ന്യൂഡല്‍ഹി: ഒന്നരവര്‍ഷമായി ശമ്പളം ലഭിക്കാത്തതില്‍ ഡല്‍ഹി വഖ്ഫ് ബോര്‍ഡിന് കീഴിലുള്ള ഇമാമുമാര്‍ പ്രതിഷേധിക്കുന്നു. ആം ആദ്മി പാര്‍ട്ടി നേതാവ് അരവിന്ദ് കെജ്‌രിവാളിന്റെ വീടിനു മുന്നിലാണ് പ്രതിഷേധം.കഴിഞ്ഞ 17 മാസമായി ശമ്പളം ലഭിച്ചിട്ടില്ലെന്നും നിരവധി തവണ നിവേദനം നല്‍കിയിട്ടും സര്‍ക്കാര്‍ നടപടിസ്വീകരിക്കുന്നില്ലെന്നും പ്രതിഷേധത്തിന് നേതൃത്വം നല്‍കുന്ന മൗലാന ഗയ്യൂര്‍ ഹസന്‍ പറഞ്ഞു. ഓള്‍ ഇന്ത്യാ ഇമാം അസോസിയേഷന്റെ നേതൃത്വത്തിലാണ് സമരം നടക്കുന്നത്.
വ്യാഴാഴ്ച്ച കെജ്‌രിവാളിനെ കാണാന്‍ അനുമതി ചോദിച്ചിരുന്നതായി ഇമാമായ മൗലാനാ മഹ്ഫൂസ് റഹ്മാന്‍ പറഞ്ഞു. പക്ഷേ കാണാന്‍ അനുമതി ലഭിച്ചില്ല. ശമ്പളം ലഭിക്കാതെ സ്ഥലം വിടില്ലെന്നും അദ്ദേഹം പറഞ്ഞു. സര്‍ക്കാര്‍ ശമ്പളം അയച്ചാല്‍ തന്നെയും വഖ്ഫ് ബോര്‍ഡിന് സിഇഒയെ നിയമിച്ചില്ലെങ്കില്‍ അത് ഇമാമുമാര്‍ക്ക് ലഭിക്കില്ല. തിരഞ്ഞെടുപ്പ് വിജ്ഞാപനം വന്നാല്‍ പിന്നെ സിഇഒ നിയമനവും നടക്കില്ലെന്ന് 1988 മുതല്‍ ഇമാമായി പ്രവര്‍ത്തിക്കുന്ന മുഫ്തി നരാജുല്‍ ഹഖ് പറഞ്ഞു. പ്രതിമാസം നല്‍കിയിരുന്ന 18,000 രൂപ ലഭിക്കാത്തതിനാല്‍ ജീവിതം പ്രതിസന്ധിയിലായെന്നും അദ്ദേഹം പറഞ്ഞു.