സംവിധായകന്‍ പി ബാലചന്ദ്രകുമാര്‍ അന്തരിച്ചു; യുവനടിയെ തട്ടിക്കൊണ്ടു പോയി ആക്രമിച്ച കേസിലെ സാക്ഷിയുമാണ്
കോട്ടയം: സിനിമാ സംവിധായകന്‍ പി ബാലചന്ദ്രകുമാര്‍ അന്തരിച്ചു. വൃക്ക രോഗത്തെ തുടര്‍ന്ന് ചികിത്സയിലായിരുന്നു. ചെങ്ങന്നൂരിലെ കെ എം ചെറിയാന്‍ ആശുപത്രിയിലായിരുന്നു അന്ത്യം. ബാലചന്ദ്ര കുമാറിന് വൃക്ക രോഗം കൂടാതെ തലച്ചോറില്‍ അണുബാധയും സ്ഥിരീകരിച്ചിരുന്നു. വൃക്കയിലെ കല്ലിന് ചികിത്സ തേടിയപ്പോഴാണ് രണ്ട് വൃക്കകളും തകരാറിലാണെന്ന് കണ്ടെത്തുന്നത്. കഴിഞ്ഞ മാസം അവസാനം മുതല്‍ ബാലചന്ദ്രകുമാറിന്റെ സ്ഥിതി ഗുരുതരമാവുകയായിരുന്നു.
കൊച്ചിയില്‍ യുവനടിയെ തട്ടിക്കൊണ്ടു പോയി ലൈംഗികമായി പീഡിപ്പിച്ചെന്ന കേസിലെ പ്രധാന സാക്ഷികളില്‍ ഒരാളുമായിരുന്നു ബാലചന്ദ്രകുമാര്‍. നടിയെ ആക്രമിച്ച കേസില്‍ നിര്‍ണായകമായത് പി ബാലചന്ദ്രകുമാറിന്റെ വെളിപ്പെടുത്തലുകളാണ്.
നടിയെ ആക്രമിച്ച കേസില്‍ ബലാത്സംഗക്കേസാണ് നടന്‍ ദിലീപിനെതിരെ ആദ്യം ചുമത്തിയിരുന്നത്. പിന്നീട് ബാലചന്ദ്രകുമാറിന്റെ വെളിപ്പെടുത്തല്‍ വന്നതിനുശേഷമാണ് വധഗൂഢാലോചന, തെളിവുനശിപ്പിക്കല്‍ തുടങ്ങിയ കുറ്റങ്ങളും ചുമത്തുന്നത്. നടിയെ ആക്രമിച്ചതിന്റെ ദൃശ്യങ്ങള്‍ ദിലീപ് സ്വന്തം വീട്ടില്‍ വച്ച് കണ്ടു എന്നതടക്കമുള്ള ഗുരുതരമായ ആരോപണങ്ങള്‍ ബാലചന്ദ്രകുമാര്‍ നടത്തിയിരുന്നു. അന്വേഷണ ഉദ്യോഗസ്ഥരെ അപായപ്പെടുത്താനടക്കമുള്ള ഗൂഢാലോചന നടന്നെന്നും അദ്ദേഹം വെളിപ്പെടുത്തി.