വനിതാ മന്ത്രിയെ നിയമസഭയില്‍ അപമാനിച്ചു; ബിജെപി നേതാവ് സി ടി രവി അറസ്റ്റില്‍

Update: 2024-12-20 02:16 GMT

ബംഗളൂരു: കര്‍ണാടക നിയമസഭയിലെ ചര്‍ച്ചയ്ക്കിടെ വനിതാമന്ത്രിയെ അപമാനിച്ച ബിജെപി മുന്‍ ദേശീയ ജനറല്‍ സെക്രട്ടറിയും എംഎല്‍സിയുമായ സി ടി രവിയെ പോലിസ് അറസ്റ്റ് ചെയ്തു. വനിതാ മന്ത്രി ലക്ഷ്മി ഹെബ്ബാള്‍ക്കറുടെ പരാതിയിലാണ് പോലിസ് നടപടി.

സ്ത്രീത്വത്തെ അപമാനിച്ചെന്ന കുറ്റമാണ് രവിക്കു മേല്‍ ചുമത്തിയിട്ടുള്ളത്. ഡോ.ബി ആര്‍ അംബേദ്കര്‍ക്കെതിരായ കേന്ദ്രമന്ത്രി അമിത് ഷായുടെ പരാമര്‍ശങ്ങളുമായി ബന്ധപ്പെട്ട് നിയമസഭയില്‍ നടന്ന വാക്ക്‌പോരിനിടെ, ലോക്‌സഭാ പ്രതിപക്ഷ നേതാവ് രാഹുല്‍ ഗാന്ധി ലഹരിമരുന്നിന് അടിമയാണെന്ന് രവി ആരോപിച്ചതാണ് പ്രശ്‌നങ്ങളുടെ തുടക്കം. രവി കൊലയാളിയാണെന്ന് മന്ത്രിസഭയിലെ ഏക വനിതാ മന്ത്രിയായ ലക്ഷ്മി ഇതിന് മറുപടി നല്‍കി. രവിയുടെ കാര്‍ ഇടിച്ച് രണ്ടു പേര്‍ മരിച്ച സംഭവത്തെ സൂചിപ്പിച്ചായിരുന്നു ഇത്.

ഇതോടെ ലക്ഷ്മി ഹെബ്ബാള്‍ക്കര്‍ക്കെതിരെ വളരെ മോശമായ പരാമര്‍ശങ്ങളാണ് രവി നടത്തിയത്. ഇതോടെ ലക്ഷ്മി ഹെബ്ബാള്‍ക്കറുടെ അനുയായികള്‍ നിയമസഭാ മന്ദിരത്തിലേക്കു കടന്നുകയറി സി ടി രവിയെ കൈയ്യേറ്റം ചെയ്യാന്‍ ശ്രമിച്ചു. സുരക്ഷാ ഉദ്യോഗസ്ഥരെത്തി ഇവരെ പിടിച്ചുമാറ്റുകയായിരുന്നു. വിധാന്‍ സൗധയ്ക്കു പുറത്തു പാര്‍ക്ക് ചെയ്തിരുന്ന രവിയുടെ കാറും പ്രതിഷേധക്കാര്‍ അടിച്ചുതകര്‍ത്തു. ഇരുസംഭവങ്ങളിലുമായി ഇരുപത്തഞ്ചോളം പേരെ പൊലീസ് കസ്റ്റഡിയിലെടുത്തിട്ടുണ്ട്. സി ടി രവിക്കെതിരായ പോലിസ് നടപടിയില്‍ പ്രതിഷേധിച്ച് ചിക്കമംഗളൂരുവില്‍ ഇന്ന് ബിജെപി ആഹ്വാനം ചെയ്ത ഹര്‍ത്താല്‍ തുടങ്ങി.

Similar News