുതിയ വകഭേദം സ്ഥിരീകരിച്ച സാഹചര്യത്തില്‍ വിമാനത്താവളങ്ങളിൽ റാൻഡം പരിശോധന തുടങ്ങി. എന്നാൽ രാജ്യാന്തര യാത്രയ്ക്കുള്ള എയർ സുവിധ ഫോം തല്ക്കാലം തിരിച്ചു കൊണ്ടു വരില്ല. വിമാനത്താവളങ്ങളിലെ പരിശോധന ഫലം ആദ്യം വിലയിരുത്തും. ഉത്സവസമയങ്ങളിൽ ജാഗ്രതയ്ക്ക് വീണ്ടും നിർദേശം നൽകും. അതേസമയം ദില്ലിയിലെ കൊവിഡ് സാഹചര്യം വിലയിരുത്താൻ മുഖ്യമന്ത്രി അരവിന്ദ് കെജ്രിവാൾ ഇന്ന് യോഗം വിളിച്ചു.
ചൈനയടക്കമുള്ള വിദേശ രാജ്യങ്ങളിൽ വ്യാപിക്കുന്ന ഒമിക്രോണിന്റെ ബിഎഫ് 7, ബിഎഫ് 12 എന്നീ ഉപവകഭേദങ്ങൾ രാജ്യത്ത് സ്ഥിരീകരിച്ച സാഹചര്യത്തിൽ ജാഗ്രത കർശനമാക്കാനാണ് സംസ്ഥാനങ്ങൾക്കുള്ള നിർദേശം. രോഗം സ്ഥിരീകരിക്കുന്നവരുടെ സാമ്പിളുകൾ വൈകാതെ ജനിതക ശ്രേണീകരണത്തിനായി അയക്കാനും നിർദേശമുണ്ട്. ബിഎഫ് 7 ന്റെ വ്യാപനം നിരീക്ഷിച്ച ശേഷമായിരിക്കും നിയന്ത്രണം ഇനി കടുപ്പിക്കണോയെന്നതിൽ തീരുമാനമെടുക്കുക. വാക്സിൻ ബൂസ്റ്റർ ഡോസ് വിതരണം വേഗത്തിലാക്കാനും ആവശ്യപ്പെട്ടു.