കൊവിഡ് വ്യാപനം;ചൈനയിലെ ഏഷ്യന്‍ ഗെയിംസ് മാറ്റി
ഹാങ്ഷൗ നഗരത്തിലെ കൊവിഡ് വ്യാപനത്തെ തുടര്‍ന്നാണ് നടപടി
ബെയ്ജിങ്:ചൈനയിലെ കൊവിഡ് വ്യാപനത്തിന്റെ പശ്ചാത്തലത്തില്‍ ഈ വര്‍ഷത്തെ ഏഷ്യന്‍ ഗെയിംസ് മാറ്റി വെച്ചു. ചൈനയിലെ ഹാങ്ഷൗ നഗരത്തിലെ കൊവിഡ് വ്യാപനത്തെ തുടര്‍ന്നാണ് നടപടി.
സെപ്തംബര്‍ 10 മുതല്‍ 25 വരെ നടത്താന്‍ നിശ്ചയിച്ചിരുന്ന ഏഷ്യന്‍ ഗെയിംസ് മാറ്റി വെച്ച വിവരം ചൈനീസ് ദേശിയ മാധ്യമങ്ങളാണ് റിപോര്‍ട്ട് ചെയ്തത്. ഈ കാര്യം ഒളിംപിക് കൗണ്‍സില്‍ ഓഫ് ഏഷ്യ സ്ഥിരീകരിച്ചു.പുതിയ തിയതി പ്രഖ്യാപിച്ചിട്ടില്ല.
കൊവിഡ് വ്യാപനത്തെത്തുടര്‍ന്നു ഇപ്പോള്‍ കടുത്ത ലോക്ഡൗണ്‍ ഏര്‍പ്പെടുത്തിയിട്ടുള്ള ഷാങ്ഹായ്ക്കു 200 കിലോമീറ്റര്‍ മാത്രം അകലെയാണ് ഏഷ്യന്‍ ഗെയിംസ് വേദിയായ ഹാങ്ഷൗ.ഇവിടെ ഏഷ്യന്‍ ഗെയിംസിനായി 56 വേദികളുടെ നിര്‍മാണം പൂര്‍ത്തിയായിരുന്നു.
കനത്ത കൊവിഡ് സുരക്ഷാ ക്രമീകരണങ്ങളുമായി ഫെബ്രുവരിയില്‍ ബെയ്ജിങ്ങില്‍ വിന്റര്‍ ഒളിംപിക്‌സ് സംഘടിപ്പിച്ച ചൈനയില്‍ തുടര്‍ന്നു നടക്കേണ്ട മത്സരങ്ങളെല്ലാം നീട്ടിവച്ചിരിക്കുകയാണ്.ബെയ്ജിങ് ശൈത്യകാല ഒളിംപിക്‌സ് നടത്തിയത് പോലെ ബബിളിനുള്ളില്‍ ഏഷ്യന്‍ ഗെയിംസും നടത്തും എന്നാണ് ഇവര്‍ ആദ്യം നിലപാടെടുത്തത്. എന്നാല്‍ ഇപ്പോള്‍ ഏഷ്യന്‍ ഗെയിംസ് മാറ്റി വെക്കാനാണ് അധികൃതര്‍ തീരുമാനിച്ചിരിക്കുന്നത്.