ന്യൂഡല്‍ഹി: 2024ലെ ലോക്‌സഭ തിരഞ്ഞെടുപ്പില്‍ ദേശീയ തലത്തില്‍ വിശാല സഖ്യത്തിനില്ലെന്ന് സിപിഎം ജനറല്‍ സെക്കട്ടറി സീതാറാം യെച്ചൂരി. രാഹുല്‍ ഗാന്ധിയെ പാര്‍ലമെന്റില്‍ അയോഗ്യനാക്കിയ നടപടിക്ക് എതിരെ പ്രതിപക്ഷം ഒരുമിച്ച് പ്രതിഷേധം സംഘടിപ്പിച്ചിരുന്നു. ഈ സാഹചര്യത്തില്‍ വിശാല പ്രതിപക്ഷ ഐക്യം ഉണ്ടാകും എന്നതരത്തില്‍ ചര്‍ച്ചകള്‍ ആരംഭിച്ചതിന് പിന്നാലെയാണ് നിലപാട് വ്യക്തമാക്കി സിപിഎം ജനറല്‍ സെക്രട്ടറി രംഗത്തെത്തിയത്. സംസ്ഥാന സാഹചര്യങ്ങള്‍ക്ക് അനുസരിച്ച് പ്രാദേശിക സഖ്യങ്ങള്‍ രൂപീകരിക്കും. കേരളത്തില്‍ മല്‍സരം എല്‍ഡിഎഫും യുഡിഎഫും തമ്മിലാണെന്നും ബിജെപിക്ക് സംസ്ഥാനത്ത് പ്രസക്തിയില്ലെന്നും അദ്ദേഹം പറഞ്ഞു. രാഹുല്‍ ഗാന്ധിയെ അയോഗ്യനാക്കിയതിനെ അപലപിക്കുന്നു. അദാനി വിഷയത്തില്‍ ഉടന്‍ ജെപിസി അന്വേഷണം വേണം. അന്വേഷണം പ്രഖ്യാപിക്കാന്‍ വൈകുന്നത് സര്‍ക്കാരിന് എന്തോ മറയ്ക്കാന്‍ ഉള്ളതിന്റെ സൂചനയാണ്. ആന്ധ്രാ പ്രദേശില്‍ സിപിഎമ്മില്‍ ഉള്‍പ്പാര്‍ട്ടി പ്രശ്‌നങ്ങളുണ്ട്. പ്രശ്‌നം പരിഹരിക്കാന്‍ പിബി നിര്‍ദേശങ്ങള്‍ നടപ്പാക്കും. ബിവി രാഘവുലു പോളിറ്റ് ബ്യൂറോയില്‍ തുടരുമെന്നും യെച്ചൂരി പറഞ്ഞു.