പോലിസ് സ്‌റ്റേഷന്‍ വളപ്പില്‍ യുവാവ് കുഴഞ്ഞുവീണ് മരിച്ച സംഭവം: രണ്ടു പോലിസുകാര്‍ അറസ്റ്റില്‍

വടകര എസ്‌ഐയായിരുന്ന എം നിജീഷ്, സിവില്‍ പോലിസ് ഓഫിസര്‍ പ്രജീഷ് എന്നിവരെയാണ് അറസ്റ്റ് ചെയ്തത്.

Update: 2022-08-20 17:30 GMT

വടകര: പോലിസ് സ്‌റ്റേഷന്‍ വളപ്പില്‍ യുവാവ് കുഴഞ്ഞുവീണ് മരിച്ച സംഭവത്തില്‍ കേസ് അന്വേഷിക്കുന്ന ക്രൈംബ്രാഞ്ച് രണ്ടു പോലിസ് ഉദ്യോഗസ്ഥരുടെ അറസ്റ്റ് രേഖപ്പെടുത്തി. വടകര എസ്‌ഐയായിരുന്ന എം നിജീഷ്, സിവില്‍ പോലിസ് ഓഫിസര്‍ പ്രജീഷ് എന്നിവരെയാണ് അറസ്റ്റ് ചെയ്തത്. സസ്‌പെന്‍ഷനിലായിരുന്ന ഇരുവര്‍ക്കും ജില്ല സെഷന്‍സ് കോടതി മുന്‍കൂര്‍ ജാമ്യം അനുവദിച്ചതിനെ തുടര്‍ന്ന് ഇരുവരും ക്രൈംബ്രാഞ്ച് ഡിവൈഎസ്പി മുമ്പാകെ ഹാജരാവുകയായിരുന്നു. ഇരുവരെയും അറസ്റ്റ് രേഖപ്പെടുത്തി സ്‌റ്റേഷന്‍ ജാമ്യത്തില്‍ വിട്ടു.

ഹൃദയാഘാതം മൂലമാണ് കല്ലേരി സ്വദേശി കോലോത്ത് സജീവന്‍ മരിച്ചതെന്നാണ് പോലിസുകാരുടെ വാദം. എന്നാല്‍, ഇത് സ്ഥിരീകരിക്കണമെങ്കില്‍ സ്‌റ്റേഷനിലെ സിസിടിവി പരിശോധനഫലം വരേണ്ടതുണ്ട്. സംഭവ ദിവസംതന്നെ സിസിടിവിയുടെ ഹാര്‍ഡ് ഡിസ്‌ക് കണ്ണൂരിലെ ഫോറന്‍സിക് ലാബില്‍ പരിശോധനക്ക് അയച്ചിരുന്നു.

പരിശോധന റിപ്പോര്‍ട്ട് ലഭിച്ചാല്‍ മാത്രമേ കൂടുതല്‍ കാര്യങ്ങള്‍ വ്യക്തമാകൂ. കേസില്‍ നിര്‍ണായകമായ റിപ്പോര്‍ട്ട് പെട്ടെന്ന് നല്‍കണമെന്ന് ആവശ്യപ്പെട്ട് ക്രൈംബ്രാഞ്ച് ഡിവൈഎസ്പി ടി സജീവന്‍ റീജനല്‍ ഫോറന്‍സിക് ലബോറട്ടറിക്ക് കത്തയച്ചിട്ടുണ്ട്. കേസില്‍ കുറ്റപത്രം സമര്‍പ്പിക്കണമെങ്കില്‍ അന്വേഷണ നടപടികള്‍ പൂര്‍ത്തിയാക്കാന്‍ ശാസ്ത്രീയ തെളിവുകള്‍ ആവശ്യമാണ്.

മരണകാരണം ഹൃദയാഘാതമാണെന്നാണ് പോസ്റ്റ്‌മോര്‍ട്ടം റിപ്പോര്‍ട്ട്. എന്നാല്‍, സജീവന്റെ ശരീരത്തിലുണ്ടായ 11 പാടുകളില്‍ എട്ടെണ്ണം മരിക്കുന്നതിന്റെ 24 മണിക്കൂറിനുള്ളില്‍ ഉണ്ടായതാണെന്നും പോസ്റ്റ്‌മോര്‍ട്ടം റിപ്പോര്‍ട്ടിലുണ്ട്.

Tags:    

Similar News