ഡമോക്രാറ്റിക് മൂവ്‌മെന്റ് ഓഫ് കേരള; പുതിയ പാര്‍ട്ടിയുമായി പി വി അന്‍വര്‍
ചെന്നൈ: പി വി അന്‍വര്‍ ഞായറാഴ്ച പ്രഖ്യാപിക്കുന്ന പാര്‍ട്ടിയുടെ പേര് ഡമോക്രാറ്റിക് മൂവ്‌മെന്റ് ഓഫ് കേരള (ഡിഎംകെ). ഔദ്യോഗിക പ്രഖ്യാപനം ഞായറാഴ്ച മഞ്ചേരിയില്‍ നടക്കും. തമിഴ്‌നാട്ടിലെ ദ്രാവിഡ മുന്നേറ്റ കഴകവുമായി (ഡിഎംകെ) സഖ്യത്തിനുള്ള ശ്രമവും നടക്കുന്നുണ്ട്. അതിന്റെ ഭാഗമായി അന്‍വര്‍ ചെന്നൈയില്‍ ഡിഎംകെ നേതാവും തമിഴ്‌നാട് മുഖ്യമന്ത്രിയുമായ എം.കെ.സ്റ്റാലിനുമായി കൂടിക്കാഴ്ച നടത്തുമെന്ന് റിപ്പോര്‍ട്ടുണ്ട്. പാര്‍ട്ടിയെ ഡിഎംകെയുടെ സഖ്യകക്ഷിയാക്കണമെന്ന് ആവശ്യപ്പെട്ട് അന്‍വര്‍ സ്റ്റാലിനു കത്തു നല്‍കിയിട്ടുണ്ട്.
സ്റ്റാലിനുമായുള്ള കൂടിക്കാഴ്ചയ്ക്കു മുന്നോടിയായി മന്ത്രി സെന്തില്‍ ബാലാജി, ഡിഎംകെ രാജ്യസഭാ എംപി അബ്ദുല്ല എന്നിവരുമായി അന്‍വര്‍ കൂടിക്കാഴ്ച നടത്തിയിരുന്നു. മഞ്ചേരിയിലെ പാര്‍ട്ടി പ്രഖ്യാപന സമ്മേളനത്തിലേക്ക് ഡിഎംകെയുടെ ഒരു മുതിര്‍ന്ന നേതാവിനെ നിരീക്ഷകനായി അയയ്ക്കണമെന്ന് കൂടിക്കാഴ്ചയില്‍ അന്‍വര്‍ ആവശ്യപ്പെട്ടതായാണ് വിവരം. മകന്‍ റിസ്വാനും അന്‍വറിനൊപ്പം ചെന്നൈയിലുണ്ട്.
തമിഴ്‌നാട്ടിലെ മുസ്‌ലിം ലീഗ് നേതാക്കളുമായും അന്‍വര്‍ കൂടിക്കാഴ്ച നടത്തിയതായി റിപ്പോര്‍ട്ടുണ്ട്. ചെന്നൈയിലെ കെടിഡിസി റെയിന്‍ ഡ്രോപ്‌സ് ഹോട്ടലില്‍ വച്ചായിരുന്നു കൂടിക്കാഴ്ച. മുസ്‌ലിം ലീഗിന്റെ തമിഴ്‌നാട് ജനറല്‍ സെക്രട്ടറി കെ.എ.എം.മുഹമ്മദ് അബൂബക്കര്‍, ലീഗിന്റെ മറ്റ് സംസ്ഥാന നേതാക്കള്‍ എന്നിവര്‍ പങ്കെടുത്തതായാണ് വിവരം.