പത്തനംതിട്ട: കണ്ണൂര്‍ എഡിഎമ്മായിരുന്ന നവീന്‍ ബാബുവിന്റെ പൊതുദര്‍ശന ചടങ്ങില്‍ വിങ്ങിപ്പൊട്ടി മുന്‍ കലക്ടര്‍ ദിവ്യ എസ് അയ്യര്‍. നവീന്‍ ഒരു പാവത്താനായിരുന്നുവെന്നും മരണം വിശ്വസിക്കാന്‍ കഴിയുന്നില്ലെന്നും ദിവ്യ എസ് അയ്യര്‍ മാധ്യമങ്ങളോട് പറഞ്ഞു.
'ഒറ്റക്കുടുംബമായാണ് ഞങ്ങള്‍ പ്രവര്‍ത്തിച്ചിരുന്നത്. ഞങ്ങളറിഞ്ഞ മനുഷ്യനെ കുറിച്ച് പ്രചരിക്കുന്ന കാര്യങ്ങളൊന്നും വിശ്വസിക്കാന്‍ കഴിയുന്നില്ല. ഒരു പാവത്താനാണ്. ഒരു മനുഷ്യനെ പോലും കുത്തിനോവിക്കാനാവാത്ത ആരോടും മുഖം കറുപ്പിക്കാനാവാത്ത എപ്പോഴും ഒരു ചെറിയ മന്ദസ്മിതത്തോടെ മാത്രമായിരുന്നു നവീനെ കണ്ടിരുന്നത്. കാസര്‍കോട്ടേക്ക് ഡെപ്യൂട്ടി കലക്ടറായി പ്രൊമോഷന്‍ കിട്ടിയപ്പോള്‍ കലക്ടറേറ്റില്‍ വെച്ചാണ് അവസാനമായി നവീനെ കാണുന്നത്. അന്ന് ഞങ്ങള്‍ ഒരുമിച്ച് ഫോട്ടോയൊക്കെ എടുത്തു, പിന്നെ കണ്ടിട്ടില്ല. മെസേജ് അയച്ചിരുന്നു. നവീന്‍ ഇനിയില്ലെന്ന് വിശ്വസിക്കാന്‍ കഴിയുന്നില്ല' -ദിവ്യ പറഞ്ഞു. മന്ത്രി വീണ ജോര്‍ജും നവീന് ബാബുവിന് അന്തിമോപചാരമര്‍പ്പിച്ചു.