"ലൗ ജിഹാദ്" വിഷയത്തിൽ കോടഞ്ചേരിയിൽ ഇന്ന് സിപിഎമ്മിന്റെ രാഷ്ട്രീയ വിശദീകരണ യോഗം
സിപിഎം ജില്ലാ സെക്രട്ടറി പി മോഹനനും വിഷയത്തിൽ മൗനത്തിലാണ്
കോഴിക്കോട്: ലൗ ജിഹാദ് വിഷയത്തിൽ കോഴിക്കോട് കോടഞ്ചേരിയിൽ സിപിഎമ്മിന്റെ രാഷ്ട്രീയ വിശദീകരണ യോഗം ഇന്ന്. സിപിഎം ലോക്കൽ കമ്മിറ്റി അംഗവും ഡിവൈഎഫ്ഐ മേഖലാ സെക്രട്ടറിയുമായ ഷെജിൻ ഇതര മതസ്ഥയായ പെൺകുട്ടിയുമായി വിവാഹം കഴിക്കാൻ തീരുമാനിച്ചതിനെത്തുടർന്ന് ഉണ്ടായ വിവാദങ്ങളുടെ പശ്ചാത്തലത്തിലാണ് യോഗം.
ഷെജിന്റെ നടപടിയെ തള്ളിപ്പറഞ്ഞ് സിപിഎം ജില്ലാ സെ ക്രട്ടേറിയറ്റ് അംഗം ജോർജ് എം തോമസ് രംഗത്തെത്തിയിരുന്നു. ലൗ ജിഹാദ് വിഷയത്തിൽ ജോർജ് എം തോമസ് നടത്തിയ പരാമർശം വലിയ വിവാദത്തിനും വഴി തുറന്നിട്ടുണ്ട്. വൈകീട്ട് അഞ്ച് മണിക്ക് കോടഞ്ചേരിയിലാണ് സിപിഎമ്മിന്റെ വിശദീകരണ യോഗം.
അതേസമയം ഡിവൈഎഫ്ഐ ഷെജിനും പങ്കാളി ജ്യോൽസ്നയ്ക്കും പിന്തുണയുമായി രംഗത്തെത്തിയിട്ടുണ്ട്. എന്നാൽ ലൗ ജിഹാദ് പരാമർശം നടത്തി നാട്ടിൽ വിദ്വേഷ പ്രചാരണത്തിന് തുടക്കമിട്ട സിപിഎം കോഴിക്കോട് ജില്ലാ സെക്രട്ടേറിയറ്റ് അംഗം ജോർജ് എം തോമസിനെ തള്ളാൻ ഡിവൈഎഫ്ഐ തയ്യാറായിട്ടില്ല. സിപിഎം ജില്ലാ സെക്രട്ടറി പി മോഹനനും വിഷയത്തിൽ മൗനത്തിലാണ്.