മുസ്‌ലിം യുവാവിന്റെ കസ്റ്റഡി കൊലപാതകം; 'യുപി പോലിസ് പണം വാഗ്ദാനം ചെയ്തു, നിര്‍ബന്ധിച്ച് ഒപ്പ് വയ്പിച്ചു': ഞെട്ടിക്കുന്ന വെളിപ്പെടുത്തലുമായി യുവാവിന്റെ ബന്ധു
മനോവിഷമം മൂലമാണ് യുവാവ് മരിച്ചതെന്നും അന്വേഷിക്കേണ്ടതില്ലെന്നും പറയാനായിരുന്നു ഈ വാഗ്ദാനങ്ങള്‍. മനോവിഷമമുണ്ടായിരുന്നുവെന്നും അതാണ് മരണ കാരണമെന്നും പറയാനാണ് പോലീസ് ആവശ്യപ്പെട്ടത്. ഇക്കാര്യം വിശദീകരിച്ച് കത്ത് എഴുതി പിതാവ് ചന്ദ് മിയാന്‍ ഒപ്പ് വച്ച് തരണമെന്നും പോലീസ് ആവശ്യപ്പെട്ടു എന്നാണ് സഗീര്‍ പറയുന്നത്.
ലഖ്‌നൗ: ഉത്തര്‍ പ്രദേശിലെ കസ്ഗഞ്ചില്‍ മുസ്‌ലിം യുവാവ് പോലിസ് കസ്റ്റഡിയില്‍ കൊല്ലപ്പെട്ട സംഭവത്തില്‍ യുപി പോലിസിനെതിരേ ഞെട്ടിക്കുന്ന വെളിപ്പെടുത്തല്‍. യുവാവിന്റെ കുടുംബത്തിന് 10 ലക്ഷം രൂപയും സര്‍ക്കാര്‍ ജോലിയും പോലിസ് വാഗ്ദാനം ചെയ്തതായി യുവാവിന്റെ ബന്ധു മുഹമ്മദ് സഗീര്‍ പറഞ്ഞു. മനോവിഷമം മൂലമാണ് യുവാവ് മരിച്ചതെന്നും അന്വേഷിക്കേണ്ടതില്ലെന്നും പറയാനായിരുന്നു ഈ വാഗ്ദാനങ്ങള്‍. മനോവിഷമമുണ്ടായിരുന്നുവെന്നും അതാണ് മരണ കാരണമെന്നും പറയാനാണ് പോലീസ് ആവശ്യപ്പെട്ടത്. ഇക്കാര്യം വിശദീകരിച്ച് കത്ത് എഴുതി പിതാവ് ചന്ദ് മിയാന്‍ ഒപ്പ് വച്ച് തരണമെന്നും പോലീസ് ആവശ്യപ്പെട്ടു എന്നാണ് സഗീര്‍ പറയുന്നത്.
ചന്ദ് മിയാന്റെ സഹോദരന്‍ ഷാക്കിര്‍ അലി, അല്‍ത്താഫിന്റെ മാതാവ് ഫാത്തിമ, പൊതുപ്രവര്‍ത്തകന്‍ ഡോ. ഫാറൂഖ് എന്നിവരും രേഖയില്‍ ഒപ്പ് വയ്ക്കുന്ന വേളയില്‍ ഉണ്ടായിരുന്നുവത്രെ. ഫാറൂഖ് ആണ് മധ്യസ്ഥനായിരുന്നതെന്ന് സഗീര്‍ പറയുന്നു.
'മകന്‍ ആത്മഹത്യ ചെയ്തു. ചോദ്യം ചെയ്യാന്‍ വേണ്ടി അല്‍ത്താഫിനെ പോലിസിന് കൈമാറിയത് ഞാനാണ്. സ്‌റ്റേഷനില്‍ വച്ച് അല്‍ത്താഫ് ആത്മഹത്യ ചെയ്യുകയായിരുന്നു. അല്‍ത്താഫിന് കടുത്ത മനോവിഷമമുണ്ടായിരുന്നു. പോലിസ് ആശുപത്രിയില്‍ എത്തിച്ചെങ്കിലും മരിച്ചിരുന്നു. പോലിസിനെതിരേ എനിക്ക് പരാതിയില്ല. അന്വേഷണം നടത്തേണ്ടതില്ല' എന്നാണ് പിതാവ് ഒപ്പുവച്ച കത്തിലെ വാക്കുകള്‍.
പോലീസാണ് കത്ത് തയ്യാറാക്കിയതെന്നും അതില്‍ ഒപ്പുവച്ചില്ലെങ്കില്‍ പ്രത്യാഘാതം നേരിടേണ്ടി വരുമെന്നും ഭീഷണിപ്പെടുത്തിയെന്ന് സഗീര്‍ പറയുന്നു. പോലിസിനെ ഭയന്ന് ആരും ഒന്നും പറയുന്നില്ല. പരാതിയില്ലെന്ന് കത്ത് നല്‍കിയ ഉടനെ അഞ്ചു ലക്ഷം രൂപ ചന്ദ് മിയാന്റെ ബാങ്ക് അക്കൗണ്ടിലേക്ക് കൈമാറി. ബാക്കി തുക സര്‍ക്കാര്‍ പദ്ധതിയുടെ ഭാഗമായി കൈമാറുമെന്നും പോലിസ് പറഞ്ഞുവത്രെ. എന്നാല്‍ സര്‍ക്കാരിന്റെ ഏത് പദ്ധതി പ്രകാരം എന്ന് തങ്ങള്‍ക്കറിയില്ലെന്നും സഗീര്‍ പറഞ്ഞു.
22കാരനായ അല്‍ത്താഫ് എന്ന യുവാവാണ് പോലിസ് സ്‌റ്റേഷനില്‍ ദുരൂഹ സാഹചര്യത്തില്‍ മരിച്ചത്. കസ്ഗഞ്ച് പോലീസ് സ്‌റ്റേഷനിലെ മൂത്രപ്പുരയിലാണ് അല്‍ത്താഫിനെ മരിച്ച നിലയില്‍ കണ്ടത്.
ഇതര മതത്തില്‍പ്പെട്ട പെണ്‍കുട്ടി അല്‍ത്താഫിന്റെ സുഹൃത്തിനൊപ്പം ഒളിച്ചോടിയിരുന്നു. ഇതുമായി ബന്ധപ്പെട്ട് ചോദ്യം ചെയ്യാന്‍ പോലിസ് വിളിപ്പിച്ചത് പ്രകാരമാണ് അല്‍ത്താഫ് സ്‌റ്റേഷനിലെത്തിയത്.
മൂത്രപ്പുരയില്‍ തൂങ്ങിമരിച്ചു എന്നാണ് പോലിസിന്റെ അവകാശവാദം. ശ്വാസം മുട്ടിയാണ് മരണം സംഭവിച്ചതെന്ന് പോസ്റ്റ്‌മോര്‍ട്ടം റിപ്പോര്‍ട്ടിലുള്ളത്. അതേസമയം, രണ്ടടി ഉയരത്തിലാണ് മൂത്രപുരയില്‍ പിവിസി പൈപ്പുള്ളത്. 5 അടിയിലധികമുള്ള അല്‍ത്താഫ് ഇതില്‍ എങ്ങനെ തൂങ്ങിമരിക്കുമെന്ന സംശയം ഉയര്‍ന്നിട്ടുണ്ട്.
സംഭവം വിവാദമായതോടെ അഞ്ച് പോലിസുകാരെ സസ്‌പെന്റ് ചെയ്യുകയും ജുഡീഷ്യല്‍ അന്വേഷണത്തിന് ഉത്തരവിടുകയും ചെയ്തിട്ടുണ്ട്.
അതേസമയം, യുവാവിന്റെ ബന്ധു സഗീറിന്റെ ആരോപണം പോലിസ് തള്ളി. പണം വാഗ്ദാനം ചെയ്തത് കുടുംബത്തിന്റെ സാമ്പത്തിക അവസ്ഥ കണ്ട് നഷ്ടപരിഹാരം എന്ന നിലയിലാണെന്ന് കസ്ഗഞ്ച് സര്‍ക്കിള്‍ ഓഫീസര്‍ ദീപ് കുമാര്‍ പന്ത് പറഞ്ഞു.
എന്നാല്‍, മകന്‍ ആത്മഹത്യ ചെയ്തതാണെന്ന പോലിസ് വാദം യുവാവിന്റെ പിതാവ് ചന്ദ് മിയാന്‍ തള്ളി. തനിക്ക് അക്ഷരഭ്യാസമില്ല. വെള്ളപേപ്പറില്‍ എന്താണ് എഴുതിയിരുന്നതെന്ന് തനിക്കറിയില്ല. മകന്‍ മരിച്ചു എന്നറിഞ്ഞത് ഞെട്ടലോടെയാണ്. മകന് മനോവിഷമമുണ്ടായിരുന്നു എന്ന് പറയുന്നത് കളവാണെന്നും മിയാന്‍ ചന്ദ് പറഞ്ഞു. അല്‍ത്താഫിന്റെ മൃതദേഹം വീണ്ടും പോസ്റ്റ്‌മോര്‍ട്ടം ചെയ്യണം. അന്വേഷണം സിബിഐക്ക് വിടണം. നിലവില്‍ പുറത്തുവന്ന പോസ്റ്റ്‌മോര്‍ട്ടം റിപ്പോര്‍ട്ടില്‍ വിശ്വാസമില്ലെന്നും മിയാന്‍ ചന്ദ് പറഞ്ഞു. മൃതദേഹത്തിന്റെ തലയിലും കാലിലും മര്‍ദ്ദനമേറ്റ പാടുകളുണ്ടെന്നാണ് മയ്യിത്ത് കുളിപ്പിച്ചവര്‍ പറയുന്നത്.