ചൈന വ്യോമ കരാറുകള്‍ ലംഘിക്കുന്നു; ചൈനീസ് വിമാനങ്ങള്‍ക്ക് അനുമതി നിഷേധിക്കാനൊരുങ്ങി യുഎസ്

എയര്‍ ചൈന, ചൈന ഈസ്റ്റേണ്‍ എയര്‍ലൈന്‍സ് കോര്‍പ്പറേഷന്‍, ചൈന സതേണ്‍ എയര്‍ലൈന്‍സ് കോ, ഹൈനാന്‍ എയര്‍ലൈന്‍സ് ഹോള്‍ഡിംങ് എന്നീ കമ്പനികള്‍ക്കാണ് വിലക്കേര്‍പ്പെടുത്തുന്നത്.

Update: 2020-06-04 04:00 GMT

വാഷിങ്ടണ്‍: ഇരു രാജ്യങ്ങളും തമ്മിലുണ്ടാക്കിയ വ്യോമ കരാറുകള്‍ ലംഘിക്കുകയാണെന്ന് ആരോപിച്ച് ചൈനീസ് വിമാനങ്ങള്‍ക്ക് അനുമതി നിഷേധിക്കാനൊരുങ്ങി അമേരിക്ക. ഇതോടെ ഇരു രാജ്യങ്ങളും തമ്മിലുള്ള സംഘര്‍ഷം കൂടുതല്‍ സങ്കീര്‍ണമായി മാറുകയാണ്. ചൈനയുടെ നാല് വിമാന കമ്പനികള്‍ക്ക് അമേരിക്കന്‍ ഗതാഗത വകുപ്പ് അനുമതി നിഷേധിച്ചു. പ്രസിഡന്റ് ഡോണാള്‍ഡ് ട്രംപ് ഒപ്പുവെയ്ക്കുന്നതോടെ ഗതാഗതവകുപ്പിന്റെ തീരുമാനം നടപ്പിലാകും.

എയര്‍ ചൈന, ചൈന ഈസ്റ്റേണ്‍ എയര്‍ലൈന്‍സ് കോര്‍പ്പറേഷന്‍, ചൈന സതേണ്‍ എയര്‍ലൈന്‍സ് കോ, ഹൈനാന്‍ എയര്‍ലൈന്‍സ് ഹോള്‍ഡിംങ് എന്നീ കമ്പനികള്‍ക്കാണ് വിലക്ക്. ജൂണ്‍ 16 മുതല്‍ ചൈനീസ് കമ്പനികളുടെ വിമാനങ്ങള്‍ക്ക് അമേരിക്കയിലേക്ക് സര്‍വീസ് നടത്താനൊ അമേരിക്കയില്‍നിന്നും സര്‍വീസ് നടത്താനോ കഴിയില്ല. നേരത്തെ അമേരിക്കന്‍ വിമാനകമ്പനികളായ യുണൈറ്റഡ് എയര്‍ലൈന്‍സിനും ഡെല്‍റ്റ എയര്‍ലൈന്‍സിനും ചൈന അനുമതി നിഷേധിച്ചിരുന്നു. കൊവിഡ് പ്രതിസന്ധിയെ തുടര്‍ന്ന് നിര്‍ത്തിവച്ച വിമാന സര്‍വീസുകള്‍ ഈ ആഴ്ച ആരംഭിക്കാന്‍ അമേരിക്ക തീരുമാനിച്ചിരുന്നു.

ചൈനീസ് വിമാനകമ്പനികള്‍ എത്ര സര്‍വീസുകള്‍ നടത്തുന്നുവോ അത്രയും വിമാനസര്‍വീസുകള്‍ അമേരിക്കയ്ക്കും തിരിച്ച് നടത്താമെന്നാണ് ഇരു രാജ്യങ്ങളും തമ്മിലുള്ള കരാര്‍. ഇക്കാര്യത്തില്‍ ചൈനീസ് അധികൃതരുമായി ചര്‍ച്ച നടത്തുമെന്ന് അമേരിക്കന്‍ ഗതാഗത വകുപ്പ് അറിയിച്ചു. വ്യാപാരതര്‍ക്കം, ലോകാരോഗ്യ സംഘടനയുമായി ബന്ധപ്പെട്ടുള്ള തര്‍ക്കങ്ങള്‍, ഹോങ്കോങ് വിഷയത്തിലെ എതിര്‍പ്പ് എന്നിങ്ങനെ വിവിധ കാര്യങ്ങളില്‍ അമേരിക്കയും ചൈനയും തമ്മിലുള്ള തര്‍ക്കം തുടരുന്നതിനിടയാണ് വ്യോമ സര്‍വീസുകള്‍ക്കും വിലക്ക് ഏര്‍പ്പെടുത്തപ്പെടുന്നത്.

വിദേശ ആഭ്യന്തര സര്‍വീസുകള്‍ നടത്തുന്ന കമ്പനികള്‍ക്ക് ഒരു രാജ്യത്തേക്ക് ആഴ്ചയില്‍ ഒരു സര്‍വീസ് നടത്താമെന്നാണ് ചൈന ഇറക്കിയ ഉത്തരവില്‍ വ്യക്തമാക്കിയത്. എന്നാല്‍ മാര്‍ച്ച് 12ാം തിയതി നടത്തുന്ന സര്‍വീസുകള്‍ മാത്രമെ തുടര്‍ന്നും നടത്താവൂവെന്നും നിര്‍ദ്ദേശിച്ചിരുന്നു. അന്ന് അമേരിക്കന്‍ കമ്പനികള്‍ സര്‍വീസുകള്‍ നടത്തുന്നുണ്ടായിരുന്നില്ല. അതുകൊണ്ടാണ് തുടര്‍ന്നും ഈ വിമാനകമ്പനികള്‍ക്ക് അനുമതി നിഷേധിക്കപ്പെട്ടത്. അമേരിക്കയുടെ തീരുമാനത്തെക്കുറിച്ചുളള ചൈനയുടെ പ്രതികരണം പുറത്തുവന്നിട്ടില്ല.അമേരിക്കന്‍ കമ്പനികളെ ഒഴിവാക്കാനാണ് മാര്‍ച്ച് 12 എന്ന തീയതി കൊണ്ടുവന്നതെന്നാണ് അമേരിക്കയുടെ ആരോപണം.

Tags:    

Similar News