ഇപ്പോള്‍ കോണ്‍ഗ്രസിനു കാലിടറരുത്

Update: 2023-12-30 05:34 GMT

    രാമക്ഷേത്ര വിഗ്രഹ പ്രതിഷ്ഠാ ചടങ്ങിലേക്ക് വിവിധ രാഷ്ട്രീയ കക്ഷി നേതാക്കളെ ക്ഷണിച്ച് സംഘപരിവാരം കടത്തിവെട്ടിയപ്പോള്‍ യഥാര്‍ഥത്തില്‍ വെട്ടിലായത് കോണ്‍ഗ്രസ് ആണ്. ചടങ്ങില്‍ സോണിയ ഗാന്ധി പങ്കെടുത്തേക്കുമെന്ന സൂചന തുടക്കം മുതലേ ശക്തമായിരുന്നു. എങ്കിലും കൃത്യമായ ഒരു നിലപാട് സ്വീകരിക്കുന്നതിലും പ്രഖ്യാപിക്കുന്നതിലും കടുത്ത ആശയക്കുഴപ്പം കോണ്‍ഗ്രസിനെ വിടാതെ പിന്തുടരുന്നുണ്ട്. യഥാര്‍ഥത്തില്‍ ഇവിടെ ഒരു ആശയക്കുഴപ്പത്തിന്റെ ആവശ്യമില്ല. വര്‍ഗീയതയും മതനിരപേക്ഷതയും പരസ്പരം ചേരിതിരിഞ്ഞു നില്‍ക്കുമ്പോള്‍ മതനിരപേക്ഷ പക്ഷത്ത് നിലകൊള്ളുകയെന്നതില്‍ സംശയത്തിന്റെയോ ചാഞ്ചാട്ടത്തിന്റെയോ പ്രശ്‌നമേ ഉദിക്കുന്നില്ല. ഇടതുപാര്‍ട്ടികള്‍ക്ക് ഇക്കാര്യത്തില്‍ ഇപ്പോഴെങ്കിലും ശരിയായ നിലപാടെടുക്കാനായത് അതുകൊണ്ടാണല്ലോ?

    പക്ഷേ, ബാബരി പ്രശ്‌നത്തില്‍ കോണ്‍ഗ്രസിന്റെ പൈതൃകം പത്തരമാറ്റ് മതനിരപേക്ഷതയുടേതല്ല, മൃദുഹിന്ദുത്വത്തിന്റേതാണെന്നാണ് ചരിത്രവും വര്‍ത്തമാനവും വ്യക്തമാക്കിത്തരുന്നത്. പ്രസ്തുത വിഷയത്തില്‍ ദൗര്‍ഭാഗ്യവശാല്‍ എക്കാലത്തും കോണ്‍ഗ്രസിന്റെ നിലപാട് ഹിന്ദുത്വശക്തികള്‍ക്ക് അനുകൂലവും മുസ്‌ലിംകള്‍ക്ക് പ്രതികൂലവുമായിരുന്നു. നീതിയുടെ എതിര്‍പക്ഷത്തായിരുന്നു, പ്രശ്‌നം വിവാദമായ കാലംതൊട്ടേ കോണ്‍ഗ്രസ് നിലയുറപ്പിച്ചിരുന്നത്. അന്നു പക്ഷേ, ഹിന്ദുത്വ രാഷ്ട്രീയത്തിന് അധികാര പ്രവേശനം ഉടന്‍ പ്രതീക്ഷിക്കാവുന്ന ഒരു രാഷ്ട്രീയ കാലാവസ്ഥയായിരുന്നില്ല. അതുകൊണ്ട് തങ്ങളുടെ മൃദുഹിന്ദുത്വ നയം കോണ്‍ഗ്രസിന് അധികം പരിക്കേല്‍പ്പിച്ചിരുന്നുമില്ല. എന്നാല്‍, ബാബരി മസ്ജിദ് തകര്‍ക്കപ്പെട്ടതോടെ സ്ഥിതി മാറി. കോണ്‍ഗ്രസിന്റെ ശക്തമായ വോട്ട് ബാങ്ക് അടിത്തറയായിരുന്ന മുസ്‌ലിം ന്യൂനപക്ഷം ആ പാര്‍ട്ടിയെ കൈയൊഴിഞ്ഞു. അയോധ്യ പ്രശ്‌നം ആയുധമാക്കി അധികാരത്തിലേറിയ ബിജെപിയുടെ തീവ്രഹിന്ദുത്വത്തോട് ഏറ്റുമുട്ടി ജയിക്കാന്‍ തങ്ങളുടെ മൃദുഹിന്ദുത്വനാവില്ലെന്നു തിരിച്ചറിയുന്നതില്‍ കോണ്‍ഗ്രസ് നേതൃത്വം പരാജയപ്പെട്ടു. കടല്‍ക്കിഴവന്മാരുടെ കാല്‍ക്കീഴില്‍ കാലം കഴിച്ചിരുന്ന കോണ്‍ഗ്രസ് തങ്ങളുടെ കാല്‍ച്ചുവട്ടിലെ മണ്ണൊലിച്ചു പോവുന്നത് കണ്ടിട്ടും കണ്ടില്ലെന്നു നടിച്ചു.

    1949 ഡിസംബര്‍ 22ന്റെ അര്‍ധരാത്രിയില്‍ ബാബരി മസ്ജിദില്‍ അതിക്രമിച്ചു കയറി ഒരു സംഘം ഹിന്ദുത്വര്‍ മിഹ്‌റാബില്‍ രാം ലല്ല വിഗ്രഹം സ്ഥാപിച്ചതോടെയാണ് മുസ്‌ലിംകള്‍ക്ക് പള്ളിയില്‍ പ്രവേശനം വിലക്കിയത്. അന്ന് കോണ്‍ഗ്രസുകാരനായ ഗോവിന്ദ് ബല്ലഭ് പാന്ത് ആയിരുന്നു ഉത്തര്‍പ്രദേശ് മുഖ്യമന്ത്രി. പിന്നീട് 1986 ഫെബ്രുവരി ഒന്നിന് ഹിന്ദുക്കള്‍ക്ക് ഏകപക്ഷീയമായി പൂട്ടു തുറന്നു കൊടുത്തത് രാജീവ് ഗാന്ധി പ്രധാനമന്ത്രി ആയിരുന്നപ്പോഴാണ്. രാജീവ് ഗാന്ധിയുടെ കാലത്തു തന്നെയാണ് പള്ളിയുടെ സ്ഥലത്ത് ക്ഷേത്രത്തിന് ശിലാന്യാസം നടത്തിയത്. രാജീവ് തന്റെ തിരഞ്ഞെടുപ്പ് പ്രചാരണം ആരംഭിച്ചതു തന്നെ അയോധ്യയില്‍ നിന്നാണ്. തര്‍ക്കസ്ഥലത്തല്ല ശിലാന്യാസമെന്ന് കോണ്‍ഗ്രസ് കള്ളം പറഞ്ഞു. കേരളത്തില്‍ ഘടക കക്ഷിയായിരുന്ന മുസ്‌ലിം ലീഗും ആ കള്ളം ഏറ്റുപറഞ്ഞ് കോണ്‍ഗ്രസിന്റെ ചതിയില്‍ പങ്കാളിയായി. 1992 ഡിസംബര്‍ 6ന് ഹിന്ദുത്വ ഭീകരര്‍ പള്ളി തകര്‍ത്തത് കോണ്‍ഗ്രസ് പ്രധാനമന്ത്രിയായിരുന്ന നരസിംഹ റാവുവിന്റെ ഒത്താശയോടെയായിരുന്നു. ഇതെല്ലാം തെളിയിക്കുന്നത് ബാബരി പ്രശ്‌നത്തില്‍ മതനിരപേക്ഷമായ നിലപാട് കൈക്കൊള്ളുന്നതില്‍ കോണ്‍ഗ്രസ് ദയനീയമായി പരാജയപ്പെട്ടു എന്നാണ്. അതിന്റെ തുടര്‍ച്ചയാണ് ഇപ്പോഴുള്ള കോണ്‍ഗ്രസിന്റെ അനിശ്ചിതത്വവും ആശയക്കുഴപ്പവും നിലപാടില്ലായ്മയുമെല്ലാം.

    യഥാര്‍ഥത്തില്‍ ബാബരി മസ്ജിദ് വിഷയം ഒരു ഹിന്ദു-മുസ്‌ലിം പ്രശ്‌നമായിരുന്നില്ല. 464 വര്‍ഷം ഒരു ആരാധനാലയം നിലനിന്നിരുന്ന സ്ഥലത്തിന്റെ ഉടമസ്ഥാവകാശത്തെ ചൊല്ലിയുള്ള തര്‍ക്കമായിരുന്നു അത്. പ്രസ്തുത കേസില്‍ തെളിവുകള്‍ക്കും നിയമത്തിനും പകരം കെട്ടുകഥകളെയും വിശ്വാസത്തെയും അടിസ്ഥാനമാക്കി വിധിതീര്‍പ്പ് കല്‍പ്പിച്ച സുപ്രിംകോടതി സ്വന്തം വിശ്വാസ്യത കളഞ്ഞുകുളിച്ചു. അന്യായവും ഏകപക്ഷീയവും വിചിത്രവുമായ വിധിയുടെ ബലത്തിലാണ് പള്ളി പൊളിച്ച സ്ഥലത്ത് 3000 കോടി രൂപ മുടക്കി രാമക്ഷേത്രം നിര്‍മിച്ചിരിക്കുന്നത്. അപഹരിച്ചെടുത്ത വസ്തുവില്‍ അന്യായമായി നിര്‍മിച്ച ക്ഷേത്രം ഹൈന്ദവ വിശ്വാസത്തെയോ ആത്മീയതയെയോ അല്ല, ഹിന്ദുത്വ വര്‍ഗീയ രാഷ്ട്രീയത്തിന്റെ ഹിംസാത്മകതയെയാണ് പ്രതിനിധാനം ചെയ്യുന്നതെന്ന് മുമ്പെന്നത്തേക്കാളുമധികം കോണ്‍ഗ്രസ് തിരിച്ചറിയേണ്ട രാഷ്ട്രീയ സന്ദര്‍ഭമാണിത്.

    ബിജെപി തങ്ങളുടെ മൂന്നാമൂഴത്തിനുവേണ്ടി കച്ചമുറുക്കുമ്പോള്‍ അവരുടെ അധികാരാരോഹണത്തിന് ആലംബമായ രാമക്ഷേത്രം വീണ്ടും ആയുധമാക്കുന്നത് സ്വാഭാവികമാണ്. വര്‍ഗീയതയിലൂന്നിയ അജണ്ടകളല്ലാതെ മറ്റൊന്നും ബിജെപിക്ക് കൈമുതലായില്ല. ക്ഷേത്രവും പ്രതിഷ്ഠയുമൊന്നുമല്ല, അധികാരവും ആധിപത്യവുമാണ് സംഘപരിവാരത്തിന്റെ ആത്യന്തിക ലക്ഷ്യം. മനുസ്മൃതിയെ ഭരണഘടനയാക്കി സവര്‍ണാധിപത്യത്തെ തിരിച്ചു കൊണ്ടുവരാനാണ് അവരുടെ ശ്രമം. അതിനവര്‍ക്ക് ആദ്യം തകര്‍ക്കേണ്ടത് രാഷ്ട്രത്തിന്റെ അടിസ്ഥാന മൂല്യങ്ങളായ മതനിരപേക്ഷതയെയും ജനാധിപത്യത്തെയുമാണ്. അവ രണ്ടും കുഴിച്ചുമൂടുന്നതില്‍ മുന്നേറിക്കൊണ്ടിരിക്കുകയാണ് ബിജെപിയും തലതൊട്ടപ്പനായ ആര്‍എസ്എസ്സും. അതിനെ ചെറുക്കാനുള്ള അവസാന പിടിവള്ളിയായി പ്രതിപക്ഷ കക്ഷികള്‍ പ്രതീക്ഷയര്‍പ്പിച്ചിരിക്കുന്നത് കോണ്‍ഗ്രസ് നേതൃത്വം നല്‍കുന്ന 'ഇന്‍ഡ്യ' മുന്നണിയിലാണ്.തീവ്രഹിന്ദുത്വത്തിന്റെ ചെപ്പടിവിദ്യകള്‍ക്കു മുന്നില്‍ പതറിപ്പോവുന്ന കോണ്‍ഗ്രസിന് ഇന്‍ഡ്യയെ അതിന്റെ സര്‍വനാശത്തില്‍നിന്നു രക്ഷിക്കാനുള്ള ചരിത്രദൗത്യമേറ്റെടുക്കാന്‍ കഴിയുമോ? അതിനു ശേഷിയുണ്ടെന്ന് തെളിയിക്കേണ്ടത് കോണ്‍ഗ്രസാണ്. അതിന് യോജിച്ച സന്ദര്‍ഭവും ഇതുതന്നെയാണ്. ഇവിടെ കോണ്‍ഗ്രസിന് കാലിടറിയാല്‍ ഇനിയൊരിക്കലും കരകയറാനാവില്ലെന്ന് ആരാണവര്‍ക്കു പറഞ്ഞു കൊടുക്കുക.

Tags:    

Similar News