ഇന്ധന വിലയ്‌ക്കൊപ്പം ആഭ്യന്തര വിമാന ടിക്കറ്റ് നിരക്ക് കുതിച്ചുയരുന്നു
ഓൺലൈൻ ട്രാവൽ ഏജൻസികളിൽ നിന്നുള്ള കണക്കുകൾ പ്രകാരം, ആഭ്യന്തര മേഖലയിൽ കഴിഞ്ഞ രണ്ടോ നാലോ ആഴ്‌ചയ്ക്കിടെ വിമാന നിരക്ക് 15-30 ശതമാനം വർധിച്ചു.
ന്യൂഡൽഹി: ഈ വേനലവധിക്കാലത്ത് ഇന്ത്യയിലെ വിമാന യാത്രക്കാർ അസാധാരണമായ സാഹചര്യത്തിലൂടെയാണ് കടന്നുപോകുന്നത്. ഇന്ധന വില ഉയരുന്ന പശ്ചാത്തലത്തിൽ ആഭ്യന്തര വിമാനടിക്കറ്റ് നിരക്കുകൾ ഉയരുകയും അന്തരാഷ്ട്ര വിമാനസർവീസ് പുനരാരംഭിക്കുമ്പോൾ വിദേശത്തേക്കുള്ള ടിക്കറ്റുകളുടെ നിരക്ക് കുറയുകയും ചെയ്തേക്കാം.
ഓൺലൈൻ ട്രാവൽ ഏജൻസികളിൽ നിന്നുള്ള കണക്കുകൾ പ്രകാരം, ആഭ്യന്തര മേഖലയിൽ കഴിഞ്ഞ രണ്ടോ നാലോ ആഴ്‌ചയ്ക്കിടെ വിമാന നിരക്ക് 15-30 ശതമാനം വർധിച്ചു.
ഫെബ്രുവരി 25 നും മാർച്ച് മൂന്നിനു ഇടയിൽ ഡൽഹി-മുംബൈ യാത്രയ്ക്കുള്ള വിമാന ടിക്കറ്റ് നിരക്ക് 5,119 രൂപ ആയതായി ഓൺലൈൻ ട്രാവൽ ഏജൻസിയായ ഇക്‌സിഗോ അറിയിച്ചു. ഫെബ്രുവരി ഒന്നിനും ഏഴിനും ഇടയിൽ ഇത് 4,055 രൂപയായിരുന്നു. ഇതിനേക്കാൾ 26 ശതമാനം കൂടുതലാണ് നിലവിലെ നിരക്ക്.
അതുപോലെ, കൊൽക്കത്ത-ഡൽഹി വൺവേ വിമാന ടിക്കറ്റിന്റെ നിരക്ക് 4,725 രൂപയിൽ നിന്ന് 29 ശതമാനം വർധിച്ച് 6,114 രൂപയായി. ഡൽഹി-ബംഗളൂരു നിരക്കും 4,916 രൂപയിൽ നിന്ന് 6,239 രൂപയായി ഉയർന്നു.
"ഇന്ധനവിലയിലെ വർധനവ് കാരണം, എല്ലാ ആഭ്യന്തര റൂട്ടുകളിലും എയർലൈൻ നിരക്കുകളിൽ 20% വർധനവ് ഉണ്ടായിട്ടുണ്ട്. ഡൽഹി, ഗോവ, മുംബൈ, ബംഗളൂരു, ഹൈദരാബാദ്, കൊൽക്കത്ത തുടങ്ങിയ ആഭ്യന്തര റൂട്ടുകളിൽ കഴിഞ്ഞ ഏതാനും ആഴ്‌ചകളായി വിമാന നിരക്കുകളിലും ബുക്കിങിലും വർധനയുണ്ടായതായി ഞങ്ങൾ മനസിലാക്കി." യാത്രാ ഡോട്ട് കോമിന്റെ വക്താവ് പറഞ്ഞു.
റഷ്യയുടെ യുക്രെയ്ൻ അധിനിവേശത്തിനിടയിൽ ക്രൂഡ് ഓയിൽ വില വർധിച്ചത് ജെറ്റ് ഇന്ധനത്തെയും ബാധിച്ചതിനാലാണ് വിമാനക്കമ്പനികളും നിരക്ക് വർധിപ്പിച്ചത്. മാർച്ച് ഒന്ന് മുതൽ ഡൽഹിയിൽ ഏവിയേഷൻ ടർബൈൻ ഇന്ധനത്തിന്റെ വില കിലോലിറ്ററിന് 95,350.66 രൂപയാണ്, 2021 മാർച്ച് ഒന്നിന് ഇത് കിലോലിറ്ററിന് 59,400.91 രൂപയായിരുന്നു. കാരണം, അന്ന് ബ്രെന്റ് ക്രൂഡ് വില ബാരലിന് 68 ഡോളറായിരുന്നു, ഈ മാസം എട്ടിന് ഇത് ബാരലിന് 129.47 ഡോളറായി ഉയർന്നു.