പൗരത്വ പ്രക്ഷോഭ നേതാവ് ഷര്‍ജീല്‍ ഇമാമിന് ജാമ്യം
പൗരത്വ പ്രക്ഷോഭ സമയത്ത് ജാമിഅ നഗറില്‍ ഷര്‍ജീല്‍ നടത്തിയ പ്രസംഗം രാജ്യദ്രോഹക്കുറ്റമാണെന്ന് ആരോപിച്ചാണ് ഡല്‍ഹി എന്‍എഫ്‌സി പോലിസ് 2019 ല്‍ കേസ് രജിസ്റ്റര്‍ ചെയ്തത്.
കോഴിക്കോട്: പൗരത്വ പ്രക്ഷോഭ നേതാവും ഗവേഷക വിദ്യാര്‍ത്ഥിയുമായ ഷര്‍ജീല്‍ ഇമാമിന് ജാമ്യം. 2019 ല്‍ രാജ്യദ്രോഹ കുറ്റമാരോപിച്ചുള്ള കേസിലാണ് ഡല്‍ഹി കോടതി ജാമ്യം അനുവദിച്ചത്. പൗരത്വ പ്രക്ഷോേഭവുമായി ബന്ധപ്പെട്ട മറ്റൊരു കേസില്‍ കൂടി ജാമ്യം ലഭിച്ചാല്‍ മാത്രമേ അദ്ദേഹത്തിന് പുറത്തിറങ്ങാന്‍ സാധിക്കൂ.
പൗരത്വ പ്രക്ഷോഭ സമയത്ത് ജാമിഅ നഗറില്‍ ഷര്‍ജീല്‍ നടത്തിയ പ്രസംഗം രാജ്യദ്രോഹക്കുറ്റമാണെന്ന് ആരോപിച്ചാണ് ഡല്‍ഹി എന്‍എഫ്‌സി പോലിസ് 2019 ല്‍ കേസ് രജിസ്റ്റര്‍ ചെയ്തത്. കേസില്‍ ഡല്‍ഹി അഡീഷനല്‍ സെഷന്‍സ് കോടതിയാണ് ജാമ്യം അനുവദിച്ചിരിക്കുന്നത്.
കേസില്‍ 31 മാസമായി കസ്റ്റഡിയില്‍ തുടരുന്നതിനാല്‍ സെക്ഷന്‍ 436എ സിആര്‍പിസി പ്രകാരം ഇളവ് തേടിയുള്ള ഷര്‍ജീല്‍ ഇമാമിന്റെ അപേക്ഷ പരിഗണിക്കാന്‍ ഡല്‍ഹി ഹൈക്കോടതി വിചാരണ കോടതിയോട് ആവശ്യപ്പെട്ടതിന് തൊട്ടുപിന്നാലെയാണ് ജാമ്യം അനുവദിച്ചത്.
2021 ഒക്ടോബറില്‍ സാകേത് കോടതി ഇമാമിന്റെ ജാമ്യം നിരസിച്ചിരുന്നു. അദ്ദേഹത്തിന്റെ 'തീപ്പൊള്ളുന്ന പ്രസംഗത്തിന്റെ' സ്വരം സമൂഹത്തിന്റെ സമാധാനവും ഐക്യവും ദുര്‍ബലപ്പെടുത്താന്‍ സ്വാധീനം ചെലുത്തുമെന്ന് ചൂണ്ടിക്കാട്ടിയാണ് വിചാരണ കോടതി ജാമ്യം നിഷേധിച്ചത്.